സ്റ്റാർട്ടപ്പ് എന്നു കേൾക്കുന്പോഴേ ഇങ്ങനെ ചിന്തിക്കാതെ
സ്റ്റാർട്ടപ്പ് എന്നു കേൾക്കുന്പോഴേ ഇങ്ങനെ  ചിന്തിക്കാതെ
Monday, September 2, 2019 5:09 PM IST
പലപ്പോഴും സ്റ്റാർട്ടപ്പ് എന്നു കേൾക്കുന്പോൾ ഒരു തെറ്റിദ്ധാരണയുണ്ട്. പുതിയതായിട്ടുള്ള എന്തെങ്കിലും തുടങ്ങുക, അല്ലെങ്കിൽ എഞ്ചിനീയറിംഗോ മാനേജ്മെന്‍റ് കോഴ്സോ കഴിഞ്ഞ കുറച്ച് കുട്ടികൾ ചെയ്യുന്ന എന്തെങ്കിലും സംരംഭം എന്നൊക്കെയുള്ള ധാരണ പൊതു ജനങ്ങൾക്കുണ്ട്. എന്നാൽ അങ്ങനെയല്ല. ദേശീതലത്തിൽ അല്ലെങ്കിൽ രാജ്യാന്തരതലത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ആശയത്തെ അടിസ്ഥാനമാക്കി ബിസിനസ് പ്ലാൻ തയ്യാറാക്കി സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന പ്രക്രിയയാണ് സ്റ്റാർട്ടപ്.

സാങ്കേതിക വിദ്യ മാത്രമല്ല

സ്റ്റാർട്ടപ് എന്നത് ഒരിക്കലും ചെറുതല്ല. ഒരു വലിയ യാത്രയുടെ തുടക്കമാണ്. പരന്പരാഗത വ്യവസായങ്ങളൊക്കെ സ്റ്റാർട്ടപ്പ് എന്നു കേൾക്കുന്പോഴേ ഐടിയാണ് അല്ലെങ്കിൽ ടെക്നോളജിയാണ് എന്നു കരുതി മാറി നിൽക്കും. രാജ്യന്താരതലത്തിലേക്ക് നീങ്ങേണ്ട ഒന്നാണെങ്കിൽ അവിടെ മനുഷ്യ വിഭവം മാത്രം പോര. സാങ്കേതിക വിദ്യയും കൂടിയേ തീരു. എങ്കിൽ മാത്രമേ നിശ്ചിത കാലത്തിനുള്ളിൽ ഉദ്ദേശിക്കുന്ന തലത്തിലേക്ക് എത്താൻ കഴിയൂ.
ഉദാഹരണത്തിന്, ബൈജൂസ് ലേണിംഗ് ആപ് തന്നെ എടുക്കാം. ആളുകളുടെ ധാരണ ബൈജുവിന്‍റെ സംരംഭം ആപ്ലിക്കേഷൻ ആണെന്നാണ്. എന്നാൽ അതിൽ അടിസ്ഥാനപരമായിട്ടുള്ളത് ക്ലാസ്മുറികളിൽ അല്ലെങ്കിൽ വീടുകളിൽ നടത്തിയിരുന്ന ട്യൂഷനെ അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കാനായി അദ്ദേഹം കണ്ടെത്തിയ മാധ്യമമാണ് ആപ്ലിക്കേഷൻ.അദ്ദേഹത്തിന്‍റെ പ്രാവീണ്യം ആപ്ലിക്കേഷനിലല്ല മറിച്ച് ട്യൂഷൻ എന്ന മേഖലയിലാണ്.

മറ്റൊരു ഉദാഹരണമാണ് ഉൗബർ. നിലവിൽ ഉണ്ടായിരുന്ന സംവിധാനമാണ് ടാക്സി. നിരവധി ഡ്രൈവർമാരുണ്ട് അവരുടെ ശന്പളവും മറ്റു കാര്യങ്ങളുമൊക്കെ മാസാവസാനം കണക്കു കൂട്ടുക എന്ന പ്രക്രിയയെ എളുപ്പമാക്കാൻ കഴിഞ്ഞു എന്നതാണ് അതിന്‍റെ നേട്ടം. അതോടൊപ്പം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാനും കഴിഞ്ഞു.

ഏതൊരു പരന്പരാഗത വ്യവസായവും മനുഷ്യവിഭവശേഷിയെക്കുറച്ചുകൊണ്ട് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തുടങ്ങിയാൽ അത് സ്റ്റാർട്ടപ്പായി. അതുകൊണ്ടു തന്നെ സാധാരണ ഐടി കന്പനിയല്ല സ്റ്റാർട്ടപ്പ് എന്നത് ആദ്യമേ മനസിലാക്കാം.

