നിര്‍ധനരായ കുട്ടികള്‍ക്ക് പിന്തുണയുമായി ജാരോ എഡ്യൂക്കേഷൻ
നിര്‍ധനരായ കുട്ടികള്‍ക്ക് പിന്തുണയുമായി ജാരോ എഡ്യൂക്കേഷൻ
കൊച്ചി: പ്രമുഖ എഡ്ടെക് കമ്പനിയായ ജാരോ എഡ്യൂക്കേഷൻ, വാര്‍ഷിക സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പുതിയ വിദ്യാഭ്യാസ സംരംഭം പ്രഖ്യാപിച്ചു.

"ഐ വിഷ് ടു മേക്ക് എ ഡിഫറന്‍സ്' എന്ന പേരിലുള്ള സംരംഭത്തിലൂടെ രാജ്യത്തെ ആയിരത്തിലധികം പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ പിന്തുണ നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ഇന്ത്യയിലുടനീളമുള്ള നൂറിലധികം അനാഥാലയങ്ങളുമായി കമ്പനി പങ്കാളികളാകും. കുട്ടികളുടെ ട്യൂഷന്‍ ഫീസിനു പുറമെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും കമ്പനി വഹിക്കും.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ സദന്‍ അനാഥാലയവുമായി സഹകരിച്ചാണ് നവീന സംരംഭത്തിന് തുടക്കമിട്ടത്. കിന്‍റർഗാർഡൻ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിക്കായുള്ള എഐ അധിഷ്ഠിത സ്മാര്‍ട്ട് ലേണിംഗ് ആപ്പായ ടോപ്പ്സ്‌കോളേഴ്സിന്‍റെ വാര്‍ഷിക വരിസംഖ്യയോടുകൂടിയുള്ള സ്മാര്‍ട്ട് ടിവികള്‍, ഈ ഉദ്യമത്തിന്‍റെ ഭാഗമായി ഓരോ അനാഥാലയത്തിലും ജാരോ എഡ്യൂക്കേഷൻ നല്‍കും. വിദ്യാര്‍ഥികളുടെ അക്കാഡമിക് പ്രകടനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും സംഭാവന നല്‍കിയും പുസ്തകങ്ങള്‍ ദാനം ചെയ്തും ജാരോ എഡ്യൂക്കേഷൻ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.


ഉയര്‍ന്ന നിലവാരമുള്ളതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം തേടാന്‍ പാവപ്പെട്ട കുട്ടികളെ സഹായിച്ചുകൊണ്ട് അവരെ ശക്തിപ്പെടുത്താനും ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാനുമാണ് ജാരോ എഡ്യൂക്കേഷൻ ലക്ഷ്യമിടുന്നതെന്ന് ജാരോ എജ്യൂക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത രാമന്‍ പറഞ്ഞു. ഒരു നിശ്ചിത തുക ഉദാരമായി സംഭാവന ചെയ്ത് ജാരോയിലെ ജീവനക്കാര്‍ പോലും ഇതിനായി തങ്ങളുടെ കടമയ്ക്കപ്പുറം നല്‍കാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.