ട്വിറ്ററിനെ ട്രോളി മസ്ക്
Wednesday, July 13, 2022 2:45 PM IST
വാഷിംഗ്ടൺ: തനിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ പരിഹസിച്ച് ഇലോണ്‍ മസ്ക്. ട്വിറ്ററിലൂടെതന്നെയാണു മസ്ക് കന്പനിക്കെതിരേ പരിഹാസമുതിർത്തതെന്നതും ശ്രദ്ധേയം.
തന്റെ ചിത്രം സഹിതം മസ്ക് ട്വീറ്റ് ചെയ്തത് ഇങ്ങനെ; “ആദ്യം അവർ എനിക്ക് ട്വിറ്റർ വാങ്ങാനാവില്ലെന്നു പറഞ്ഞു. പിന്നെ അവർ പറഞ്ഞു ,വ്യാജ അക്കൗണ്ട് വിവരങ്ങൾ നല്‍കാനാവില്ലെന്ന്, ഇപ്പോൾ അവർ എന്നെ ട്വിറ്റർ വാങ്ങാൻ കോടതിയിലൂടെ നിർബന്ധിക്കുകയാണ്, വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങളും അവർ കോടതിയിലൂടെ നല്‍കേണ്ടിവരും”
അതേസമയം, മസ്കിന്റെ ഏറ്റെടുക്കൽ നടപ്പാക്കാൻ കോടതി നടപടിക്കൊരുങ്ങുന്ന ട്വിറ്ററിന്റെ ഓഹരിവില ഇന്നലെയുമിടിഞ്ഞു. ആറു ശതമാനത്തിലേറെയാണ് ഇന്നലെ ട്വിറ്റർ ഓഹരികൾക്കു നഷ്ടമുണ്ടായത്. ഓഹരിയൊന്നിന് 54.20 ഡോളർ എന്ന നിലയ്ക്ക് മസ്ക് വിലയിട്ടിരുന്ന ട്വിറ്റർ ഓഹരിക്കു നിലവിൽ 35 ഡോളറിൽതാഴെയാണു വില. വരുംദിവസങ്ങളിലും വിലയിടിവ് തുടർന്നേക്കും.