കിടിലൻ ലുക്കിൽ ടാറ്റ ആൾട്രോസ്
Friday, March 8, 2019 3:24 PM IST
ജെനീവ: ടാറ്റ മോട്ടോഴ്സിൽനിന്ന് വാഹനപ്രേമികൾ കാത്തിരിക്കുന്ന ആൾട്രോസിനെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ 2019ൽ അവതരിപ്പിച്ചു. ആൾട്രോസിന്റെ രണ്ടു വേരിയന്റുകൾ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എമിരിറ്റസ് രത്തൻ ടാറ്റ അനാവരണം ചെയ്തത്. ഈ വർഷം വിപണിയിലെത്തുന്ന പെട്രോൾ/ഡീസൽ വേരിയന്റും ഇലക്ട്രിവ് വേരിയന്റിന്റെ കൺസപ്റ്റ് വാഹനവുമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ഇലക്ട്രിക് മോഡൽ വിപണിയിലെത്തിയേക്കും. വിപണിയിൽ എത്തിയാൽ രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് ഇലക്ട്രിക് വാഹനം എന്ന പേര് ആൾട്രോസ് ഇവിക്ക് സ്വന്തമാകും.
ടാറ്റയുടെ പുതിയ ആൽഫ (അജിൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് ആൾട്രോസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കോംപാക്ട് എസ്യുവി, കൂപ്പെ, ഹാച്ച്ബാക്ക് തുടങ്ങിയ വിഭാഗത്തിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയും. ഒപ്പം ഹൈബ്രിഡ്, ഇലക്ട്രിക് പവർ ട്രെയ്നുകൾ ഉൾക്കൊള്ളാനും കഴിയും.
ഹാരിയറിലേതുപോലെ ഇംപാക്ട് 2.0 ഡിസൈൻ ഉപയോഗിച്ചിരിക്കുന്ന ആൾട്രോസിന് ഡുവൽ ഫംഗ്ഷൻ ഡിആർഎലുകൾ (ഇൻഡിക്കേറ്ററുകളായും ഇത് പ്രവർത്തിക്കും), ക്രോം ഹ്യുമാനിറ്റി ലൈൻ, റൈസിംഗ് വിൻഡോ ലൈൻ തുടങ്ങിയവ കൂടുതൽ ഭംഗി നല്കുന്നുണ്ട്. പിൻ ഡോർ ഹാൻഡിലുകൾ സി പില്ലറിലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ക്രോം ഫിനിഷിലുള്ള സ്റ്റൈലിഷ് ടെയിൽഗേറ്റിൽ എൽഇഡി ടെയിൽ ലാന്പും ഉപയോഗിച്ചിരിക്കുന്നു.
ആൾട്രോസിനും ആൾട്രോസ് ഇവിക്കുമൊപ്പം എച്ച്7എക്സ്, ഹോൺബിൽ എന്നിവയുടെ കൺസപ്റ്റ് മോഡലുകളും ടാറ്റ മോട്ടോഴ്സ് ജെനീവ മോട്ടോർഷോയിൽ അനാവരണം ചെയ്തിട്ടുണ്ട്.