അമേരിക്കയിലും കാനഡയിലും വിവരച്ചോർച്ച, ചോർന്നത് ഒരു കോടി വിവരങ്ങൾ
Wednesday, July 31, 2019 3:51 PM IST
സിയാറ്റിൽ: അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായുള്ള ബാങ്കിംഗ് കന്പനിയായ കാപ്പിറ്റൽ വണ്ണിൽ ഡാറ്റാ ചോർച്ച. ഒരു കോടിയിൽപ്പരം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി കാപിറ്റൽ വണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ക്രഡിറ്റ് കാർഡ് സേവനങ്ങളാണ് പ്രധാനമായും കാപ്പിറ്റൽ വണ്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ നെറ്റ്വർക്കിൽ കയറിക്കൂടി ഡാറ്റാ ചോർത്തിയതിന്റെ പേരിൽ ഒയു യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൈഗി എ തോംപ്സണ് എന്ന യുവതിയെയാണ് വിവരച്ചോർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ സിയാറ്റിനിലെ അമേരിക്കൻ ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ പൈഗിയെ കസ്റ്റഡിയിൽ വിട്ടു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
ഏകദേശം 1,40,000 ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ക്രഡിറ്റ് സ്കോളുകളും ബാലൻസുകളും ഹാക്കർക്ക് ലഭിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
തിങ്കളാഴ്ചയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പൈഗിയുടെ വസതി റെയിഡ് ചെയ്ത് കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടുകെട്ടിയത്. പരിശോധനയിൽ പ്രധാനമായും കാപ്പിറ്റൽ വണിന്റെ വിവരങ്ങളാണ് അന്വേഷകർക്കു ലഭിച്ചത്. മറ്റു സ്ഥാപനങ്ങളുടെ വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയായിരുന്നു പിടിയിലായത്.
വിർജീനിയ ആസ്ഥാനമായുള്ള കാപ്പിറ്റൽ വണിന്റെ നെറ്റ്വർക്കിൽ ഈ മാസം 19ന് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്ഥാപന അധികൃതർ ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടി.
ഏതാനും ദിവസങ്ങൾക്കു മുന്‍പ് ബാങ്കിൽനിന്നുള്ള വിവരങ്ങൾ കോഡ് ഹോസ്റ്റിംഗ് സൈറ്റായ ജിറ്റ്ഹബ്ബിൽ കണ്ടെത്തിയത് സൂചിപ്പിച്ച് കാപ്പിറ്റൽ വണ്ണിന് ഒരു മെയിൽ ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണമാണ് പൈഗിയിൽ എത്തിച്ചത്.
ചോർത്തിയ വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാമെന്നാണു കരുതുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കാപ്പിറ്റൽ വണ്‍ അറിയിച്ചു. അമേരിക്കയിലെ പത്തു കോടി ഉപയോക്താക്കളുടെയും അമേരിക്കയിലെ 60 ലക്ഷം ഉപയോക്താക്കളുടെയും വിവരങ്ങളാണ് ചോർന്നതെന്നും ബാങ്ക് അറിയിച്ചു.
2005നും 2019നും ഇടയിൽ ക്രെഡിറ്റ് കാർഡിനായി അപേക്ഷ സമർപ്പിച്ചവരുടെ വിവരങ്ങളാണ് ചോർന്നത്. മൊബൈൽ നന്പർ, ഇ-മെയിൽ അഡ്രസ്, ജനനത്തീയതി, വരുമാനം എന്നിവയാണ് പ്രധാനമായും ഹാക്കർ ചോർത്തിയിട്ടുള്ളത്.
അമേരിക്കയിലെ ഏറ്റവും വലിയ ഏഴാമത്തെ കൊമേഴ്സൽ ബാങ്കാണ് കാപ്പിറ്റൽ വണ്‍ ഫിനാൻസ് കോർപ്. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 37,360 കോടി ഡോളറാണ് ആസ്തി.