വീണ്ടും ആഗോളമാ​ന്ദ്യം വരുന്നു?
വീണ്ടും ആഗോളമാ​ന്ദ്യം വരുന്നു?
Friday, September 27, 2019 3:35 PM IST
2019 ഓഗസ്റ്റ് 14. യുഎസ് ബോണ്ട് വിപണിയിൽ പത്തുവർഷ ട്രഷറി ബോണ്ട് വരുമാനം, രണ്ടു വർഷ ട്രഷറി ബോണ്ടിന്‍റെ വരുമാനത്തേക്കാൾ താഴെയെത്തി. 2008-09ലെ ആഗോള സാന്പത്തിക മാന്ദ്യകാലത്തിനുശേഷം ആദ്യമായാണ് ഇതു സംഭവിച്ചിട്ടുള്ളത്. ഇൻവേർട്ടഡ് യീൽഡ് കർവ് ( വിപരീത വരുമാന വക്രരേഖ) എന്ന ഈ പ്രതിഭാസം സാന്പത്തിക മാന്ദ്യത്തിനു മുന്നോടിയാണെന്നാണു വിലയിരുത്തൽ.

ഈ വാർത്ത പുറത്തു വന്നയുടൻ യുഎസ് ഓഹരി വിപണിയുടെ ബഞ്ച്മാർക്ക് സൂചികയായ ഡൗ ജോണ്‍സ് ഇൻഡസ്ട്രിയൽ ആവറേജ് എണ്ണൂറിലധികം പോയിന്‍റാണ് ഇടിഞ്ഞത്. യുഎസ് സന്പദ്ഘടനയെ സംബന്ധിച്ച ആശങ്കകളാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിലും ഇതു വൻ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇതിനെത്തുടർന്ന് ഒട്ടുമിക്ക വിപണികളിലും വിൽപനതരംഗമായിരുന്നു.

പൊതുവേ സന്പദ്ഘടനയ്ക്കും ഓഹരി വിപണിക്കുമുള്ള മുന്നറിയിപ്പായിട്ടാണ് യീൽഡ് കർവ് ഇൻവേർഷനെ കണക്കാക്കുന്നത്. യീൽഡ് കർവ് ഇൻവേർഷൻ സംഭവിച്ച് നിരവധി മാസങ്ങൾക്കുശേഷമാണ് സാധാരണ സന്പദ്ഘടനയിൽ മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങുക. കഴിഞ്ഞ 50 വർഷത്തെ മാന്ദ്യം പരിശോധിച്ചാൽ യീൽഡ് കർവ് ഇൻവേർഷൻ സംഭവിച്ചശേഷം 10 മുതൽ 24 മാസം വരെ കഴിഞ്ഞതിനു ശേഷമാണ് മാന്ദ്യമുണ്ടായിട്ടുള്ളത്.

