ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ
Saturday, May 4, 2019 1:37 PM IST
കുപ്പർട്ടിനോ: ഇന്ത്യയിൽ ആപ്പിളിന്റെ റീട്ടെയൽ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കന്പനി തങ്ങളുടെ എെഫോണ് 7 ന്റെ നിർമാണം ബംഗളൂരുവിൽ ആരംഭിച്ചിരുന്നു. ആപ്പിൾ നിർമാണ യൂണിറ്റുകളുടെ വരവും രാജ്യത്തു റീട്ടെയ്ൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന കന്പനിയുടെ ഇപ്പോഴത്തെ പ്രഖ്യാപനവും ഇന്ത്യൻ വിപണിയിൽ ആപ്പിൾ വലിയ പ്രതീക്ഷ വയ്ക്കുന്നു എന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിൽ 45 കോടി ആളുകൾ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നതായാണു കണക്കുകൾ. എന്നാൽ, ഈ സ്മാർട്ഫോണുകളിൽ ഏറിയ പങ്കും ചൈനയിൽനിന്നുള്ളവയാണ്. അതിനാൽത്തന്നെ ചൈനീസ് കന്പനികളോടാകും ഇന്ത്യയിൽ ആപ്പിളിന്റെ പ്രധാന ഏറ്റുമുട്ടൽ. തങ്ങളുടെ ഉത്പന്നങ്ങളുടെ വൻ വിലയാണ് ഇന്ത്യയിൽ ആപ്പിളിനോട് അകന്നുനിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നു കന്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ പരിഗണനയിലാണ്. വില കുറച്ചു വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽതന്നെ ഐഫോണുകളും മറ്റും നിർമിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതെന്നും കരുതുന്നു.