2023 ആദ്യം മുതല്‍ പാസ്‌വേര്‍ഡ് പങ്കിടുന്നത് തടയാന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നു. പാസ്‌വേര്‍ഡ് പങ്കിടല്‍ സംവിധാനം ഇല്ലാതാക്കാന്‍ വളരെക്കാലമായി നെറ്റ്ഫ്ലിക്സ് ശ്രമിക്കുക്കുന്നുണ്ടായിരുന്നു.

ഇതോടെ ഉപഭോക്താവിന്‍റെ വീടിന് പുറത്തുള്ള ആരുമായും ഉപഭോക്താവ് പാസ്‌വേര്‍ഡ് പങ്കിടുകയാണെങ്കില്‍, ആ വ്യക്തി പ്രൊഫൈല്‍ ഉപയോഗിക്കുന്നതിന് പുതുതായി ഫീസ് നല്‍കേണ്ടിവരും.ചുരുക്കത്തിൽ ഇനിയാര്‍ക്കും പണം കൊടുക്കാതെ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാന്‍ കഴിയില്ല.

ഈ വര്‍ഷം ആദ്യം നെറ്റ്ഫ്ലിക്സിന്‍റെ വരുമാനം കുറയുകയും 10 വര്‍ഷത്തിനിടെ ആദ്യമായി പ്ലാറ്റ്ഫോമിന് വന്‍ തോതില്‍ വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തതിന് ശേഷമാണ് പാസ്‌വേര്‍ഡ് പങ്കിടല്‍ അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യം നെറ്റ്ഫ്ലിക്സ് തിരിച്ചറിഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കടമെടുത്ത പാസ്‌വേര്‍ഡുകള്‍ വഴി ഏകദേശം 100 ദശലക്ഷം കാഴ്ചക്കാര്‍ സേവനം ഉപയോഗിക്കുന്നുണ്ട്.

നവംബറില്‍, സ്ട്രീമിംഗ് പ്ലാറ്റ്ഫോം അക്കൗണ്ട് ക്രമീകരണങ്ങളില്‍ "ആക്സസും ഉപകരണങ്ങളും നിയന്ത്രിക്കുക’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഒരു അക്കൗണ്ടില്‍ നിന്ന് സ്ട്രീം ചെയ്ത ഏറ്റവും പുതിയ ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുകയും ഒരു ക്ലിക്കിലൂടെ നിര്‍ദിഷ്ട ഉപകരണങ്ങളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാന്‍ അവരെ അനുവദിക്കുകയും ചെയ്യും.


സൗജന്യ പാസ്‌വേര്‍ഡ് പങ്കിടല്‍ തടയുക എന്ന ലക്ഷ്യത്തോടെ, നെറ്റ്ഫ്ലിക്സ് ഓരോന്നിനും നിരക്ക് ഈടാക്കാന്‍ തുടങ്ങിയേക്കാം. അക്കൗണ്ട് പങ്കിടലില്‍ നിന്ന് പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിലേക്കുള്ള മാറ്റം ലഘൂകരിക്കുന്നതിന് കുറച്ച് രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരസ്യങ്ങളുള്ള പ്ലാന്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ചില നടപടികള്‍ അവർ ആലോചിക്കുന്നു.

കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുള്‍പ്പെടെ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേര്‍ഡ് പങ്കിടല്‍ ഓപ്ഷന്‍ പരീക്ഷിക്കുന്നുണ്ട്. ഈ മാര്‍ക്കറ്റുകളില്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് മൂന്ന് ഡോളര്‍ (ഏകദേശം 250 രൂപ) ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ സേവനത്തിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.