നിരവധി ഫീച്ചറുകളുമായി മഹീന്ദ്ര എക്‌സ്യുവി 300
മഹീന്ദ്രയില്‍നിന്ന് പുറത്തുവരുന്ന സബ് 4 മീറ്റര്‍ എസ്യുവിയാണ് എക്‌സ് യുവി 300. മാരുതി ബ്രസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോട്ട് തുടങ്ങിയ മോഡലുകളുമായി മത്സരിക്കുകയാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നതിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്. പ്രധാന എതിരാളികള്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളില്‍നിന്ന് ഒരു പടി കയറി ചിന്തിച്ചാണ് മഹീന്ദ്ര ഈ ചെറു എസ്യുവി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മിക്ക ഫീച്ചറുകളും ഫസ്റ്റ് ഇന്‍ സെഗ്മെന്റില്‍ പെടുന്നവയുമാണ്.

ഏഴ് എയര്‍ബാഗുകള്‍

ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്ന മിക്ക സബ് 4 മീറ്റര്‍ എസ്യുവികള്‍ ഡുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, എക്‌സ്യുവി 300ല്‍ ഏഴ് എയര്‍ബാഗുകളാണ് കമ്പനി നല്കുക. ഫോര്‍ഡ് എക്കോസ്‌പോട്ടിന്റെ ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളുണ്ട്. അതുപോലെ എക്‌സ്യുവി 300ന്റെയും ടോപ് വേരിയന്റിലാകും ഏഴ് എയര്‍ബാഗുള്ളതെന്ന് കരുതാം. മറ്റു വേരിയന്റുകളില്‍ ഡുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.

ഡുവല്‍ സോണ്‍ ഓാേമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍

ഈ സെഗ്മെന്റില്‍ ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ നല്കുന്ന ആദ്യ വാഹനമായിരിക്കുമിത്. ഈ സെഗ്മെന്റിലുള്ള മറ്റു കമ്പനികളുടെ വാഹനങ്ങളില്‍ സിംഗിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളോ റെഗുലര്‍ ഓാേമാറ്റിക് എയര്‍ കണ്‍ട്രോളോ ആണ് ഉണ്ടാവുക.

സിംഗിള്‍ സോണ്‍ സിസ്റ്റത്തില്‍ വാഹനത്തിനുള്ളില്‍ മുഴുവന്‍ എസിയിലെ ഒരു താപനില മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം, ഡുവല്‍ സോണ്‍ സിസ്റ്റത്തില്‍ ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും രണ്ടു വ്യത്യസ്ത താപനിലയില്‍ എസി സെറ്റ് ചെയ്യാന്‍ കഴിയും.

വലിയ വീല്‍ബേസ്

സബ് 4 മീറ്റര്‍ സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന വീല്‍ബേസ് എക്‌സ്യുവി 300ന് ഉണ്ടെന്ന് വാഹനത്തിന്റെ പേര് പ്രഖ്യാപിച്ച വേളയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി ഡോ. പവന്‍ ഗോയങ്ക പറഞ്ഞിരുന്നു. എന്നാല്‍, എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മഹീന്ദ്രയുടെ സബ്‌സിഡിയറിയായ ദക്ഷിണകൊറിയന്‍ കമ്പനി സാംഗ്യോംഗിന്റെ തിവോലി എന്ന മിനി എസ്യുവിയുടെ വലുപ്പം പ്രതീക്ഷിക്കാം. എക്‌സ്യുവി 300 ഈ വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിലാണ് പിറക്കുന്നത്.


ഏറ്റവും കരുത്തുറ്റ എന്‍ജിന്‍

വാഹനത്തിന് കരുത്തുറ്റ എന്‍ജിനാണ് നല്കുകയെന്നും പവന്‍ ഗോയങ്ക പറഞ്ഞു. എന്നാല്‍, വാഹനം പുറത്തിറക്കുമ്പോള്‍ മാത്രമേ വിശദവിവരങ്ങള്‍ പുറത്തുവിടൂ. എങ്കിലും മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എംപിവി മറാസോയുടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എക്‌സ്യുവി 300ല്‍ പ്രതീക്ഷിക്കാം. ഒപ്പം പുതുതായി വികസിപ്പിച്ച 1.2 ലിറ്റര്‍ ജി80 ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും പ്രതീക്ഷിക്കാം. സ്റ്റാന്‍ഡാര്‍ഡ് ആയി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഉണ്ടാകും. മഹീന്ദ്ര ഇതുവരെ ഓട്ടോമാറ്റിക് വേരിയന്റ് പ്രഖ്യാപിച്ചിട്ടില്ല.

ഡുവല്‍ ടോണ്‍ ഇന്റീരിയര്‍

പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഡുവല്‍ ടോണ്‍ ഇന്റിരിയറാണ് ഈ വാഹനത്തിനുണ്ടാവുക. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്ള വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് കണ്‍ട്രോള്‍, ലെതര്‍ സ്റ്റിയറിംഗ് എന്നിവയും വാഹനത്തിലുണ്ടാകും.

ശ്രദ്ധിക്കപ്പെടുന്ന ആകാരം

ചീറ്റയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് എക്‌സ് യുവി 300 ഡിസൈന്‍ ചെയ്തിരിക്കുന്നത്. വലിയ ബൂമെറാംഗ് ഷേപ്ഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഗ്രില്ലിലും ഹെഡ് ലാമ്പ് ഹൗസിംഗിലും ക്രോം എന്നിവ വാഹനത്തിന്റെ ഭംഗി ഉയര്‍ത്തുന്നുണ്ട്. കണ്ണീര്‍ത്തുള്ളി പോലെ ഹെഡ്‌ലാമ്പുമായി ബന്ധപ്പെടുത്തിയാണ് ഫോഗ് ലാമ്പിന്റെ സ്ഥാനം.

ഫ്‌ളോട്ടിംഗ് റൂഫ് എഫക്ട് നല്കുന്നതിനായി വശങ്ങളിലെ എ, ബി, സി പില്ലറുകള്‍ക്ക് കറുത്ത നിറം നല്കിയിരിക്കുന്നു. ഒപ്പം സണ്‍റൂഫും റൂഫ് റെയിലുകളുമുണ്ട്. പിന്നില്‍ സ്പ്ലിറ്റ് ടെയില്‍ ലാമ്പ് ആണ് പ്രധാന പ്രത്യേകത.

വില
ഏഴു ലക്ഷം രൂപയ്ക്കു മുകളില്‍ വില പ്രതീക്ഷിക്കാം.

ഐബി