കാവ്യ പ്രകാശം
കാവ്യ പ്രകാശം
മലയാള സിനിമയിലേക്കു പൈതൃക പാതയില്‍ ഒരു നവ സംവിധായിക കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിനു വൈവിധ്യങ്ങളായ സിനിമകള്‍ നല്‍കിയ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് തന്റെ ആദ്യ സിനിമയുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നു. തിയറ്ററിലും പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലുമെത്തി മികച്ച നിരൂപക പ്രശംസ നേടാനും ചിത്രത്തിനു സാധിച്ചു. മലയാള സിനിമ ചരിത്രത്തില്‍ വനിതാ സംവിധായകര്‍ വളരെ കുറവാണ്. ആ പട്ടികയിലേക്ക് ആദ്യ ചിത്രം കൊണ്ടുതന്നെ മികച്ച പ്രതീക്ഷയോടെ കാവ്യ തന്റെ ഇരിപ്പിടം നേടിയിരിക്കുന്നു. സിനിമ മേഖലയില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കാനൊരുങ്ങുന്ന കാവ്യ തന്റെ വിശേഷങ്ങളുമായി..

? പരസ്യ മേഖലയിലും സിനിമയും വൈവിധ്യങ്ങളെ തേടുന്നയാണാണ് അച്ഛന്‍ വി.കെ. പ്രകാശ്. എങ്ങനെയായിരുന്നു അച്ഛനു പിന്നാലെ സംവിധാന മേഖലയിലേക്കുള്ള കടന്നുവരവ്

ചെറുപ്പം മുതല്‍ തന്നെ സിനിമ ആയിരുന്നു എന്റെ സ്വപ്‌നം. സിനിമയാണ് പഠിച്ചതും. അതിനു ശേഷം കുറച്ചു നാള്‍ കോര്‍പറേറ്റ് മേഖലയില്‍ ജോലിയൊക്കെ ചെയ്തു. എങ്കിലും അതല്ല എന്റെ ഇടം എന്നു തിരിച്ചറിഞ്ഞപ്പോള്‍ സിനിമയിലേക്കു തന്നെ തിരികെ എത്തി. എന്റെ ആഗ്രഹങ്ങള്‍ അച്ഛന് അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിന്തുണ എന്നുമുണ്ടായിരുന്നു. സിനിമ പഠിക്കണമെങ്കില്‍ തനിക്കൊപ്പം നില്‍ക്കേണ്ട എന്നാണ് അച്ഛന്‍ പറഞ്ഞത്. കാരണം അച്ഛനൊപ്പം സിനിമയില്‍ വര്‍ക്കു ചെയ്യുമ്പോള്‍ മകള്‍ എന്ന പരിഗണന എപ്പോഴുമുണ്ടാകും. അങ്ങനെയാണ് അച്ഛന്റെ ശിഷ്യനും സംവിധായകനുമായ മൃദുല്‍ നായരോടൊപ്പം സംവിധാന സഹായിയായി തീരുന്നത്. അദ്ദേഹത്തിനൊപ്പം മൂന്നു വര്‍ഷത്തോളം നിരവധി പരസ്യ ചിത്രങ്ങളിലും ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ബി ടെക് എന്ന ചിത്രത്തിലും അസോസിയേറ്റായി പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രമായി ഞാന്‍ പരസ്യ സംവിധാന രംഗത്തേക്ക് വന്നതിന്റെ മൂന്നു മാസത്തിലാണ് വാങ്ക് എന്റെ ആദ്യ പ്രോജക്ടായി മാറുന്നത്. ഈ കാലയളവില്‍ നിരവധി ലോകോത്തര സിനിമകള്‍ കാണാനും പഠനമാക്കാനും അച്ഛന്‍ എന്നെ പിന്തുണച്ചു. വാങ്കിന്റെ ഷൂട്ടിംഗ് സെറ്റില്‍ ഒന്നു രണ്ടു ദിവസം മാത്രമാണ് അച്ഛന്‍ വന്നത്. തന്റെ പാതയിലേക്കു ഞാനും എത്തിയതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ട്.

