ബിസിനസിനെ വളർത്താൻ സോഷ്യൽ മീഡിയകൾ
ബിസിനസ് രംഗത്തെ പ്രധാന ആശയവിനിമയ മാർഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ പോലുള്ള നെറ്റ് വർക്കുകൾ ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിനും ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമുള്ള മാർഗങ്ങൾ തുറന്നുനൽകി.

അതിനാൽതന്നെ, "എന്‍റെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനു ഞാൻ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഉപയോഗിക്കണോ?’ എന്ന ചോദ്യം ഇനി പ്രസക്തമല്ല. പകരം "എന്‍റെ ബിസിനസ് മെച്ചപ്പെടുത്താൻ ഞാൻ സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം?’ എന്നാണു സംരംഭകർ ചോദിക്കേണ്ടത്.

ഏതു ബിസിനസിനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രം അത്യാവശ്യമാണ്. എന്നാൽ, ചെറുകിട ബിസിനസ് രംഗത്തെ മിക്ക സ്ഥാപനങ്ങൾക്കും ഇപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടുകൾപോലുമില്ലെന്നതാണ് യാഥാർഥ്യം. ഇനി അക്കൗണ്ടും പ്രൊഫൈലും ഉണ്ടെങ്കിൽ തന്നെ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നുമില്ല. ഇതുകൊണ്ടുതന്നെ, മിക്ക ചെറുകിട വ്യവസായ സംരംഭങ്ങളുടെയും സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, റീച്ചിന്‍റെയും ലാഭത്തിന്‍റെയും കാര്യത്തിൽ ഫലം കാണുന്നില്ല.

മികച്ച സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രമുള്ള സംരംഭങ്ങൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ഇടപെടാൻ സാധിക്കും. ഇതിലൂടെ കച്ചവടം വർധിപ്പിക്കാം. എങ്ങനെ മികച്ച രീതിയിൽ സോഷ്യൽമീഡിയ വഴി ബിസിനസ് വർധിപ്പിക്കാമെന്നു നോക്കാം.
ആദ്യം വേണ്ടത് തിരിച്ചറിവാണ്. എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന തിരിച്ചറിവ്. രണ്ടാമത് ഉപഭോക്താവിനെ തിരിച്ചറിയുകയെന്നതാണ്. മൂന്നാമത് ബിസിനസ് താൽപ്പര്യങ്ങൾ പങ്കുവയ്ക്കുകയും വിജയത്തിലേക്കുള്ള വഴികൾ കണ്ടെത്തുകയെന്നതുമാണ്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാം. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് അത്ര സങ്കീർണമോ ചെലവേറിയതോ അല്ല. ചെറുതായ രീതിയിൽ തുടങ്ങി മുന്നോട്ടുപോകുകയാണ് വേണ്ടത്.

1. വേണ്ടതെന്തെന്നു തിരിച്ചറിയണം
തന്ത്രം സൃഷ്ടിക്കുന്നതിനു മുന്പേ, നിങ്ങൾ നിലവിൽ എവിടെയാണെന്നും നിങ്ങൾക്ക് എവിടേക്കാണ് എത്തേണ്ടതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇന്നു മിക്ക ചെറുകിട ബിസിനസ് ഉടമകൾക്കും വെബ്സൈറ്റും ഫേസ്ബുക്ക് പേജുമുണ്ട്. എന്നാൽ, ഇതുകൊണ്ട് എന്താണു ചെയ്യേണ്ടതെന്നു മിക്കവർക്കും അറിയില്ല. ആരംഭിക്കുന്നതിനുമുന്പ് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ മുൻകൂട്ടി കാണേണ്ടതുണ്ട്.
നിങ്ങളുടെ വെബ്സൈറ്റിൽ കൂടുതൽ സന്ദർശകർ എത്തണോ? കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണോ? ബിസിനസിനെക്കുറിച്ചു കൂടുതൽ ആളുകൾ അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇവയെല്ലാം നിർണായക ചോദ്യങ്ങളാണ്. ഇവയ്ക്കെല്ലാമുള്ള ഉത്തരം സ്ട്രാറ്റജി വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കും.

