വരുമോ 40 കിലോമീറ്റർ മൈലേജുള്ള സ്വിഫ്റ്റ്
Sunday, July 16, 2023 3:29 PM IST
വാഹനം ഏതുമാകട്ടെ, മലയാളികൾക്ക് ഒറ്റ ചോദ്യമെ ഉള്ളു മൈലേജ് എത്ര കിട്ടും?. ഈ ചോദ്യത്തിന് വലിയൊരു ഉത്തരം മാരുതി സുസുക്കിയിൽനിന്ന് ഉടൻ ഉണ്ടാകും. അതും വിപണിയിൽ തരംഗം സൃഷ്ടച്ച കാറായ സ്വിഫ്റ്റിലൂടെ.
വിവരങ്ങൾ അനുസരിച്ച് 40 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള കാറായി മാറാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ്. ഹൈബ്രിഡ് എൻജിനിലൂടെയാണ് മാരുതി ഇത് സാധ്യമാക്കുന്നത്.
1.2 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനിലായിരിക്കും ഇലക്ട്രിക് മോട്ടർ ഘടിപ്പിക്കുക. ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം തന്നെ ഹൈബ്രിഡ് കാറുകൾക്കും വിപണിയിൽ പ്രിയം വർധിക്കുന്നുണ്ടെന്നാണ് മാരുതി കണക്കുകൂട്ടുന്നത്.
2024ൽ മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിലയിൽനിന്ന് ഏകദേശം 1.5 ലക്ഷം രൂപ വരെ അധികമായി സ്വിഫ്റ്റ് ഹൈബ്രിഡിന് നൽകേണ്ടി വരുമെന്നാണ് സൂചന.
സ്വിഫ്റ്റിന് ശേഷം ഡിസയർ, ബലേനൊ തുടങ്ങിയ കാറുകളിലും ഈ ഹൈബ്രിഡ് എൻജിൻ ലഭിക്കും. ലീറ്ററിന് 27.97 കിലോമീറ്ററുമായി എത്തിയ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് സവിശേഷതയോട് കൂടിയതാണ്.