രുചികളൊരുക്കി നൽകി കൃഷ്ണാനന്ദിന്‍റെ കന്പനി
കോഴിക്കോട് വരെ ഒന്നു പോയാൽ പാരഗണ്‍ ഹോട്ടലിലെ ബിരിയാണി കഴിക്കണമെന്നു നിർബന്ധള്ളവർ. ഇങ്ങനെ ഇങ്ങനെ ഓരോ നാട്ടിലെത്തിയാൽ അതാതു നാട്ടിലെ രുചി ഒന്ന് അറിയണമെന്ന് ആഗ്രഹിക്കുന്നവരാണെല്ലാവരും.

ഒരു ഹോട്ടലോ റസ്റ്റോറന്‍റ് എന്തുമായിക്കൊള്ളട്ടെ അവർക്കൊക്കെയും വേറിട്ടു നിർത്തുന്ന ഒരു റെസിപ്പിയുണ്ടാകും. ലോകത്തിന്‍റെ ഏതു കോണിൽ നിന്നും ആളുകൾ ഈ രുചി തേടിയാകും ഇവിടെയെത്തുന്നത്. അങ്ങനെ രുചി തേടി നടക്കുന്നവർക്കായി രുചിക്കൂട്ടൊരുക്കി നൽകാൻ തയ്യാറായിട്ടൊരാളുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടത്തായി കാർത്തികയിൽ കൃഷ്ണാനന്ദ്.
ഭക്ഷ്യ മേഖലയിൽ 25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കൃഷ്ണാനന്ദ് 1990-91 കാലഘട്ടത്തിൽ കോഴിക്കോട് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോഴ്സ് കഴിഞ്ഞിറങ്ങി. പിന്നെ താജ്, ഒബ്റോയ് തുടങ്ങിയ ഹോട്ടലുകൾ, സൗദി എയർലൈൻ, കപ്പലുകൾ എന്നിവിടങ്ങളിലെല്ലാം പ്രവർത്തനപരിചയമുള്ള കൃഷ്ണാനന്ദ് പുതിയൊരു സംരംഭവുമായി എത്തിയിരിക്കുകയാണ്.

റെസിപ്പി, പരിശീലനം, സാങ്കേതിക സഹായം

സെന്‍റർ ഫോർ അഡ്വാൻസ്ഡ് റെസിപ്പി റിസേർച്ച് ആൻഡ് ഡെവലപ്മെന്‍റ് എന്നതാണ് കൃഷ്ണാനന്ദിന്‍റെ സ്ഥാപനത്തിന്‍റെ പേര്. ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ സ്ഥാപനം ചെയ്യുന്നത്. ഹോട്ടലുകളുടെ ഡിസൈനിംഗ്, മെനു പാക്കേജ്, നാച്ചുറോപ്പതി കുസിൻസ്, ആയുർവേദിക് കുസിൻസ് എന്നിവ കൂടാതെ പ്രോഡക്ട്ഡെവലപ്മെന്‍റ്, സപ്പോർട്ട് സർവീസ് എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
"ഒരാൾ ഒരു ഹോട്ടൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു. അയാൾക്ക് അയാളുടെ ഹോട്ടലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്ന ഒരു റെസിപ്പി വേണം. അത് എന്തെങ്കിലും പാനീയമോ ഭക്ഷണമോ ആകാം.

എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞാൽ ഞങ്ങൾ അതിനനുസരിച്ച് റെസിപ്പി തയ്യാറാക്കും. അവർക്ക് ഇഷ്ടപ്പെടുന്ന രുചി തെരഞ്ഞെടുക്കാം. അതിനുശേഷം ആ രുചി അവരുടേതു മാത്രമാണ്. അതിൽ ഞങ്ങൾക്ക് ഒരു അവകാശവും ഇല്ല.’ , കൃഷ്ണാനന്ദ് തന്‍റെ സ്ഥാപനത്തെക്കുറിച്ച് വിശദീകരിച്ചു.


ഒരു ചെറുകിട അച്ചാർ യൂണിറ്റോ അല്ലെങ്കിൽ ചിപ്സ് യൂണിറ്റ് മറ്റോ ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനാവശ്യമായ പരിശീലനം, യൂണിറ്റ് തുടങ്ങാൻ സാങ്കേതികസഹായമുൾ പ്പെടെയുള്ള സഹായങ്ങൾ, വിപണി പിന്തുണ എന്നിവയെല്ലാം നൽകും.

സ്വന്തം സംരംഭത്തിലേക്ക്

"ഫ്രീലാൻസായി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. ഇപ്പോഴാണ് ഒരു കന്പനി എന്ന നിലയിലേക്ക് സംരംഭത്തെ എത്തിക്കുന്നത്.’, കൃഷ്ണാനന്ദ് പറയുന്നു. ബംഗളരൂവിലുള്ള ജിൻഡാൽ നാച്ചുറോപ്പതി ആശുപത്രി, ക്ലൗഡ് കിച്ചണ്‍ കോഴിക്കോട്, പ്യൂർ സോപ്പ് കോഴിക്കോട്, സീത പാനി കണ്ണൂർ എന്നിവയെല്ലാം കൃഷ്ണാനന്ദ് ചെയ്തു നൽകിയതാണ്. ബംഗളുരു കേന്ദ്രീകരിച്ച് ധാരാളം വർക്കുകൾ ചെയ്തിട്ടുണ്ട്.
ഒരു പ്രോജക്ടിന്‍റെ ഒരു സാധ്യത മാത്രമല്ല ഞങ്ങൾ കാണുന്നത്. ഉദാഹരണത്തിന് കടലമിഠായി ചെയ്യാനുദ്ദേശിക്കുന്നു എന്നിരിക്കട്ടെ കടലമിഠായി ചെയ്യുന്ന മെഷീനിൽ മറ്റു പല ഉത്പന്നങ്ങളും ചെയ്യാൻ സാധിക്കും. ആ പ്രോഡക്ട് ലൈൻ ഉപയോഗിച്ച് വേറെ എന്തൊക്കെ ചെയ്യാം എന്നത് കണ്ടെത്തി അതിനു കൂടിയുള്ള അവസരം നൽകുന്നു. ഇത് ഞങ്ങളുമായി ചേർന്നോ അല്ലാതെയോ സംരംഭകർക്ക് മുന്നോട്ടു കൊണ്ടു പോകാം.

ഭാര്യ സ്മിത, മകൾ അഞ്ചിക എന്നിവരാണ് കൃഷ്ണാനന്ദിന് പിന്തുണയുമായി ഒപ്പമുള്ളത്.