എംഫോണ് ഇനിമുതൽ നേപ്പാളിലും നിർമിക്കും
Saturday, August 31, 2019 3:30 PM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏക സ്മാർട് ഫോണ് ബ്രാൻഡായ എം ഫോണ് നേപ്പാളിൽ നിർമാണശാല ആരംഭിക്കും. ഇറക്കുമതി ചെയ്യുന്പോൾ നേപ്പാളിൽ ഫോണുകളുടെ വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇതു മറികടക്കാൻ കൂടിയാണ് നേപ്പാളിൽ അവിടത്തെ സർക്കാരിന്റെ സഹകരണത്തോടെ എംഫോണ് നിർമിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ സജ്ജമാക്കുന്ന ഫാക്ടറിയിൽ പ്രതിദിനം 35,000 ഫോണുകൾ നിർമിക്കും.
മേക് ഇൻ ഇന്ത്യ പദ്ധതിയിൽ നോയിഡയിലും എംഫോണ് നിർമാണശാല സജ്ജമാകുന്നുണ്ട്. എംഫോണിനു വേണ്ട എല്ലാ സഹകരണവും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഉറപ്പുനൽകിയതായി എംഫോൺ എംഡിയും എൻഡിഎ നേതാവുമായ ആന്റോ അഗസ്റ്റിൻ അറിയിച്ചു.
സ്മാർട്ട് ഫോണ് കൂടാതെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോ വേവ് ഓവൻ തുടങ്ങിയ ഗൃഹോപകരണങ്ങളും ലാപ്ടോപ്പ്, സ്മാർട് വാച്ച്, വയർലെസ് ഹെഡ്സെറ്റ്, വയർലെസ് ചാർജർ, സ്റ്റീരിയോ ഹെഡ്സെറ്റുകൾ, പവർബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും ആക്സസറികളും എംഫോണിന്റെ ഉത്പന്ന ശ്രണിയിലുണ്ട്. ഇവയും നേപ്പാളിൽ നിർമിക്കാൻ പദ്ധതിയുണ്ട്.
നിലവിൽ കൊറിയയിലും ചൈനയിലും ഇന്ത്യയിലുമാണ് ഫാക്ടറികൾ. ഇന്ത്യക്കു പുറമെ കൊറിയയിലും ജർമനിയിലും ഗവേഷണശാലകളുണ്ട്.