വൻകുതിപ്പിൽ വാഹനവിപണി
Friday, September 22, 2023 1:14 PM IST
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തു വരുന്പോൾ ഇന്ത്യയിലെ വാഹന വിപണിയിൽ രാജ്യത്ത് വൻ കുതിപ്പാണ് പ്രകടമാകുന്നത്. കാറുകളുടെയും എസ്യുവികളുടെയും വിൽപനയിൽ സർവകാല റിക്കാർഡാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്.
മുൻ കാലങ്ങളിലെന്ന പോലെതന്നെ മാരുതി സുസുക്കിയാണ് വിൽപനയിൽ മുൻപന്തിയിൽ. മാരുതി 1,56,114 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2022 ഓഗസ്റ്റിൽ ഇത് വെറും 1,34,166 ആയിരുന്നു. 16 ശതമാനം വർധനയാണ് മാരുതി നേടിയത്.
കയറ്റുമതിയിലും മാരുതിക്ക് നേട്ടമുണ്ടാക്കാനായി 2022 ഓഗസ്റ്റിൽ 21, 481 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ഇത്തവണ അത് 24, 614 യൂണിറ്റാക്കി ഉയർത്താൽ അവർക്കു കഴിഞ്ഞു.
ഇക്കൊല്ലം വിൽപനയിൽ മുൻകൊല്ലത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട നേട്ടമുണ്ടാക്കിയത് ടൊയോട്ടയാണ്. മുൻകൊല്ലം 14,939 യൂണിറ്റുകൾ വിറ്റപ്പോൾ ഇക്കൊല്ലം അത് 20,970 യൂണിറ്റുകളായി ഉയർത്താനായി.
40 ശതമാനം വർധനയാണ് വിൽപ്പനയിൽ അവർ നേടിയത്. പുതിയ മോഡലുകളായ ഇന്നോവ ഹൈക്രോസും അർബൻ ക്രൂയിസർ ഹൈറൈഡറുമാണ് ടൊയോട്ടയുടെ കുതിപ്പിനു തുണയായത്.
ഹൈബ്രിഡ് മോഡലായ ഇന്നോവ ഹൈക്രോസിന് വൻ ഡിമാൻഡാണ്. ബുക്കു ചെയ്ത് ഒരു വർഷത്തെ കാത്തിരിപ്പുണ്ടെങ്കിലേ വാഹനം ലഭിക്കു. മഹീന്ദ്ര, ഹ്യുണ്ടായ്, ഹോണ്ട, എംജി മോട്ടോഴ്സ് തുടങ്ങി പ്രമുഖ കന്പനികൾക്കെല്ലാം വിപണിയിൽ വൻ നേട്ടംതന്നെ.
ഹോണ്ടയുടെ എലിവേറ്റ് എന്ന പുതുമോഡൽ എസ്യുവി അടുത്തിടെ വിപണിയിലെത്തിയതോടെ അവരുടെ വിൽപനയിലും വലിയ ഉണർവാണിപ്പോൾ പ്രകടമാകുന്നത്.
25 മുതൽ 40 ലക്ഷം രൂപ വരെ ഓൺറോഡ് വില വരുന്ന എസ്യുവികൾക്കും മുൻ കാലങ്ങളേക്കാൾഏറെ ഡിമാൻഡാണിപ്പോൾ. ഇന്നോവ ഹൈക്രോസിന്റെ ബേസിക് മോഡലിനുതന്നെ ഇരുപത്തി നാലു ലക്ഷത്തോളം വിലയുണ്ട്.
ഇതിന്റെ കൂടിയ മോഡലിനു 40 ലക്ഷത്തിനടുത്തും. പക്ഷേ ബുക്കു ചെയ്താൽ വാഹനം കൈയിൽ കിട്ടാൻ ഒരു വർഷത്തോളം കാത്തിരിക്കണം.
മഹീന്ദ്ര എക്സ്യുവി 700 നും വിപണിയിൽ വൻ ഡിമാന്ഡാണ്. ടോയോട്ട ഹൈക്രോസിന്റെ ഫീച്ചറുകളോടു കൂടി മാരുതി വിപണിയിലിറക്കിയ ഇൻവിക്ടയ്ക്കും സാമാന്യം നല്ല വിൽപ്നയുണ്ട്. ഹ്യുണ്ടായ് മോട്ടേഴ്സിനും ഓഗസ്റ്റിൽ വൻ നേട്ടമാണ്.
വിൽപനയിൽ ഏറ്റവും കൂടുതലുള്ളത് ക്രെറ്റതന്നെയാണ്. ഓഗസ്റ്റിൽ 13,832 ക്രെറ്റ വിറ്റുപോയപ്പോൾ 10,948 യൂണിറ്റ് വെന്യു വിറ്റുപോയി. പുതിയ മോഡലായ എക്സ്റ്ററും 7,430 യൂണിറ്റുകൾ വിറ്റു.
ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ കേരളതത്തിലെ വിപണിയിലും വൻ കുതിപ്പാണുണ്ടായത്. സംസ്ഥാനത്തും ഓഗസ്റ്റ് മാസത്തിലെ വാഹന വിൽപനയിൽ റിക്കാർഡ് കുതിപ്പ് രേഖപ്പെടുത്തി.
പരിവാഹൻ പോർട്ടലിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വാഹന വിൽപനയിൽ ജൂലൈ മാസത്തെക്കാൾ 30 ശതമാനത്തിലധികം വർധനയാണ് ഓഗസ്റ്റിൽ ഉണ്ടായിട്ടുള്ളത്. ഓണക്കാല ഓഫറുകളും ബോണസുകളും ആകർഷകമായ ഡിസ്കൗണ്ടുകളും വാഹന വിൽപന വർധിക്കുന്നതിന് ആക്കം കൂട്ടി.
സംസ്ഥാനത്ത് ഓഗസ്റ്റിൽ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈയിൽ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വിൽപന 35,223ൽനിന്നു 49,487 എണ്ണത്തിലെത്തി. കഴിഞ്ഞ മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.
അതേസമയം, പുതിയ കാർ രജിസ്ട്രേഷൻ ജൂലൈയിലെ 15,195ൽനിന്ന് 17,491 ആയാണ് ഉയർന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന വിൽപനയിലും പുത്തൻ ഉണർവാണ് ഇത്തവണ ദൃശ്യമായത്.
ഓഗസ്റ്റിന് മുൻപുള്ള രണ്ട് മാസങ്ങളിലും ഇലക്ട്രിക് വാഹന വിൽപ്പന താരതമ്യേന ഇടിവിലായിരുന്നു. എന്നാൽ, ഓഗസ്റ്റ് മാസത്തോടെ വിപണി വിഹിതം തിരിച്ചുപിടിക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ജൂലൈയിൽ മൊത്തം 5,254 ഇലക്ട്രിക് വാഹനങ്ങൾ വിറ്റപ്പോൾ ഓഗസ്റ്റിൽ ഇത് 5,956 ആയാണ് ഉയർന്നിരിക്കുന്നത്.
എസ്. റൊമേഷ്