മൈസോണ്‍

മൈസോണ്‍ ഈ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. ടൂറിസം, ടെക്സ്റ്റൈൽസ്, പ്ലൈവുഡ്, ഫർണിച്ചർ അങ്ങനെ കേരളത്തിന്‍റെ മുദ്ര പതിഞ്ഞ നിരവധി വ്യവസായങ്ങളുണ്ട്. എന്നാൽ ഇവയിൽ പലതിന്‍റെയും പഴയ ഖ്യാതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലകളിൽ ടെക്നോളജി കൊണ്ടു വന്ന് പുതിയ കാലഘട്ടത്തിലുള്ള വലിയ ബിസിനസാക്കിമാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു ഇക്കോ സിസ്റ്റം ഇവിടെയുണ്ട്. അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുട്ടികൾ മുതലുള്ളവരുണ്ട്. അതിലേക്ക് പരന്പരാഗത സംരംഭകരും കടന്നുവന്ന് പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പുതിയൊരു സംരംഭം തുടങ്ങുന്നതിനെക്കാൾ എന്തുകൊണ്ടും മികച്ച തായിരിക്കും നിലവിലുള്ള ഒരു സംരംഭകൻ അതിനെ സാങ്കേതിക വിദ്യകളുമായി ബന്ധിപ്പിച്ച് വിപുലപ്പെടുത്തുന്നത് അല്ലെങ്കിൽ നവീകരിക്കുന്നത്.


വളരാനുള്ളതെല്ലാമുണ്ട്

ഇങ്ങനെ കടന്നു വരുന്ന വ്യവസായങ്ങൾക്കാവശ്യമായ റിസോഴ്സസ്, മെന്‍റർമാർ, അഡ്വൈസറി അങ്ങനെ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് മൈസോണ്‍ ചെയ്യുന്നത്. ഇനി വരുന്ന വ്യവസായങ്ങൾക്ക് അല്ലെങ്കിൽ സംരംഭകർക്ക് സാങ്കേതിക വിദ്യയുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാനും ഇവിടെ അവസരമുണ്ട്.

ഗൂഗിൾ പോലുള്ള വലിയ സാങ്കേതിക വിദ്യകന്പനികളുടെ തലവൻമാർ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനെത്തും. അവരുമായി സംവദിക്കാനും അവസരം ലഭിക്കും. ഒരു നിശ്ചിത മൂലധനം നൽകാതെ തന്നെ തുച്ഛമായ തുകയ്ക്ക് പ്ലഗ് ആൻഡ് പ്ലേ ഓഫീസ് കിട്ടും. ഇന്‍റർനെറ്റ്, വൈദ്യുതി, ഫർണിച്ചർ, മെന്‍ററിംഗ് സപ്പോർട്ട്, ഫണ്ടിംഗ് എന്നിവയും ലഭ്യമാണ്. കാന്പസ് അംബാസിഡർമാർ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം വളർത്തുകയും ചെയ്യുന്നുണ്ട്.

ഫണ്ടിംഗിനും പരിഹാരമുണ്ട്

സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ് ഫണ്ടിംഗ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഐഡിയ ഗ്രാന്‍റ്, പ്രോട്ടോടൈപ് ഗ്രാന്‍റ്, സ്കെയിൽഅപ് ഗ്രാന്‍റ് എന്നിങ്ങനെ സ്റ്റാർട്ടപ്പ് മിഷൻ ലഭ്യമാക്കുന്ന രണ്ടു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയുള്ള ഗ്രാന്‍റുകളെല്ലാം കിട്ടും. പിന്നെ കെഎസ്ഐഡിസിയും മറ്റും ലഭ്യമാക്കുന്ന ഇക്വിറ്റി ഫണ്ടിംഗും ലഭിക്കും.

അതിനൊക്കെ പുറമേ മലബാർ ഏഞ്ചൽസ് നെറ്റ് വർക്ക് എന്ന നിക്ഷേപകരുടെ കൂട്ടം രണ്ടു ലക്ഷം രൂപമുതൽ നിക്ഷേപം സംരംഭകർക്കായി നൽകുന്നുണ്ട്. നിലവിൽ നാലു കന്പനികളിൽ ഫണ്ടിംഗ് ചെയ്തു. ഇവ നാലും നന്നായി മുന്നോട്ടു പോകുന്നുമുണ്ട്. സംരംഭകർക്ക് ഫണ്ടിംഗിനെക്കുറിച്ച് ടെൻഷൻ വേണ്ട. അവർക്ക് അവരുടെ ബിസിനസിൽ സ്വസ്ഥമായി ശ്രദ്ധിക്കാം.

ഇന്ത്യയാകെ അറിയുന്ന അഞ്ച് കന്പനികൾ രണ്ടു വർഷത്തിനുള്ളിൽ ഇവിടെ നിന്നും വളർത്തികൊണ്ടുവരിക എന്നതാണ് മൈസോണിന്‍റെ അടുത്ത പടി.

നിലവിലെ സംരംഭകർക്കായി കോമണ്‍ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ഉണ്ട്. ഓരോരുത്തർക്കും അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ കന്പനിയെ മാർക്കറ്റ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. കണ്ണൂർ എയർപോർട്ട് വന്നതോടു കൂടി യാത്ര സൗകര്യവും മറ്റു സ്ഥലങ്ങളുമായുള്ള കണ്ക്ടിവിറ്റിയും കൂടി. ഈ സൗകര്യങ്ങളൊക്കെയും കേരളം, പ്രത്യേകിച്ച് മലബാർ, പരമാവധി ഉപയോഗപ്പെടുത്തുന്നതിലാണ് സംരംഭകത്വത്തിന്‍റെയും മൈസോണിന്‍റെയും വിജയം.

കെ.സുഭാഷ് ബാബു
മാനേജിംഗ് ഡയറക്ടർ, മലബാർ ഇന്നോവേഷൻ എന്‍റർപ്രണഷിപ് സോണ്‍
ഫോൺ: 9846113263