? ഉണ്ണി ആറിന്റെ പ്രശസ്തമായ ചെറുകഥയില്‍ നിന്നും സിനിമാ ഭാഷ്യത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു

കേരളത്തിനകത്തും പുറത്തും വിദേശങ്ങളില്‍ പോലും ഏറെ ചര്‍ച്ചയായ ഉണ്ണി ആറിന്റെ കഥയാണ് വാങ്ക്. ശരിക്കും അതൊന്നും അറിയാതെയാണ് ഞാന്‍ വാങ്കിന്റെ കഥയില്‍ ആകൃഷ്ടയാകുന്നത്. അച്ഛനുമായുള്ള ഒരു പ്രോജക്ടിന്റെ ചര്‍ച്ചയ്ക്കാണ് ഉണ്ണി. ആര്‍ ബംഗളൂരുവിലെ ഓഫീസില്‍ എത്തിയത്. അവിടെവച്ചാണ് ഞാനും അദ്ദേഹവുമായി കൂടുതല്‍ സംസാരിക്കുന്നത്. ആ കൂട്ടത്തില്‍ അദ്ദേഹം നിരവധി കഥകള്‍ എന്നോട് പറഞ്ഞു. അതിലൊന്നായിരുന്നു വാങ്ക്. കഥ കേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ താല്പര്യമുണ്ടായി. ഞാന്‍ വളരെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്റെ താല്പര്യം കണ്ടിട്ടാകാം അദ്ദേഹം വാങ്കിന്റെ കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുമൊക്കെ വളരെ വിശദമായി പറഞ്ഞുതന്നു. അത്രയും സീനിയറായ അദ്ദേഹത്തോട് എന്റെ ആദ്യ സംവിധാന ചിത്രമായി വാങ്ക് ചോദിക്കാന്‍ ഞാന്‍ മടിച്ചു. പക്ഷേ, എന്റെ താല്പര്യമൊക്കെ കണ്ടിട്ടാകും ഒരവസരത്തില്‍ അദ്ദേഹം തന്നെ എന്നോട് ചോദിച്ചു, കാവ്യയ്ക്ക് ഈ കഥ സംവിധാനം ചെയ്തുകൂടെ എന്ന്. അതെനിക്കും കൂടുതല്‍ സന്തോഷം നല്‍കി. അങ്ങനെയാണ് വാങ്ക് സിനിമാ രൂപത്തിലേക്ക് എത്തുന്നത്.


? മലയാളത്തില്‍ ആദ്യമായി വനിത എഴുത്തുകാരിയും സംവിധായികയും ഒന്നിക്കുന്ന പ്രോജക്ടായി വാങ്ക് മാറിയത്

ഷബ്‌നം മുഹമ്മദിനെ എനിക്കു മുമ്പുതന്നെ പരിചയമുണ്ടായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സറാണ് ഷബ്‌നം. വാങ്കിന്റെ ചര്‍ച്ചാവേളയില്‍ എന്റെയും ഉണ്ണി സാറിന്റെയും തീരുമാനമായിരുന്നു ഇതു ഒരു വനിത എഴുതുന്നത് കൂടുതല്‍ നന്നാകുമെന്ന്. വാങ്ക് പറയുന്നത് നാലു പെണ്‍കുട്ടികളുടെ കഥയാണ്. അതില്‍ റസിയയുടെ ആഗ്രഹ സാക്ഷാത്കാരത്തിലേക്കുള്ള സഞ്ചാരമാണ് സിനിമ. അവരുടെ കണ്ണിലൂടെയാണ് കഥ വികസിക്കുന്നത്. ആ പശ്ചാത്തലമറിയുന്ന ഒരാള്‍ എഴുതുന്നതാണ് നല്ലതെന്ന് ചിന്തിച്ചു. അങ്ങനെയാണ് ഞാനും ഉണ്ണി സാറും കൊച്ചിയില്‍ ഷബ്‌നത്തിനെ കാണുന്നത്. ചര്‍ച്ചാവേളയില്‍ കഥയ്ക്കാവശ്യമായ കുറച്ചു അഭിപ്രായങ്ങളും ആലോചനകളും ഷബ്‌നവും പങ്കുവച്ചു. അപ്പോള്‍ തന്നെ ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു വാങ്ക് ഷബ്‌നം തന്നെ എഴുതിയാല്‍ മതിയെന്ന്. ഹിന്ദി ഭാഷയിലൊക്കെ എഴുത്തുകാരിയും സംവിധായികയും വനിതകളായി പ്രോജക്ടുകള്‍ വന്നെങ്കിലും മലയാളത്തില്‍ ആദ്യമായാണ്. അതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ട്.