2. ഉപഭോക്താക്കളെ കണ്ടെത്തുക
നിങ്ങൾ കുട്ടികൾക്കായി ആരോഗ്യ പാനീയം വിൽക്കുന്ന ഒരു ചെറുകിട ബിസിനസ് സംരംഭകനാണെന്നു കരുതുക. സ്വാഭാവികമായും നിങ്ങളുടെ വിപണിയിലെ ലക്ഷ്യം മാതാപിതാക്കളായിരിക്കും. ഈ തിരിച്ചറിവുകൊണ്ടുമാത്രം സോഷ്യൽമീഡിയയിൽകൂടെ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കില്ല. ഉപഭോക്താവിനെ കൂടുതൽ അറിഞ്ഞ് മാർക്കറ്റ് ചെയ്താൽ മാത്രമേ സോഷ്യൽമീഡിയ മാർക്കറ്റിംഗ് ഫലപ്രദമാകൂ.
ഉദാഹരണത്തിന് നിങ്ങളുടെ പ്രോഡക്ട് ലക്ഷ്യമിടുന്നത് മാതാപിതാക്കളായ ഉപഭോക്താക്കളെയാണെങ്കിൽ അവരുടെ പ്രായം, ഉത്പന്നം വിപണനം ചെയ്യുന്ന മേഖല, അവരുടെ വരുമാനം, അവരുടെ സോഷ്യൽമീഡിയ ശീലങ്ങൾ (അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകൾ) തുടങ്ങി ഉപഭോക്താക്കളുടെ വിവരങ്ങൾ അറിഞ്ഞ് മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പാക്കിയാലേ നേട്ടമുണ്ടാക്കാൻ സാധിക്കൂ.

3. താൽപ്പര്യങ്ങൾ പങ്കുവയ്ക്കുക
നിങ്ങളുടെ ഉപഭോക്താവ് ആരെന്നും നേടേണ്ടത് എന്തെന്നും അറിഞ്ഞുകഴിഞ്ഞാൽ, അവരെ ലക്ഷ്യംവച്ചുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാം. ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സഹായകരമായ ടിപ്പുകൾ, ആനന്ദം നൽകുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ്, ബ്ലോഗുകൾ, കന്പനിയുടെ വാർത്താക്കുറിപ്പുകൾ, അഭിമുഖങ്ങൾ, വിദഗ്ധരുടെ ലേഖനങ്ങൾ, ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന ഇ-ബുക്കുകൾ, ഇ-ബ്രോഷറുകൾ എന്നിവ ചില ഉദാഹരണങ്ങളാണ്. നിങ്ങളുടെ ലക്ഷ്യപരിധിയിലുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം നിലനിർത്താൻ കൃത്യമായ ഇടവേളകളിൽ ഇവ പോസ്റ്റ് ചെയ്യുകയും വേണം. പോസ്റ്റ് ചെയ്യേണ്ടവയുടെ പട്ടിക അനന്തമാണ്. നിങ്ങളുടെ കന്പനിയുടെ ആശയങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം നൽകുക എന്നതാണു പ്രധാനം.

ഉദാഹരണത്തിന് കുട്ടികളുടെ ആരോഗ്യ പാനീയം വിൽക്കുന്ന ബിസിനസിനെ പരിഗണിച്ചാൽ പോസ്റ്റുകൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ് എന്നിവ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാകണം.

4. നേട്ടങ്ങൾക്കുള്ള വഴികൾ തിരിച്ചറിയുക
പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ശ്രമങ്ങൾ വിജയകരമാണോ എന്നറിയാൻ കഴിയും. ഫോളോവേഴ്സ്, പേജ് വ്യൂസ്, ലൈക്കുകൾ എന്നിങ്ങനെയുള്ളവ നിങ്ങളുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ശ്രമങ്ങളുടെ സ്വാധീനം അളക്കുന്നതിനുള്ള ശരിയായ മാർഗമായി കണക്കാക്കാൻ സാധിക്കില്ല. പകരം, ഇടപെടലുകളിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതായത് ഷെയർ, ക്ലിക്ക്, റീട്വീറ്റ് എന്നിങ്ങനെ നിങ്ങളുടെ ഉള്ളടക്കവുമായി ആളുകൾ എത്രമാത്രം ഇടപഴകുന്നു എന്നതിനെ ആസ്പദമാക്കി സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെ വിലയിരുത്താം.

