സുന്ദരിപ്പെണ്ണേ...
നാല്പതുകളിലെത്തിയാല്‍ പല സ്ത്രീകളും സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തതായി കാണാറുണ്ട്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ നാല്പതുകളിലും മധുരപതിനേഴിന്റെ സൗന്ദര്യം നിലനിര്‍ത്താം. വീട്ടിലിരുന്ന് ചെയ്യാവുന്ന ഏതാനും ബ്യൂട്ടി ടിപ്‌സ് ഇതാ... ഇതൊന്നു പരീക്ഷിച്ചു നോക്കൂ...

മുഖസൗന്ദര്യത്തിന്

മുഖത്തെ ചുളിവ്, കണ്ണിനു താഴെയുണ്ടാകുന്ന കറുത്ത പാടുകള്‍ എന്നിവയെല്ലാം അകറ്റി മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി ഒരു ടീസ്പൂണ്‍ തണുത്തപാലും രണ്ടു ടീസ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടണം. അഞ്ചു മിനിറ്റിനുശേഷം ഇത് ഉണങ്ങി വരുമ്പോള്‍ കഴുകി കളയുക. തണുത്ത പാലിനു പകരം പാല്‍പ്പൊടിയും ഉപയോഗിക്കാം. ഇത് പതിവായി ചെയ്താല്‍ മുഖം പൂപോലെ തിളങ്ങും.

അകാല നരയ്ക്ക്

രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണയും രണ്ടു ടീസ്പൂണ്‍ നാരങ്ങാനീരും യോജിപ്പിച്ച് രാത്രിയില്‍ തലയില്‍ തേച്ചുപിടിപ്പിക്കുക. എന്നിട്ട് രാവിലെ കഴുകി കളയണം. ഇങ്ങനെ പതിവായി ചെയ്താല്‍ നര വന്നു തുടങ്ങിയവരുടെ വെള്ളമുടി പാടെ മാറികിട്ടും.


നഖത്തിനും വേണം പരിചരണം

രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ടു ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ടു ടീസ്പൂണ്‍ തൈര്, കുറച്ച് പഞ്ഞി കഷണം എന്നിവ എടുക്കുക. ആദ്യം പഞ്ഞി വെളിച്ചെണ്ണയില്‍ മുക്കി നഖത്തില്‍ തേക്കുക. കുറച്ചു കഴിഞ്ഞ് പഞ്ഞി നാരങ്ങാനീരില്‍ മുക്കി നഖത്തില്‍ വയ്ക്കണം. അല്‍പസമയം കഴിഞ്ഞ് പഞ്ഞി തൈരില്‍ മുക്കി നഖത്തില്‍ തേച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോള്‍ കഴുകി കളയണം. ഇങ്ങനെ ചെയ്താല്‍ കുഴിനഖവും നഖം പൊടിഞ്ഞുപോകുന്നതും ഒഴിവാക്കാം.

ജിഷാനത്ത്
ജിഷാസ് ബ്രൈഡല്‍ മേക്കപ്പ് ആന്‍ഡ് മെഹന്ദി ഡിസൈന്‍, എളമക്കര, എറണാകുളം

തയാറാക്കിയത്:
സീമ