? ഒരു മതവിഭാഗത്തിന്റെ ചുറ്റുപാടിലാണ് കഥ പറയുന്നത്. അതില്‍ ഏറെ ശ്രദ്ധിക്കേണ്ടതായി വന്നോ

വാങ്ക് വിളിക്കണമെന്ന് ആഗ്രഹിച്ച റസിയ എന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയുടെ ആഗാഥമായ ഒരു ആഗ്രഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതവുമായി ചേര്‍ന്നു കിടക്കുന്ന ആ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള യാത്രയാണ് ഇത്. എന്നാല്‍ ഒരു മത വിഭാഗവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മതത്തിനെയും നോവിക്കാതെ റസിയയുടെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. വാങ്ക് എന്നത് റസിയയുടെ ജീവിതത്തിന്റെ സംഗീതമാണ്. അവളുടെ ഓരോ വളര്‍ച്ചാഘട്ടത്തിലും അത് ഇഴ ചേര്‍ന്നുകിടന്നിരുന്നു. അതു തിയറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവഭേദ്യമാകും. മറ്റൊരാള്‍ക്കും നോവാതെ, വളരെ ലളിതമായി റസിയയുടെ കഥ പറയാനാണ് ഞങ്ങള്‍ ശ്രമിച്ചത്.

? ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും വലിയൊരു കൂട്ടം സ്ത്രീകളുടെ സാന്നിധ്യമുണ്ടല്ലോ

വ്യത്യസ്തമായ ഓരോ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മുന്നിിറങ്ങിയ നാലു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ചര്‍ച്ച നടക്കുന്ന സമയത്താണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഞാന്‍ ബംഗളൂരുവില്‍ കണ്ടത്. അതു കണ്ടു കഴിഞ്ഞപ്പോള്‍ തന്നെ അനശ്വരയാണ് റസിയയെ അവതരിപ്പിക്കേണ്ടതെന്നു മനസിലുറപ്പിച്ചു. സിനിമ കഴിഞ്ഞ ഉടന്‍ നമ്പറെടുത്ത് വിളിച്ചപ്പോള്‍ അനശ്വര മറ്റൊരു സിനിമയുടെ ആവശ്യത്തിനായി ബംഗളൂരുവിലുണ്ടായിരുന്നു. ഉടന്‍ തന്നെ അനശ്വരയേയും അമ്മയേയും കണ്ട് കഥ പറഞ്ഞു. അങ്ങനെയാണ് റസിയയായി അനശ്വര എത്തുന്നത്. എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചു. നന്ദനയേയും മീനാക്ഷിയേയും അതിനുമുമ്പുതന്നെ മറ്റു കഥാപാത്രങ്ങള്‍ക്കായി കാസ്റ്റ് ചെയ്തിരുന്നു. തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ നാലാമത്തെ പെണ്‍കുട്ടിയായി ഗോപിക രമേശ് തന്നെ മതിയെന്നു തീരുമാനിച്ചു. അങ്ങനെയാണ് അവര്‍ നാലുപേരും വാങ്കിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതിനൊപ്പം റസിയയുടെ അ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത് ഷബ്‌നം മുഹമ്മദാണ്.

-ലിജിന്‍ കെ. ഈപ്പന്‍