ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കു സ്കോഡയും
Friday, May 12, 2023 3:16 PM IST
മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്കു ചുവടുവച്ച് ചെക്ക് കാർ നിർമാതാക്കളായ സ്കോഡയും. ഈ സാന്പത്തിക വർഷത്തിൽത്തന്നെ ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായ എൻയാഖ് ഐവി പുറത്തിറക്കുമെന്ന് കന്പനി അറിയിച്ചു.
ഈ വാഹനത്തിനു ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റു വാഹനങ്ങൾ അവതരിപ്പിക്കാനാണു കന്പനിയുടെ പദ്ധതി. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഇലക്ട്രിക് എസ്യുവിയാണ് എൻയാഖ് ഐവി.
സ്കോഡയുടെതന്നെ കോഡിയാഖിനേക്കാൾ വലുതാണ് അഞ്ചുപേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ കാർ. 6.9 സെക്കൻഡിൽ പൂജ്യത്തിൽനിന്നു നൂറു കിലോമീറ്റർ വേഗം കൈവരിക്കാം. 513 കിലോമീറ്ററാണ് ഒറ്റച്ചാർജിൽ കന്പനി വാഗ്ദാനം ചെയ്യുന്ന യാത്രാറേഞ്ച്.