ഇവാന ഹാപ്പിയാണ്
അപ്രതീക്ഷിതമായാണ് ഇവാന വെള്ളിത്തിരയിലേക്ക് എത്തിയത്. ചാര്‍േട്ടഡ് അക്കൗണ്ടന്റാകാനായിരുന്നു മോഹം. വല്യച്ഛനൊപ്പം ഒരു സിനിമയുടെ ഓഡീഷന്‍ കാണാന്‍ പോയി. പിന്നെ ആ സിനിമയിലേക്കു സിലക്ഷനും കിട്ടി. മലയാളത്തിനൊപ്പം തമിഴകവും ഇരുകൈകളും നീട്ടി തന്നെ സ്വീകരിച്ചതിന്റെ ത്രില്ലിലാണ് ഈ ചങ്ങനാശേരിക്കാരി. നാച്ചിയാര്‍ ഫെയിം ഇവാനയുടെ വിശേഷങ്ങളിലേക്ക്...

അപ്രതീക്ഷിതമായി വെള്ളിത്തിരയിലേക്ക്

സംവിധായകന്‍ ജോണി ആന്റണിയുടെ വീടിനടുത്താണ് എന്റെ അമ്മ വീട്. മാസ്‌റ്റേഴ്‌സിന്റെ ഓഡീഷന്‍ നടക്കുമ്പോള്‍ അച്ഛന്റെ ചേട്ടന്‍ എന്നെ അതുകാണിക്കാന്‍ കൊണ്ടുപോയി. ഒടുവില്‍ മാസ്‌റ്റേഴ്‌സിലേക്ക് എനിക്കും സിലക്ഷന്‍ കിട്ടി.

സിനിമാനടിയാകുമെന്നൊന്നും ഞാന്‍ സ്വപ്‌നത്തില്‍പോലും കരുതിയതല്ല. സിനിമ എന്നുള്ളതൊന്നും എന്റെ സ്വപ്‌നത്തില്‍പോലും ഉണ്ടായിരുന്നില്ല. എല്ലാം അപ്രതീക്ഷിതം.

മാസ്റ്റേഴ്‌സിനു ശേഷം റാണി പദ്മിനി ചെയ്തു. അതിനുശേഷമാണ് അനുരാഗകരിക്കിന്‍ വെള്ളത്തിലേക്ക് എത്തുന്നത്.

കോളിവുഡിലെ ഇളമുറക്കാരി

ബാല സാറിന്റെ നാച്ചിയാറിലേക്ക് എത്തുന്നത് അങ്ങനെയാണ്. അന്ന് ഞാന്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. തമിഴ് അറിയാത്ത ഞാന്‍ തമിഴകത്തിലേക്ക് എത്തിയപ്പോള്‍ ആദ്യമൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ സംവിധായകനും സഹപ്രവര്‍ത്തകരുമൊക്കെ ഒത്തിരി സഹായിച്ചു. നാച്ചിയാറിലെ അരസി എന്ന ലീഡ് കഥാപാത്രം എനിക്ക് ധാരാളം പ്രേക്ഷകരെ നേടിത്തന്നു. ലോകജ്ഞാനം തീരെ ഇല്ലാത്ത ഒരു വീട്ടുജോലിക്കാരി പെണ്‍കുട്ടിയായിരുന്നു അരസി. അതായിരുന്നു എന്റെ കഥാപാത്രം. ഈ ചിത്രത്തിലൂടെ തുടക്കക്കാരിയായ എനിക്ക് അഭിനയത്തിന്റെ പല വശങ്ങളും പഠിക്കാന്‍ സാധിച്ചു.

രണ്ടാമത്തെ ചിത്രമായിരുന്നു ഹീറോ. ശിവ കാര്‍ത്തിക് നായകനായ ഈ ചിത്രത്തില്‍ മതി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പ്ലസ്ടു കഴിഞ്ഞ് കോളജ് പ്രവേശനത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടി. ഐക്യു ലെവല്‍ കൂടുതലാണെങ്കിലും മതി പഠനത്തില്‍ മോശമായിരുന്നു. ഈ കഥാപാത്രത്തെയും എനിക്ക് നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

ജ്യോതികയ്‌ക്കൊപ്പം

നാച്ചിയാറില്‍ നടി ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ജ്യോതികാ മാഡം വളരെയധികം ഹെല്‍പ്പ് ഫുള്‍ ആണ്. എല്ലാവരോടും വളരെ നല്ല രീതിയില്‍ ഇടപെടുന്ന വ്യക്തി. തമിഴ് അറിയാത്ത ഞാന്‍ ഡയലോഗ് പറയുമ്പോഴൊക്കെ ജ്യോതിക മാഡം വളരെയധികം സഹായിച്ചു.

തലവരമാറ്റിയ അനുരാഗ കരിക്കിന്‍ വെള്ളം

അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ബിജു മേനോന്റെ മോളായിട്ടാണ് അഭിനയിച്ചത്. അസിഫ് അലിയുടെ സഹോദരിയുടെ റോള്‍. അനു എന്ന ആ കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് നല്ല അഭിപ്രായം കിട്ടി. ഈ ചിത്രത്തിനു ശേഷം എന്നെക്കുറിച്ച് ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ വന്നിരുന്നു. അതിലെ എന്റെ ഫോട്ടോ കണ്ടിട്ടാണ് ഡയറക്ടര്‍ ബാല എന്നെ തമിഴിലേക്ക് ക്ഷണിച്ചത്. അങ്ങനെ നാച്ചിയാറിന്റെ ഭാഗമായി.

പുതിയ പ്രോജക്ടുകള്‍

തമിഴിലാണ് അടുത്ത പ്രോജക്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിയിരിക്കുകയാണ്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും.


ഇഷ്ടതാരം

നയന്‍താരയെയും നസ്രിയയെയും ഇഷ്ടമാണ്. പിന്നെ ഒരു അഭിനേതാക്കളും പലതരത്തില്‍ ഇന്‍സ്‌പെയര്‍ ചെയ്യാറുണ്ട്. ഓരോരുത്തരില്‍ നിന്ന് പലതും പഠിക്കാനുമുണ്ട്.

ഇഷ്ട വേഷം
ജീന്‍സും ടോപ്പും

ഇഷ്ട ഭക്ഷണം

ചോറും വന്‍പയര്‍ തോരനും.ദു:ഖവെള്ളിയാഴ്ച പള്ളിയില്‍ നിന്ന് ചോറും വന്‍പയര്‍ തോരനും കിട്ടും. അതിന് എന്തു രുചിയാണെന്നോ.

കുടുംബവിശേഷങ്ങള്‍

അച്ഛന്‍ ഷാജി ചെറിയാന്‍ ബിസിനസുകാരനാണ്. അമ്മ ട്വിന്‍സി. ചേച്ചി ഇറ്റലിയില്‍ എംബിഎയ്ക്ക് പഠിക്കുന്നു. എനിക്ക് ഒരു ഇരട്ട സഹോദരന്‍ ഉണ്ട്. ലിയോ കാനഡയില്‍ പഠിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിലും ഭയ്യാ ഭയ്യായിലും ലിയോ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജില്‍ ബികോം രണ്ടാം വര്‍ഷം പഠിക്കുന്നു.

-സീമ മോഹന്‍ലാല്‍