വൻ കുതിപ്പുമായി ഇ-വാഹനവിപണി
Saturday, September 9, 2023 12:58 PM IST
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. 2015 മുതൽ 2022 വരെ വിപണിയിലിറങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ ഏണ്ണത്തിലേറെ വാഹനങ്ങളാണ് ഇക്കൊല്ലം എട്ടു മാസം കൊണ്ട് കേരള വിപണിയിൽ എത്തിയത്.
അതായത് ഏഴു വർഷം കൊണ്ടു വിറ്റ വാഹനങ്ങളേക്കളേറെ വിൽപ്പന വെറും എട്ടു മാസംകൊണ്ട് നേടാനായി. കേരളത്തിൽ ഇലക്ട്രിക് വാഹന വിപണിയുടെ വൻതോതിലുള്ള വളർച്ച വിളിച്ചോതുന്നതാണീ കണക്കുകൾ.
ഇനിയുള്ള നാളുകളിൽ വിൽപ്പനയിൽ മറ്റുവാഹനങ്ങളെ പിന്തള്ളി ഇലക്ട്രിക് വാഹനങ്ങൾ മുൻപന്തിയിലെത്താൻ ഏറെയൊന്നും കാത്തിരിക്കേണ്ടി വരില്ല. ഇ- ഓട്ടോറിക്ഷകളും അടുത്തു തന്നെ വൻ തോതിൽ നിരത്തിലെത്തുമെന്നതാണ് സൂചനകൾ.
ഒറ്റത്തവണ ചാർജു ചെയ്യുന്പോൾ 100 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന ഓട്ടോറിക്ഷകൾ വിപണിയിലെത്തിയതോടെ ഇ- ഓട്ടോ വിൽപ്പനയിലും വൻ കുതിപ്പുണ്ടായേക്കും.
മലിനീകരണം കുറവാണെന്നു മാത്രമല്ല ഇന്ധനത്തുകയിൽ വലിയൊരു സാന്പത്തികലാഭവും ഉപയോക്താവിനു ലഭിക്കുമെന്നതാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
നിലവിൽ 1,07,183 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. 2023 ൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 10 ശതമാനത്തിലധികം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 2015ൽ വെറും 27 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലുണ്ടായിരുന്നത്.
ഇക്കൊല്ലം സെപ്റ്റംബർ രണ്ടുവരെ മാത്രം 51,051 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 5,08,708 വാഹനങ്ങളാണ് എട്ടുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് ആകെയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണ്. 85,000 ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുച്ചക്രവാഹനങ്ങൾ 6,700, കാർ 13,002. തിരുവനന്തപുരത്ത് 113 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നുണ്ട്.
ശതമാനക്കണക്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന ഡൽഹിയിൽ ഈവർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 46,642 ഇ-വാഹനങ്ങൾ.
ഇത് മൊത്തം വാഹനത്തിന്റെ 11.11 ശതമാനമാണ്. ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്നതിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം.
ഡൽഹിയിൽ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ മറ്റു വഴികളില്ലാതെയാണ് പൊതുജനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നതെങ്കിൽ കേരളത്തിൽ ജനങ്ങൾ അതിന്റെ സാന്പത്തിക മെച്ചവും മറ്റും മനസിലാക്കിയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്.
സ്കൂട്ടറുകളാണ് ഇലക്ട്രിക് വാഹന വിപണിയിൽ ഏറ്റവുമധികം വിറ്റഴിയുന്നത്. ഓല കന്പനിയുടെ സ്കൂട്ടറുകളാണ് വിൽപ്പനയിൽഏറ്റവും മുന്നിലുള്ളത്.
തൊട്ടു പിന്നിലായി ഇപ്പോൾ ടിവിഎസുമുണ്ട്. ഇന്ത്യ മുഴുവനായുള്ള കണക്കെടുത്താൽ ഒല ശരാശരി 28,000 ഓളം സ്കൂട്ടറുകൾ പ്രതിമാസം വിറ്റഴിക്കുന്നുണ്ട്. ടിവിഎസ് ആകട്ടെ 20,000ത്തിനു മേലും.
