ഇന്നോവ ഹൈക്രോസ് ഈ മാസം 25ന് എത്തും
Wednesday, November 2, 2022 11:23 AM IST
വാഹനപ്രേമികള് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ 25ന് ഇന്ത്യന് വാഹനവിപണിയില് എത്തും. എംപിവി സെഗ്മെന്റില് രാജക്കന്മാരായ ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡല്ക്കുടി എത്തുന്നതോടെ വാഹന രംഗത്ത് ടൊയോട്ട കരുത്ത് വര്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയില് അവതരിപ്പിക്കും മുമ്പ് ഈ മാസം 21ന് വാഹനം ഇന്തോനേഷ്യയില് അവതരിപ്പിക്കും. ഇന്നോവ സെനിക്സ് എന്നായിരിക്കും അവിടെ ഈ വാഹനത്തിന്റെ പേര്.
കൊറോള ക്രോസ് എസ്യുവിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് വലുതും നേരായതുമായ ഷഡ്ഭുജ ഗ്രില്ലുള്ള മുന്ഭാഗമാണ് ഇന്നോവ ഹൈക്രോസിനുള്ളത്. നിലവിലെ ഇന്നോവയെപ്പോലെ പലതരത്തിലുള്ള സീറ്റിംഗ് ഓപ്ഷനുകളും സ്ഥല സൗകര്യമുള്ള ഇന്റീരിയറും ആയിരിക്കും ഇതില്.
ഫ്രീ സ്റ്റാന്ഡിംഗ് ടച്ച് സ്ക്രീന്, ഫുള്ളി ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര്, 360 ഡിഗ്രി കാമറ, സണ്റൂഫ്, വയര്ലെസ് ചാര്ജര്, സോഫ്റ്റ് ടച്ച് ഡാഷ് ബോര്ഡ്, ഇലക്ട്രോണിക് പാര്ക്കിംഗ് ബ്രേക്, എല്ഇഡി ഹെഡ്ലാമ്പ് എന്നിവയും ഈ വാഹനത്തലിലുണ്ടാകും.
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ടൊയോട്ട സേഫ്റ്റി സെന്സും ലഭിക്കും, അത് പ്രീകൊളീഷന് സിസ്റ്റം, ഡൈനാമിക് റഡാര് ക്രൂയിസ് കണ്ട്രോള്, ലെയ്ന് ട്രെയ്സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകള് നൽകുന്നു.
രണ്ട് പെട്രോള് എന്ജിന് ഓപ്ഷനുകളായിരിക്കും ഈ വാഹനത്തിന്. 2 ലിറ്റര് എന്എ പെട്രോളും 2 ലിറ്റര് പെട്രോള് ഹൈബ്രിഡ് സിസ്റ്റവും.
അടുത്ത ജനുവരിയില് ദില്ലിയില് നടക്കുന്ന ഓട്ടോ എക്സ്പോയില് പുതിയ ഇന്നോവയുടെ വില വെളിപ്പെടുത്തും.