ഓ, ജൂലിയ... ട്രക്കിലൊരു അടുക്കള
ഓ, ജൂലിയ...  ട്രക്കിലൊരു അടുക്കള
രുചിയുള്ള ഭക്ഷണം. വൃത്തിയുള്ള ചുറ്റുപാട്. വ്യത്യസ്തമാർന്ന അന്തരീക്ഷം. പുതു തലമുറയുടെ ഇഷ്ടപ്പെട്ട ഇടങ്ങളെക്കുറിച്ചുള്ള തെരച്ചിലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇതാണ്. ട്രക്കിലൊരു അടുക്കളയങ്ങ് സെറ്റ് ചെയ്താലോ. സംഭവം വൈറൈറ്റിയായല്ലേ.

തലയോലപ്പറന്പിനടുത്ത് ബ്രഹ്മമംഗലം സ്വദേശിനി ലക്ഷമി സുരേഷാണ് നാടൻ ഭക്ഷണം വിളന്പുന്ന ഒരു ട്രക്ക് അടുക്കള തയ്യാറാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ എരൂരാണ് ഇവരുടെ ആദ്യത്തെ സംരംഭം തുടക്കം കുറിച്ചിരിക്കുന്നത്.

രുചി ലോകത്തോട് എന്നും ഇഷ്ടം

കുഞ്ഞു നാൾ മുതൽ ലക്ഷ്മിക്ക് പാചകത്തോടുള്ള താൽപ്പര്യമാണ് റസ്റ്ററന്‍റ് രംഗത്ത് വ്യത്യസ്തമായൊരു പരീക്ഷണം നടത്താൻ ലക്ഷ്മിക്ക് ധൈര്യം നൽകിയത്. ലക്ഷമിയുടെ മുത്തശിയാണ് പാചകരംഗത്തെ ലക്ഷ്മിയുടെ ഗുരു. "റസ്റ്ററന്‍റുകളും മറ്റുമുണ്ടായിരുന്നു മുത്തശിക്കൊക്കെ അപ്പോൾ അവിടെ പാചകക്കാരും മറ്റും വന്നില്ലെങ്കിൽ മുത്തശി പാചകം ചെയ്യുമായിരുന്നു ഞങ്ങളൊക്കെ വിളന്പാനും മറ്റും നിൽക്കുമായിരുന്നു. അങ്ങനെയാണ് പാചകത്തോടും ഭക്ഷണം വിളന്പുന്നതിനോടുമൊക്കെ ഇഷ്ടം തോന്നിത്തുടങ്ങിയത്' ലക്ഷ്മി തന്‍റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞു. കേരളത്തിൽ നിന്നും ബിടെക് ബിരുദം പൂർത്തിയാക്കി ഉപരിപഠനം ജർമ്മനിയിലാണ് ലക്ഷ്മി പൂർത്തിയാക്കിയത്. ഇപ്പോൾ ജർമ്മനിയിൽ തന്നെ ഓട്ടോ മൊബൈൽ മേഖലയിൽ ജോലി ചെയ്യുന്നു. "ജർമ്മനിയിലെ പഠന കാലത്ത് പാർട് ടൈമായിട്ട് ഫുഡ് ഇൻഡസ്ട്രയിൽ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെയും ഒരു പരിചയം ഈ മേഖലയുമായിട്ടുണ്ട്' ലക്ഷമി പറഞ്ഞു.

ഫുഡ് ട്രക്ക് എന്ന സ്വപ്നം

ജർമ്മനിയിൽ ഒരു ഫുഡ് ട്രക്ക് ആരംഭിക്കണമെന്ന ആഗ്രഹം കുറേ നാളായി എനിക്കുണ്ട്. അതിനു മുന്പ് സ്വന്തം നാട്ടിൽ ഒരെണ്ണം തയ്യാറാക്കാം എന്ന് ഓർത്തു. അങ്ങനെയാണ് ഇതിന് തുടക്കം കുറിക്കുന്നത്. ധാരാളം പ്രതിസന്ധികളെ തരണം ചെയ്്തു തന്നെയാണ് സ്വ്പ്നം സാക്ഷാത്കരിച്ചിരിക്കുന്നത്' ലക്ഷമി വിശദീകരിച്ചു. വൈകിട്ട് നാടൻ ഭക്ഷണം. ഉച്ചയ്ക്ക് നാടൻ ഉൗണ് എന്നിങ്ങനെയാണ് ഓ ജൂലിയയിലെ മെനു. മലയാളികൾ തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഗുണമേൻമയിൽ വിട്ടു വീഴ്ച്ചയ്ക്കില്ല എന്നാണ് ലക്ഷമിയുടെ അഭിപ്രായം.

"ഫോഴ്സിന്‍റെ ട്രാവലറിനെ റിനോവേറ്റ് ചെയ്താണ് ട്രക്ക് ഒരുക്കിയിരിക്കുന്നത്. എരൂര് ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്.അവിടെയാണ് പാചകമൊക്കെ ചെയ്യുന്നത്. വീടിന്‍റെ പോർച്ചിലും മറ്റും ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊക്കെ ഒരുക്കിയിട്ടുണ്ട് സംരംഭത്തെക്കുറിച്ച് ലക്ഷമി പറഞ്ഞു.

ഭാവി

ഒരു ട്രക്കാണ് ഇപ്പോഴുള്ളത്. രണ്ടാമതൊന്നു കൂടി വാങ്ങിയിട്ടുണ്ട്. അതിന്‍റെ റിനോവേഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രാഞ്ചൈസി മോഡലിൽ ബിസിനസ് വളർത്താനാണുദ്ദേശിക്കുന്നത്. അതിനെ സംബന്ധിച്ച പരസ്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തു നൽകാൻ ഇവർ തയ്യാറാണ്. ഒരു ഈവന്‍റ് മാനേജ്മെന്‍റ് പ്ലാനിംഗും കൂടി ഇതിനൊപ്പം വളർത്തിക്കൊണ്ടു വരികയാണ് ലക്ഷമിയുടെ ലക്ഷ്യം. കേരളത്തിൽ ഫുഡ് ട്രക്കുകളുണ്ടെങ്കിലും അവ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണുപയോഗിക്കുന്നത്. ഇതുപോല ലൈവ് കിച്ചണും മറ്റുമില്ല. ലക്ഷമി പറഞ്ഞു. അമ്മ മഞ്ജു അച്ഛൻ സുരേഷ് ബാബു എന്നിവരും ലക്ഷമിയുടെ സഹോദരനും സുഹൃത്തുക്കളായ അശ്വതി, മിഥുൻ, അനന്തകൃഷ്ണൻ എന്നിങ്ങനെ നിരവധിപേരുണ്ട് ലക്ഷ്മിക്കൊപ്പം കൂട്ടായി.

നൊമിനിറ്റ ജോസ്