ഏഥർ 15,000ത്തിനു മേലും പ്രതിമാസം വിൽപ്പനയുണ്ട്. ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ ടാറ്റാ തന്നെയാണ് രാജാവ്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള വാഹനങ്ങൾ വിറ്റഴിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ടാറ്റായുടെ വിൽപ്പയുടെ പ്ലസ് പോയിന്റ്.
ഇന്ത്യയിൽ ടാറ്റാ 5000 ത്തോളം ഇലക്ട്രിക് കാറുകൾ പ്രതിമാസം വിറ്റഴിക്കുന്പോൾ തൊട്ടടുത്ത എതിരാളി ജിഎം മോട്ടോഴ്സ് 1500 ൽ താഴെ കാറുകൾ മാത്രമേ വിൽക്കുന്നുള്ളൂ. പെട്രോളിന് അടിക്കടിയുള്ള വിലക്കയറ്റവും മറ്റും മൂലം ബുദ്ധിമുട്ടുന്നവർക്ക് ഒരാശ്വാസമാണ് ഇലക്ട്രിക് വാഹനങ്ങൾ.
സാങ്കേതിക വിദ്യ മെച്ചപ്പെടുകയും ലിഥിയം അയേൺ ബാറ്ററികൾ വ്യാപകമാവുകയും ചെയ്തതോടെയാണ് ഇലക്ട്രിക്ക് വാഹന വിപണിയിൽ ഒരു വിപ്ലവം തന്നെയുണ്ടാകുന്നത്.
ഇപ്പോൾ ഒറ്റത്തവണ ചാർജ് ചെയ്താൽ നൂറു മുതൽ നാനൂ റു കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന ഇ- വാഹങ്ങൾ വിപണിയിലുണ്ട്. തന്നെയുമല്ല ചാർജ് തീർന്നാൽ റീ ചാർജ് ചെയ്യാൻ കേരളത്തിലെ മിക്ക നഗരങ്ങളിലും ഇ-ചാർജിംഗ് സംവിധാനവുമുണ്ട്.
ആദ്യ കാലങ്ങളിൽ ഒറ്റ ചാർജിംഗിൽ ലഭിച്ചിരുന്ന മൈലേജ് വളരെ കുറവായിരുന്നു. തന്നെയുമല്ല ചാർജിംഗ് പോയിന്റുകളും വളരെ കുറവായിരുന്നു. ഇപ്പോൾ ഇതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു.
മൊബൈൽ ഫോണിൽ സെർച്ച് ചെയ്താൽ നമുക്ക് അടുത്തുള്ള ഇ-ചാർജിംഗ് പോയിന്റുകൾ കണ്ടെത്താനാവും. ഇവയിലൂടെ അധികസമയമെടുക്കാതെ പെട്ടെന്നു തന്നെ വാഹനം ചാർജ് ചെയ്യാനാവും.
അതു തന്നെയുമല്ല ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ വാഹനൾക്കു ചെലവാകുന്നതിന്റെ അഞ്ചിലൊന്നു ചാർജേ ആവുകയുള്ളു.
സ്വന്തമായി സോളാർ പാനലുകൾ വീട്ടിൽ സ്ഥാപിച്ചിട്ടുള്ളവർക്കാണെങ്കിൽ ഇതിന്റെ ചാർജിംഗിന് ചിലപ്പോൾ പണം ചെലവാക്കേ ണ്ടിയും വരില്ല. പെട്രോൾ അടിക്കുന്ന കാശിന് സിസി അടച്ചു തീർക്കാൻ സാധിക്കുമത്രേ.
ഏതായാലും ഇനിയുള്ള നാളുകൾ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിപ്പുണ്ടാകുമെന്നത് തീർച്ചയാണ്.
എസ്. റൊമേഷ്