പൊളിയാണ്, പക്ഷേ എന്തു പേരിടും?
Tuesday, May 14, 2019 4:44 PM IST
മൗണ്ടൻവ്യൂ(കലിഫോർണിയ): ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ഗൂഗിൾ എപ്പോഴും മധുരപലഹാരങ്ങളുടെ പേരാണ് നല്കുക. ആൻഡ്രോയ്ഡ് 1.5ന് കപ്പ്കേക്ക് എന്നു നല്കിത്തുടങ്ങിയ ആ നാമകരണ സംവിധാനം ഇന്ന് എത്തിനിൽക്കുന്നത് ക്യു എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ സി മുതൽ പി വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ ഇതുവരെയുള്ള വേർഷനുകൾക്ക് ഗൂഗിൾ നല്കി. അടുത്തിടെ ആൻഡ്രോയ്ഡ് ക്യുവിന്റെ മൂന്നാം ബീറ്റാ വേർഷൻ നിർമാതാക്കൾ അവതരിപ്പിച്ചിരുന്നു. ഇത് നിലവിൽ ഗൂഗിൾ പിക്സൽ, തേഡ് പാർട്ടി ഫോണുകളിലുമായി 21 ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ക്യു എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു പേര് കണ്ടെത്തുക എന്നത് ശ്രമകരമാണെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സമീർ സമത്ത് അംഗീകരിക്കുന്നുണ്ട്. എങ്കിലും നല്ലൊരു പേര് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യുവിൽ തുടങ്ങുന്ന പേരു കണ്ടെത്തി ഈ വർഷം മധ്യത്തോടെ ആൻഡ്രോയ്ഡ് ക്യു അവതരിപ്പിക്കാനാണ് തീരുമാനം. മികച്ച പ്രൈവസി കൺട്രോൾ, പരിഷ്കരിച്ച ബയോമെട്രിക് പ്രൊട്ടക്ഷൻ, ഗസ്ചർ നാവിഗേഷൻ, ഡാർക്ക് തീം, സ്മാർട്ട് റിപ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.