18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാനൊരുങ്ങി ആമസോൺ
Saturday, January 7, 2023 10:04 PM IST
വാഷിംഗ്ടൺ: 18,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കൻ ഇ- കൊമേഴ്സ് കന്പനിയായ ആമസോണിന്റെ ഓഹരികൾ ബുധനാഴ്ച നഷ്ടത്തിലേക്കു വീണു. ചൊവ്വാഴ്ച ക്ലോസിംഗ് വിലയായ 85.82 ഡോളറിനേക്കാൾ 85.14 ഡോളറിലാണ് ആമസോണ്‍ ഓഹരികൾ. ഒരു ദിവസം കൊണ്ട് 600 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ജീവനക്കാരെ പിരിച്ചുവിടാനുള്ള സിഇഒ ആൻഡി ജാസിയുടെ പ്രഖ്യാപനമാണ് ആമസോണ്‍ ഓഹരിയിലെ ഇടിവിന് കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി അനിശ്ചിതത്വത്തിലായ സന്പദ് വ്യവസ്ഥയും പെട്ടെന്നുള്ള നിയമനവുമാണ് പിരിച്ചുവിടൽ നീക്കത്തിന് പിന്നിലെന്ന് സിഇഒ ജാസി പറഞ്ഞു. ഓഹരി വിലയുടെ തകർച്ച സ്ഥാപകൻ ബെസോസിന്റെ ആസ്തിയെയും ബാധിച്ചു.
ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക അനുസരിച്ച്, ബുധനാഴ്ച അവസാനിച്ചപ്പോൾ ബെസോസിന്റെ സന്പത്ത് 675 മില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ ആറാമത്തെ ധനികനാണ് ബെസോസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സന്പന്നനായി.
കന്പനി 18 മുതൽ ജീവനക്കാരുമായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട ആശയവിനിമയം ആരംഭിക്കും. ആഗോള ടെക് കന്പനികൾ വാഗ്ദാനം ചെയ്യുന്ന ജോലികളിലെ മാന്ദ്യത്തിന്റെ തുടർച്ചയാണ് ആമസോണിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ്, സ്ട്രൈപ്പ്, ട്വിറ്റർ എന്നിവ കഴിഞ്ഞ വർഷം അവരുടെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയിരുന്നു.
പിരിച്ചുവിടൽ ആമസോണ്‍ സ്റ്റോറുകളിലെയും റോൾ എലിമിനേഷനുകളുടെ ഭാഗമായും പിഎക്സ്ടിയിലെയും (പീപ്പിൾ, എക്സ്പീരിയൻസ്, ടെക്നോളജി, അല്ലെങ്കിൽ എച്ച്ആർ) ടീമുകളെ പ്രധാനമായും ബാധിക്കും. നേരത്തെ, ആമസോണ്‍ നവംബറിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചില ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാനുള്ള ഓഫർ നൽകുകയും ചെയ്തിരുന്നു. അന്ന് ബുക്സ് ആൻഡ് ഡിവൈസസ് ടീമിലെ അംഗങ്ങളെയാണ് പ്രധാനമായും ബാധിച്ചത്.
ആമസോണ്‍ കന്പനി ഇന്ത്യയിൽ നിയമനം തുടരുമെന്നും വിപണിയിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി നിക്ഷേപം നടത്തുമെന്നും ആമസോണ്‍ ഇന്ത്യ ഉപഭോക്തൃ ബിസിനസ് വൈസ് പ്രസിഡന്റും ഇന്ത്യയിലെ മാനേജരുമായ മനീഷ് തിവാരി ഡിസംബറിൽ പറഞ്ഞതിനു പിന്നാലെയാണ് പിരിച്ചുവിടൽ പ്രഖ്യാപനമെത്തിയതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ, ബൈജു, ജോഷ് തുടങ്ങിയ ടെക് സ്ഥാപനങ്ങളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.