മാന്ദ്യത്തിന്‍റെ വക്കിലേക്ക്

ലോകത്തെ മുൻനിരയിലുള്ള സന്പദ്ഘടനകൾ അടുത്തയിടെ പുറത്തുവിട്ട കണക്കുകൾ പ്രതീക്ഷ നൽകുന്നതല്ല. രണ്ടാം ക്വാർട്ടറിൽ യുകെ സന്പദ്ഘടന ചുരുങ്ങി. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സന്പദ്ഘടനയായ ജർമനിയുടെ ജിഡിപിയും ജൂണിലവസാനിച്ച ക്വാർട്ടറിൽ ചുരുങ്ങി. മെക്സിക്കോയുടെ ജിഡിപി തുടർച്ചയായ രണ്ടു ക്വാർട്ടറുകളിൽ ചുരുക്കം കാണിച്ചു. ഈ വർഷം മുഴുവൻ മെക്സിക്കൻ സന്പദ്ഘടന ദുർബലമായി തുടരുമെന്നുമാണ് കണക്കാക്കുന്നത്. ബ്രസീലും രണ്ടാം ക്വാർട്ടറിൽ നെഗറ്റീവ് വളർച്ചയിലേക്കു വീണു.
ചുരുക്കത്തിൽ ലോകത്തിലെ മുൻനിര സന്പദ്ഘടനകളും ജി 20 ഗ്രൂപ്പിൽ വരുന്നതുമായ രാജ്യങ്ങളുടെ സന്പദ്ഘടനകളിൽ നല്ലൊരു പങ്കിന്‍റെയും ജിഡിപി ചുരുങ്ങുകയോ നേരിയ വളർച്ചയിലോ ആണ്. യുഎസ് ചൈന വ്യാപാരയുദ്ധവും കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകുന്നതും ( ബ്രെക്സിറ്റ്) ലോക സന്പദ്ഘടനയെ മാന്ദ്യത്തിലേക്കു തള്ളിവിടുകയാണ്. ഇതിന്‍റെ ഫലമായി ആഗോള നിർമാണ മേഖല വലിയ തളർച്ചയിലുമാണ്. ലോകമാകെ ബിസിനസ് ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു.
2009നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയിലേക്ക് ആഗോള ജിഡിപി എത്തുമെന്നാണ് ഇന്‍റർനാഷണൽ മോണിട്ടറി ഫണ്ട് ( ഐഎംഎഫ്) ഏറ്റവുമൊടുവിൽ വിലയിരുത്തുന്നത്. നടപ്പുവർഷത്തെ ആഗോള സാന്പത്തികവളർച്ച 3.2 ശതമാനവും 2020ൽ 3.5 ശതമാനവുമാണ് ഐഎംഎഫ് അനുമാനിക്കുന്നത്.

ആഗോളതലത്തിൽ സന്പദ്ഘടനകൾ കടുത്ത ക്ഷീണം കാണിക്കുകയാണെന്നും യുഎസ് ചൈനാ വ്യാപാരയുദ്ധം രൂക്ഷമായാൽ ഒരുപക്ഷേ, അടുത്തഘട്ടം മാന്ദ്യമാകാമെന്നും ആഗോള നിക്ഷേപകസ്ഥാപനമായ മോർഗൻ സ്റ്റാൻലി മുന്നറിയിപ്പു നൽകുന്നു. നിക്ഷേപകസ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തലും അതുതന്നെയാണ്.

യുകെ ജിഡിപിയും ചുരുങ്ങി

മികച്ചൊരു കരാർ ഉണ്ടാക്കാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറിയാൽ മാന്ദ്യത്തിലേക്കുള്ള ആ രാജ്യത്തിന്‍റെ യാത്രയ്ക്കു വേഗം കൂടുമെന്നു വിലിയിരുത്തപ്പെടുന്നു. മാത്രവുമല്ല, 2012ന് ശേഷം ആദ്യമായി യുകെ സന്പദ്ഘടന 2019ന്‍റെ രണ്ടാം ക്വാർട്ടറിൽ ന്യൂന വളർച്ച (0.2 ശതമാനം) കാണിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ മാന്ദ്യഭീതി പതിയെ ഉയരുകയാണ്. പൗണ്ട് ഡോളറിനെതിരേ 31 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

മോശമായ ഉത്പാദനക്ഷമത, ഉയർന്ന തൊഴിലില്ലായ്മ, വൻകടം, രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവയെല്ലാം ഇറ്റലിയുടെ സന്പദ്ഘടനയെ ഉലയ്ക്കുകയാണ്.
പത്തൊന്പതു രാജ്യങ്ങളടങ്ങിയ യൂറോസോണിന്‍റെ ഏപ്രിൽ ജൂണ്‍ വളർച്ച 0.2 ശതമാനത്തിലേക്കു താഴ്ന്നു. ആദ്യ ക്വാർട്ടറിൽ 0.4 ശതമാനമായിരുന്നു വളർച്ച. മെക്സിക്കോയിൽ സേവനമേഖല കടുത്ത സമ്മർദത്തിലാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സന്പദ്ഘടനയായ ബ്രസീൽ വ്യാവസായികോത്പാദന മുരടിപ്പിലും ഉയർന്ന തൊഴിലില്ലായ്മയും മൂലം വൻതളർച്ചയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്പദ്ഘടനയായ ചൈന മൂന്നു ദശകത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചയിലൂടെ (ജൂണ്‍ ക്വാർട്ടറിൽ 6.3 ശതമാനം) കടന്നുപോവുകയാണ്. യുഎസുമായുള്ള വ്യാപാരയുദ്ധം ചൈനയെ വല്ലാതെ തളർത്തുന്നു. ചൈനയിലെ കാർ വിപണി കുത്തനെ ഇടിയുകയാണ്.

