അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും
Thursday, June 30, 2022 4:43 PM IST
ആർത്രോൺ എന്നാൽ സന്ധി, ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധിവാത രോഗങ്ങൾക്ക് ആർത്രൈറ്റിസ് എന്ന് പേര് വന്നത്. ശരീരത്തിലുള്ള അസ്ഥി സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാകുന്നതാണ് സന്ധിവാത രോഗങ്ങളിലെ പ്രധാന പ്രശ്നം. നീർക്കെട്ടും വേദനയും ഉണ്ടാകുന്നതിന്റെ ഭാഗമായി സന്ധികൾ ചലിപ്പിക്കാൻ പ്രയാസം ഉണ്ടാകുന്നതാണ് അടുത്ത അസ്വസ്ഥത.
ചിലരിൽ, ഒരുപാടു സന്ധികളിൽ
ഒരുപാടു കാരണങ്ങളുടേയും അസ്വസ്ഥതകളുടേയും ആകെത്തുകയാണ് ഈ രോഗം. അസ്ഥിസന്ധികളിലെ പ്രവർത്തനങ്ങളെ ഈ രോഗം തകിടം മറിക്കുന്നതാണ്. ചിലരിൽ
ഇത് ചിലപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിൽ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ പലരിലും ഇത് ഒരുപാടു സന്ധികളിൽ ബാധിക്കാറുമുണ്ട്. സന്ധിവാത രോഗങ്ങൾ
നൂറിലധികം തരത്തിൽ ഉണ്ട് എന്നാണ് പുതിയ അറിവുകൾ പറയുന്നത്.
അസ്ഥികളിൽ തേയ്മാനം
അസ്ഥികളുടെ അഗ്രഭാഗം ആവരണം ചെയ്തിരിക്കുന്ന ഉറപ്പുള്ളതും വഴുവഴുപ്പുള്ളതും ആയ ഘടനയാണ് തരുണാസ്ഥികൾ. സന്ധിവാത രോഗികളിൽ ഈ തരുണാസ്ഥികൾക്ക് നാശം സംഭവിക്കാറുണ്ട്. തരുണാസ്ഥികളിൽ ഉണ്ടാകുന്ന നാശം അസ്ഥികളിൽ തേയ്മാനം ഉണ്ടാകുന്നതിന് കാരണമായി മാറുന്നതാണ്.
'ഓസ്റ്റിയോ ആർത്രൈറ്റിസ്'
ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതൽ ആയി കാണുന്ന സന്ധിവാതം ‘ഓസ്റ്റിയോ ആർത്രൈറ്റിസ്' ആണ്. ഈ രോഗം അസ്ഥിസന്ധികളിൽ ചെറിയ വേദനയിൽ ആരംഭിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യാറുള്ളത്. മറ്റ് സന്ധിവാത രോഗങ്ങൾ പലതും ഇതോടൊപ്പം ചേർന്ന് ചിലരിൽ സങ്കീർണമായ അവസ്ഥയിൽ എത്താറുണ്ട്.
വാർധക്യത്തിലേക്കു കടക്കുന്നവരിൽ
വാർധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിലെ കോശങ്ങൾക്ക് ക്ഷീണവും തളർച്ചയും സംഭവിക്കുന്നതു തന്നെയാണ് അടിസ്ഥാനപരമായി സന്ധികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് കാരണമായി മാറുന്നത്.
പൊണ്ണത്തടി ഉള്ളവരിൽ
പൊണ്ണത്തടി ഉള്ളവരിൽ സന്ധികൾ കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതു കൊണ്ട് സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആകുന്നതാണ്. സന്ധികളിൽ ഏൽക്കുന്ന ആഘാതങ്ങളും മറ്റ് രോഗങ്ങളും സന്ധിവാത രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള കാരണങ്ങളാൽ സന്ധികളിൽ നല്ല വേദന ഉണ്ടാകുന്നതാണ്.
പ്രായാധിക്യം
വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി ഈ രോഗത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. പ്രായാധിക്യത്തിൽ ഉണ്ടാകുന്ന സന്ധിവാത രോഗമാണ് 'ഓസ്റ്റിയോ ആർത്രൈറ്റിസ്'.
റൂമാറ്റോയ്ഡ് ആർത്രൈറ്റിസ്
പ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകുന്ന സന്ധിവാതം റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393