ജോളി, കരുതലിന്‍റെ ഇഴയടുപ്പം
ജോളി,  കരുതലിന്‍റെ  ഇഴയടുപ്പം
Wednesday, September 4, 2019 3:22 PM IST
വജ്രാഭരണങ്ങളുടെ കാരറ്റിനോടും തിളക്കത്തോടും കിടപിടിക്കുന്ന പട്ടുസാരികൾ. ലോകപ്രശസ്തമായ ജോയ്ആലുക്കാസ് ജ്വല്ലറികളിലെ സ്വർണ, വജ്രാഭരണങ്ങളേപ്പോലെ ഒരു പവൻതൂക്കം മുന്നിലാണ് ജോളി സിൽക്സിലെ പട്ടുസാരികൾ ഉൾപ്പെടെയുള്ള ഫാഷൻ വസ്ത്രശേഖരം. കേരളത്തിൽ തൃശൂർ, കോട്ടയം, കൊല്ലം, തിരുവല്ല, അങ്കമാലി എന്നിവിടങ്ങളിൽ ജോളി സിൽക്സിന് ഷോറൂമുകളുണ്ട്. ജോളി സിൽക്സിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോളി ജോയ് ആലുക്കാസ്, സംരംഭക എന്നതിലുപരി കരുണയുടേയും കരുതലിന്‍റെയും തണലാണ്. പട്ടുപോലുള്ള മനസിൽനിന്നു നെയ്തെടുത്ത കാരുണ്യപ്പട്ട്.

അർഹിക്കുന്നവർക്ക് സഹായം എത്തിക്കാൻ

ഭർത്താവ് ജോയ് ആലുക്കാസ് 1987 ൽ ഗൾഫ് നാടുകളിൽ ജോയ്ആലുക്കാസ് ഷോറൂമുകൾക്കു തുടക്കമിട്ടതു മുതൽ ജോളി ഒരുക്കിയതാണ് ജീവകാരുണ്യത്തിന്‍റെ നീരുറവ. അതിൽനിന്നു ജീവിതത്തിന്‍റെ ഉൗടും പാവും നേടിയവർ അനേകായിരങ്ങളാണ്. ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്ക ഉൾപ്പെടെയുള്ള പല ലോകരാജ്യങ്ങളിലും കരുണയുടെ കരങ്ങളെത്തി. ഭവനരഹിതർക്കു വീടുകൾ, യുവതികൾക്കു വിവാഹം, ചികിൽസാ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്, രക്തദാനം എന്നിങ്ങനെ വൈവിധ്യമേറിയ സഹായങ്ങൾ.

ക്ലേശിതരെ സഹായിക്കുന്പോൾ മനസിൽ നിറയുന്നത് ആനന്ദക്കടലാണ്. ജോളി ജോയി എന്ന പേരുതന്നെ അന്വർഥമാക്കുന്ന ആനന്ദം.

"ജോളി സിൽക്സിന്‍റെ മാനേജിംഗ് ഡയറക്ടറെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളേക്കാൾ ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ സാമൂഹ്യ സേവന സംരംഭമായ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍റെ സാരഥി എന്ന നിലയിലുള്ള ജോലിത്തിരക്കിലാണ് ജോളി ജോയി.

ജോളി സിൽക്സിൽ മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകാൻ കഴിവുള്ള മാനേജർമാരും ജീവനക്കാരുമുണ്ട്. മികച്ച ഡിസൈനും മേന്മയുമുള്ള പട്ടുസാരികളും ഫാഷൻ വസ്ത്രങ്ങളുമെല്ലാം തെരഞ്ഞെടുത്ത് ഷോറൂമുകളിൽ എത്തിക്കാനുള്ള വിദഗ്ധരും ജോളി സിൽക്സിലുണ്ട്. പൊതുവേ ഒരു മേൽനോട്ടം മാത്രമേ ഞാൻ ചെയ്യേണ്ടിവരാറുള്ളൂ. എന്നാൽ അർഹിക്കുന്നവർക്ക് സഹായം നൽകാൻ ഞാൻതന്നെ ശ്രദ്ധിക്കണം ജോളി ജോയി പറയുന്നു.

ഭർത്താവ് ജോയ് ആലുക്കാസ് ദുബായിൽ ജോയ്ആലുക്കാസ് ജ്വല്ലറി തുടങ്ങിയ 1987 നു പിറകേ, ജോളി സേവനരംഗത്തിറങ്ങി. വിസയും ടിക്കറ്റും ഇല്ലാതെ കുടുങ്ങിപ്പോയവരെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. ലേബർ ക്യാന്പിൽ ക്ലേശിക്കുന്നവർക്കും ഭക്ഷണം കിട്ടാതെ വിഷമിച്ചവർക്കുമെല്ലാം ആ സേവനം എത്തി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ ചെയർമാൻകൂടിയായ ഭർത്താവിന്‍റെ പിന്തുണയും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നു. ഇത്തരം സഹായങ്ങൾക്കെല്ലാം കണക്കും ചിട്ടയുമെല്ലാം ഉണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. അങ്ങനെ ചിട്ടയോടെ സേവനങ്ങൾ തുടങ്ങി. ഇതാണു പിന്നീട് ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ സാമൂഹ്യ സേവന വിഭാഗമായി വളർന്നത്.