ചൈന മാത്രമല്ല, യുഎസും വ്യാപാരയുദ്ധത്തിന്‍റെ ഫലം അനുഭവിക്കുന്നുണ്ട്. ജൂണിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ യുഎസിന്‍റെ വളർച്ച 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. ആദ്യക്വാർട്ടറിലിത് 3.1 ശതമാനമായിരുന്നു.


യുഎസ് മാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത രണ്ടു മാസം മുന്പുള്ളതിനേക്കാൾ വളരെ ഉയർന്നിരിക്കുകയാണെന്നാണ് മുൻ യുഎസ് ട്രഷറി സെക്രട്ടറിയും വൈറ്റ് ഹൗസ് ഇക്കണോമിക് അഡ്വൈസറുമായിരുന്ന ലോറൻസ് സമേഴ്സ് ഈയിടെ അഭിപ്രായപ്പെട്ടത്. അടുത്ത 12 മാസത്തിൽ യുഎസ് മാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത 50 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വ്യാപാര യുദ്ധം കരിനിഴൽ വീഴ്ത്തുന്നു

ചൈനാ യുഎസ് വ്യാപാരയുദ്ധം മൂലം 2020ൽ ആഗോള ജിഡിപിയിൽ അര ശതമാനത്തിന്‍റെ ഇടിവുണ്ടാക്കുമെന്നു ഐഎംഎഫ് മുന്നറിയിപ്പു നൽകുന്നു. വ്യാപാരയുദ്ധം അടുത്ത മൂന്നു ക്വാർട്ടറിനുള്ളിൽ ലോകത്തെ മാന്ദ്യത്തിലേക്കു തള്ളിവിടാമെന്ന് മോർഗൻ സ്റ്റാൻലിയുടെ സാന്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. ചൈനയും യുഎസുമായുള്ള വിരാമമില്ലാത്ത വ്യാപാരയുദ്ധം ദിവസം ചെല്ലുന്തോറും ആഗോള വ്യാപാരത്തിൽ സമ്മർദം ഉയർത്തുകയാണ്. ഇതു വിപണിയിലെ ഇടിവിന് ആക്കം കൂട്ടുന്നു. കന്പനികളാകട്ടെ നിക്ഷേപം നടത്തുന്നതിൽനിന്നു പിൻവലിയുകയാണ്. ഇത് ഉത്പാദന, സേവനമേഖലകളിലും തൊഴിൽ വിപണിയിലും ഉപഭോഗമേഖലയിലുമുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. യുഎസ് ചൈന സംഘർഷത്തിനപ്പുറത്ത് ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ സന്പദ്ഘടനയിലും ഇതു പ്രത്യാഘാതമുണ്ടാക്കുന്നു.

വളർച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫെഡറൽ റിസർവും ഇന്ത്യയുൾപ്പെടെ പല വികസ്വര രാജ്യങ്ങളും ന്യൂസിലൻഡും തായ് ലഡുമൊക്കെ പലിശ നിരക്കു കുറച്ചിട്ടുണ്ട്. പതിനൊന്നു വർഷത്തിൽ ആദ്യമായിട്ടാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കുന്നത്.

പക്ഷേ, 2008ലെപോലെ പലിശ കുറയ്ക്കൽവഴി ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിക്കുകയില്ലെന്നു പല സാന്പത്തികശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഇപ്പോൾതന്നെ പലിശ താഴ്ന്ന നിലയിലാണ്. പല കേന്ദ്രബാങ്കുകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാന്ദ്യകാലത്തെ ക്ഷീണം ഇനിയും മാറിയിട്ടില്ല. ധനനയത്തിൽ അയവുവരുത്തുവാൻ സാധിക്കുന്ന അവസ്ഥയിലല്ല പല ഗവണ്‍മെന്‍റുകളും. അതുകൊണ്ടുതന്നെ ധനകാര്യ വിപണിയിൽ യഥാസമയം ഇടപെടാൻ കേന്ദ്രബാങ്കുകൾക്ക് സാധിക്കാതെ പോയി.
ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്താണെന്നു നിശ്ചയിക്കാൻ നാം പലിശ നിരക്കിനെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അതു നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം നൽകുകയില്ല:’ കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കൊമേഴ്സ് മൈക്രോ സ്ട്രാറ്റജി ഫോർ ഏഷ്യയുടെ തലവൻ പാട്രിക് ബെന്നറ്റ് പറയുന്നു.