5. കമ്മ്യൂണിറ്റി സൃഷ്ടിക്കുക
ഉള്ളടക്കങ്ങൾ വേണ്ടവിധത്തിൽ ആളുകളിലേക്ക് എത്തിച്ചേരുന്നു, അവർ അതിനോട് ഇടപെടുന്നു എന്നുറപ്പാക്കുന്നതു സോഷ്യൽ മീഡിയ മാർക്കറ്റിംഗിലെ പ്രധാന ഘടകമാണ്.
നിങ്ങൾ ഒരു ഐസ്ക്രീം പാർലറിന്‍റെ ഉടമയാണെന്നു കരുതുക. നിങ്ങൾ ലക്ഷ്യമിടുന്നവരിലേക്ക് ഐസ്ക്രീമുകളുടെയും ഒൗട്ട് ലെറ്റ് ഫോട്ടോകളുടെയും പോസ്റ്റുകൾ മാത്രം നൽകിയാൽ പോര. ക്വിസുകൾ, ഡിസ്കൗണ്ടുകൾ, മത്സരങ്ങൾ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നിങ്ങളുടേതായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പെടുക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഒരു ’ബിഗ് സ്കൂപ്പ് വെനസ്ഡേ’ ഒരുക്കുക. ഈ ദിവസം 15 വയസിനു താഴെയുള്ള കുട്ടികൾക്കു സൗജന്യമായോ കുറഞ്ഞ നിരക്കിലോ രണ്ടാമത്തെ സ്കൂപ്പ് വാഗ്ദാനം ചെയ്യുക. പ്രൊഫൈലുകളിലെ ഇടപെടലുകളിൽ ’ലൊക്കേഷൻ ടാഗ്’ ഉപയോഗിക. ഇതു പ്രദേശത്തെ നിങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ സഹായിക്കും.
അഭിപ്രായങ്ങളോട് അതിവേഗം പ്രതികരിക്കുക, ആളുകളെ ആവേശം കൊള്ളിക്കുന്ന സ്റ്റോറികൾ സൃഷ്ടിക്കുക എന്നിവ സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ പ്രധാനമാണ്.

ലക്ഷ്യം നേട്ടം മാത്രം

ഏതൊരു മാർക്കറ്റിംഗ് തന്ത്രത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം ലാഭമാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രത്തിന്‍റെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല. എന്നാൽ, ഉപഭോക്താവിന്‍റെ താൽപ്പര്യങ്ങൾക്കായിരിക്കണം മുൻഗണന. ഇതിലൂടെ മാത്രമേ അവർ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരൂവെന്ന് തിരിച്ചറിയണം.

സന്തുഷ്ടനായ ഒരു ഉപഭോക്താവാണു സമൂഹത്തിലെ നിങ്ങളുടെ മികച്ച പ്രചാരകൻ. ഒരു ഉപഭോക്താവിൽനിന്നു നിങ്ങൾക്ക് നല്ല ഫീഡ്ബാക്ക് ലഭിക്കുന്പോൾ, അവരുടെ അനുഭവങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ റിവ്യൂസ് അല്ലെങ്കിൽ നിങ്ങളുടെ വെബ്സൈറ്റിൽ നേരിട്ടു പങ്കുവയ്ക്കാൻ അവരോട് ആവശ്യപ്പെടണം. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ഫീഡ്ബാക്കിനെ ഒരിക്കലും അവഗണിക്കരുത്, അതേസമയം, തന്നെ ശ്രദ്ധിക്കപ്പെടാതിരിക്കുകയും വേണം. ഇതിനായി, ഉടനടി പ്രതികരിച്ച് കമന്‍റ് ചെയ്തയാൾക്കു സംതൃപ്തി ലഭിക്കുന്ന തരത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക.

പ്രധാനമായും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രത്തിലെ മൂന്ന് ’സി’കൾ ഓർമയിൽ സൂക്ഷിക്കണം. അവ കണ്ടന്‍റ് (ഉള്ളടക്കം), കമ്മ്യൂണിറ്റി, കോണ്‍വർസേഷൻ (ഇടപെടൽ) എന്നിവയാണ്. ഇവ ഓർമയിൽവച്ചുകൊണ്ടു മികച്ച രീതിയിൽ സോഷ്യൽ മീഡിയ ഇടപടലുകൾ നടത്തി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

പൂജ സുജിത്
ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്