സേവനങ്ങൾക്ക് ജീവനക്കാരുടെ പിന്തുണയും തേടി. MY50’ എന്ന പേരിൽ ജീവകാരുണ്യ പ്രസ്ഥാനത്തിന് തുടക്കമിട്ടത് അങ്ങനെയാണ്. ജീവനക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവന നൽകാം. മിനിമം അന്പതു ഫിൽസ് നൽകണമെന്നു മാത്രം.

ദുബായിലെ ജയിലിൽ കുടുങ്ങിയ 13 ബംഗ്ലാദേശി പെണ്‍കുട്ടികൾക്കു നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റു നൽകിക്കൊണ്ടായിരുന്നു MY50’’ പദ്ധതിയുടെ തുടക്കം. 12 പേർക്കുള്ള ടിക്കറ്റ് ജോളി ജോയി നൽകി. ഒരാൾക്കുള്ള ടിക്കറ്റ് നൽകാൻ ജീവനക്കാരും തയാറായി. ഇത്തരം സേവനങ്ങൾ തുടർന്നു.


കുടുംബത്തെയും കൂടെച്ചേർത്ത്

ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ പ്രവർത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിച്ച 2001 ൽ സംസ്ഥാനത്തെ വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 101 യുവതികൾക്കായി തൃശൂരിൽ സമൂഹവിവാഹം നടത്തി.

ജോയ്ആലുക്കാസ് ജ്വല്ലറികൾ പ്രവർത്തിക്കുന്ന 11 രാജ്യങ്ങളിൽ ജോയ് ഫോർ എർത്ത് എന്ന പേരിലാണ് ജീവകാരുണ്യ സേവനങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിലും. പ്രളയത്തിൽ വീടു തകർന്നവർക്കായി പതിനഞ്ച് കോടി മുടക്കി 250 വീടുകളാണ് ഫൗണ്ടേഷൻ സജ്ജമാക്കിയത്. കാസർകോട് എൻഡോസൾഫാൻ ബാധിതർക്ക് 36 വീടു പണിതുകൊടുത്തു. ജോയ്ആലുക്കാസ് വില്ലേജ് എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകാതെ തന്നെ നടക്കും. അലഞ്ഞുനടക്കുന്നവരെ സംരക്ഷിക്കുന്ന ചെന്നായ്പ്പാറയിലെ ദിവ്യഹൃദയാശ്രമത്തിൽ അഗതികൾക്കു താമസിക്കാൻ സ്നേഹഭവൻ ഒരുക്കി.



ഇതിനെല്ലാം പുറമേ, ഇന്ത്യയിലെ ഏഴായിരം ജീവനക്കാരും ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ രക്തദാന സേനയാണ്. രക്തം ആവശ്യമുള്ളവർക്ക് ഈ ദാതാക്കൾ രക്തം ദാനം ചെയ്യും. പലയിടത്തായി ആയിരത്തിലേറെ രക്തദാന ക്യാന്പുകളും സൗജന്യ ചികിൽസാ ക്യാന്പുകളും നടത്തി. ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികൾക്ക് മാസംതോറും ആയിരം ഡയാലിസിസ് കിറ്റുകൾ നൽകുന്നുണ്ട്. സൗജന്യ നേത്രചികിൽസാ ക്യാന്പുകൾ, ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും നടത്തിവരുന്നു.

തൃശൂർ ജില്ലയിൽ എച്ച്ഐവി ബാധിതരേയും ഓട്ടിസം ബാധിച്ചവരേയും സംരക്ഷിക്കുന്ന അനാഥാലയങ്ങളിലെ കുട്ടികളെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് സിനിമ കാണിച്ചും വിരുന്നു നൽകിയും സന്തോഷം പകരുന്ന പതിവുമുണ്ട്.

ജോളി ജോയിക്കു കൃഷിയാണ് ഇഷ്ട വിനോദം. വീടിന്‍റെ ടെറസിലെ പച്ചക്കറിത്തോട്ടത്തിൽ വിളയുന്ന വിവിധയിനം ജൈവപച്ചക്കറികളാണ് വീട്ടിലെ ഭക്ഷണം. സ്വന്തം ഫാമിൽ പശുക്കളും ആടുകളും കോഴികളും മത്സ്യവുമുണ്ട്.

എല്ലാറ്റിലുമുപരി കുടുംബത്തെ പരിപാലിക്കുന്ന ദൗത്യത്തിനു വളരെ പ്രാധാന്യമുണ്ട്. ഭർത്താവ് ജോയ്, ഗ്രൂപ്പിന്‍റെ ചെയർമാനെന്ന നിലയിൽ വളരെ തിരക്കുകളിലാണ് എപ്പോഴും. മകൻ ജോണ്‍ പോൾ ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി മുഴുവൻ സമയവും കർമനിരതനാണ്. ഡയറക്ടർമാരും മക്കളും മരുമക്കളുമായ ആന്‍റണി ജോസ്, സോണിയ ജോണ്‍ പോൾ, മേരി ആന്‍റണി, എൽസ ജോയ് എന്നിവർക്കും പേരക്കുട്ടികൾക്കുമെല്ലാം വേണ്ട കരുതലും പിന്തുണയും തന്‍റെ പ്രാഥമിക കടമയാണെന്ന് ജോളി ജോയി പറയും.

ഫ്രാങ്കോ ലൂയിസ്