വ്യാപാരയുദ്ധം തുടർന്നാൽ അതു കറൻസി യുദ്ധത്തിലേക്കു വഴിതെളിക്കുമെന്നു ബാങ്ക് ഓഫ് അമേരിക്കയുടെ ഇക്കണോമിസ്റ്റുകൾ മുന്നറിയിപ്പു നൽകുന്നു. ചൈനയെ കറൻസി മാനിപ്പുലേറ്ററായിട്ട് അമേരിക്ക വിശേഷിപ്പിച്ചു കഴിഞ്ഞു.

ആഗോള വളർച്ചയുടെ ഉൗർജമായി പ്രവർത്തിക്കുന്ന സേവനമേഖലയും മാനുഫാക്ചറിംഗിന്‍റെ പാത പിന്തുടരുന്ന സൂചനയാണ് പുറത്തുവരുന്നത്. ആഗോള സേവന മേഖലയിലെ വളർച്ച കുറയുകയാണ്.

ജർമനി ന്യൂനവളർച്ചയിൽ

ലോകം മാന്ദ്യത്തിലേക്കു നീങ്ങുമെന്ന ആശങ്ക ഉയരവേ ലോകത്തിലെ നാലാമത്തേതും യൂറോപ്പിലെ ഏറ്റവും വലിയതുമായ ജർമൻ സന്പദ്ഘടന ഏപ്രിൽ ജൂണ്‍ ക്വാർട്ടറിൽ 0.1 ശതമാനം ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ജർമനിയുടെ വാർഷിക വളർച്ച 0.4 ശതമാനമായിരുന്നു.

കയറ്റുമതി ഇടിഞ്ഞതാണ് ജർമൻ തളർച്ചയുടെ മുഖ്യകാരണം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി രാജ്യമായ ജർമനി ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് ചൈനയിലേക്കും യുഎസിലേക്കുമാണ്. അതുകൊണ്ടുതന്നെ ചൈന വ്യാപാരയുദ്ധത്തിന്‍റെ കേന്ദ്രമായി മാറിയിരിക്കുന്നത് ജർമനിയെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്. ബ്രെക്സിറ്റും ജർമനിയുടെ കയറ്റുമതി മേഖലയ്ക്കു തിരിച്ചടിയാണ്.

കഴിഞ്ഞവർഷം മൂന്നാം ക്വാർട്ടറിൽ ന്യൂനവളർച്ച കാണിച്ച ജർമനി തുടർ ക്വാർട്ടറുകളിൽ ദുർബലമായിരുന്നുവെങ്കിലും പോസിറ്റീവ് വളർച്ച നേടിയിരുന്നു. നടപ്പുവർഷത്തെ മൂന്നാം ക്വാർട്ടറിൽ ജർമനി വളർച്ചയിലേക്കു തിരിച്ചുവരുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഇന്ത്യൻ വളർച്ച കുറയും

ഇന്ത്യ മാന്ദ്യത്തിലേക്കു വീഴുകയില്ലെങ്കിലും വളർച്ചാത്തോത് ഗണ്യമായി കുറയുമെന്നും മോർഗൻ സ്റ്റാൻലി മുന്നറിയിപ്പു നൽകുന്നു. മൂന്നു ക്വാർട്ടറുകളായി ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ചാത്തോത് കുറഞ്ഞുവരികയാണ്. 2019 ജനുവരി മാർച്ച് ക്വാർട്ടറിലെ വളർച്ച 5.8 ശതമാനമാണ്. മാത്രവുമല്ല, ഇന്ത്യയുടെ മാനുഫാക്ചറിംഗ്, അടിസ്ഥാനസൗകര്യ മേഖലകൾ പല ക്വാർട്ടറുകളായി തളർച്ചയിലാണ്.

ജോയി ഫിലിപ്പ്