5.45 ലക്ഷം രൂപയ്ക്ക് റെനോ കിഗര്‍ എത്തി; റെക്കോര്‍ഡ് ബുക്കിംഗ്, കിട്ടാന്‍ എട്ടുമാസം വരെ എടുക്കുമെന്ന് റിപ്പോര്‍ട്ട്
5.45 ലക്ഷം രൂപയ്ക്ക് റെനോ കിഗര്‍ എത്തി; റെക്കോര്‍ഡ് ബുക്കിംഗ്, കിട്ടാന്‍ എട്ടുമാസം വരെ എടുക്കുമെന്ന് റിപ്പോര്‍ട്ട്
ലോഞ്ചു ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ റെനോ കിഗറിന് റെക്കോര്‍ഡ് ബുക്കിംഗ് എന്ന് റിപ്പോര്‍ട്ട്. വേരിയന്റിന്റെ വ്യത്യാസം അനുസരിച്ച് കാര്‍ കിട്ടാന്‍ നാലു മുതല്‍ എട്ടുമാസം വരെ കാലതാമസം എടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

5.45 ലക്ഷം രൂപ (ഷോറൂം വില) എന്ന ആകര്‍ഷകമായ വിലയ്ക്ക് എത്തുന്ന റെനോ കിഗര്‍ സബ്‌കോംപാക്ട് എസ് യുവി കമ്പനിയുടെ നാലു മീറ്ററില്‍ താഴെയുള്ള ആദ്യ എസ് യുവി ആണ്.

കമ്പനിയുടെ സിഎംഎഫ്-എ+ പ്ലാറ്റ്‌ഫോമിലാണ് കിഗര്‍ നിര്‍മിച്ചിരിക്കുന്നത്. ആര്‍എക്‌സ് ഇ, ആര്‍എക്‌സ് എല്‍, ആര്‍എക്‌സ് റ്റി, ആര്‍എക്‌സ് സീ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ കിഗര്‍ ലഭ്യമാകും.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യൂണ്ടായ് വെന്യൂ, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ് യുവി 300, ഫോര്‍ഡ് ഇകോസ്‌പോര്‍ട്ട്, റ്റാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്നൈറ്റ് എന്നീ മോഡലുകളുമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ കിഗര്‍ കൊമ്പുകോര്‍ക്കുക.

മൂന്നു ട്രാന്‍സ്മിഷന്‍ ഓപ്ഷണുകളും രണ്ടു പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളും കാര്‍ നല്‍കുന്നു. റെനോ ട്രൈബറില്‍ നല്‍കിയിരിക്കുന്ന 71 ബിഎച്ച്പി കരുത്തും 96 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എനര്‍ജി പെട്രോള്‍ എന്‍ജിന്‍ ആണ് ഒന്നാമത്തെ എന്‍ജിന്‍ വേരിയന്റ്.

ഈ എന്‍ജിന്‍ ഓപ്ഷനൊപ്പം 5 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നല്‍കിയിരിക്കുന്നു.

1 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 98 ബിഎച്ച്പി കരുത്തും 160 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഈ എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നു.


ബേസ് മോഡലായ ആര്‍എക്‌സ് ഇയില്‍ നാച്ചുറല്‍ എനര്‍ജി പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ആര്‍എക്‌സ് എല്‍ മോഡലില്‍ മാനുവല്‍-ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കിയിരിക്കുന്നു. ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ മോഡലിനു കരുത്തേകുന്നത്.

ഉയര്‍ന്ന മോഡലുകളായ ആര്‍എക്‌സ് റ്റി, ആര്‍എക്‌സ് സീ ട്രിമ്മുകളില്‍ മാനുവല്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനൊപ്പം തന്നെ എനര്‍ജി എന്‍ജിന്‍, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ്, മൂണ്‍ലൈറ്റ് ഗ്രേ, മഹോഗണി ബ്രൗണ്‍, ഐസ് കൂള്‍ വൈറ്റ്, പ്ലാനറ്റ് േ്രഗ എന്നിങ്ങനെ ആറു കളറുകളില്‍ മോഡല്‍ ലഭ്യമാകും. 17,000 രൂപ കൂടെ നല്‍കിയാല്‍ ഡ്യുവല്‍ ടോണ്‍ മോഡല്‍ സ്വന്തമാക്കാം.

ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, 7-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ക്ലൈമറ്റ് കണ്‍സോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, അര്‍ക്‌മെയുടെ 3ഡി സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

പിന്‍നിര സീറ്റ് യാത്രക്കാര്‍ക്കും എസി വെന്റുകളും യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ടും നല്‍കിയിരിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ഫീച്ചുറളുമുണ്ട്. 405 ലിറ്റാണ് ബൂട്ട്‌സ്‌പേസ്.