സംരംഭങ്ങൾക്ക് ഫണ്ടിംഗ് നൽകാൻ; വാണി കോല
സംരംഭങ്ങൾക്ക് ഫണ്ടിംഗ്  നൽകാൻ; വാണി കോല
Monday, May 13, 2019 4:00 PM IST
"എന്‍റെ പക്കൽ നല്ലൊരു ബിസിനസ് ആശയമുണ്ട്. അതിന് വലിയ മുതൽമുടക്കു വേണ്ടി വരും. പക്ഷേ ആരു പണം മുടക്കും?’

പത്തന്പതു വർഷം മുന്പ് സ്വന്തമായി പുതിയ ആശയവും വലിയ നേട്ടം കൊയ്യണമെന്ന ആഗ്രഹവുമുള്ള ബിസിനസ് സംരംഭകർ ചോദിച്ചിരുന്ന ചോദ്യമാണിത്.
ശരിയാണ്. വലിയ സന്പത്തുള്ള പലർക്കും ബിസിനസ് ചെയ്യാൻ താൽപര്യമില്ല. അതേസമയം നല്ല സംരംഭകത്വനൈപുണ്യമുള്ളവർക്കോ, മുടക്കാൻ പണവുമില്ല. ഇതായിരുന്നു അന്നത്തെ സ്ഥിതി.
ഇത് കാലം വേറെ. ഇന്നത്തെ സ്ഥിതി ഇതല്ല.

നിങ്ങളുടെ പക്കൽ, വളരുമെന്ന് ഉറപ്പുള്ള പുതിയ പുതിയ ബിസിനസ് ആശയങ്ങളുണ്ടോ? സംരംഭത്തെ അടുത്ത ഘട്ടത്തിലേക്ക് വളർത്താനാവശ്യമായ മൂലധനമുടക്കിനെക്കുറിച്ച് നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല. സീഡ് ഫണ്ടിംഗ്, ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റ്, ക്രൗഡ് ഫണ്ടിംഗ് മുതലായ പേരുകളിൽ ധാരാളം മുതൽമുടക്ക് അവസരങ്ങൾ ലഭ്യമാണിപ്പോൾ. അതായത്, പുതിയ സ്ഥാപനങ്ങളിൽ പണം മുടക്കാൻ തയാറുള്ള ധാരാളം വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ ഇന്നുണ്ട്. തങ്ങൾ മുടക്കുന്ന പണത്തിന് ന്യായമായ റിട്ടേണ്‍ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ എത്ര പണം വേണമെങ്കിലും അവർ തരും.

വലിയ റിസ്ക്, അതിലേറെ ലാഭം

പുതുതായി തുടങ്ങുന്ന എല്ലാ സ്ഥാപനങ്ങളും വിജയിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാണ്, അപ്പോൾപ്പിന്നെ അപരിചിതനായ ഒരു വെഞ്ച്വർ കാപിറ്റലിസ്റ്റ് പുതിയൊരു സ്റ്റാർട്ടപ് കന്പനിയിൽ എന്തു ധൈര്യത്തിലാണ് പണം മുടക്കുന്നതെന്ന് ചിലർ ചോദിക്കും.
അതിന്‍റെ നൂലാമാലകളെക്കുറിച്ചൊന്നും സംരംഭകർ ചിന്തിക്കേണ്ട.പുതിയ ആശയമുണ്ടോ? അതിൽ പണം മുടക്കാൻ ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഫണ്ടിംഗിനായി സമീപിക്കുന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത, നിലവിലെ പ്രവർത്തന രീതി, വളർച്ച സാധ്യതകൾ മുതലായവയൊക്കെ നന്നായി പഠിച്ചതിനുശേഷം മാത്രമേ വെഞ്ച്വർ കാപിറ്റലിസ്റ്റ് നിക്ഷേപം നടത്തൂ. തുടക്കത്തിൽ റിസ്കാണെന്നു തോന്നുമെങ്കിലും, സ്ഥാപനം വളരുന്നതോടെ ഇൻവെസ്റ്ററുടെ ലാഭം ഇരുനൂറും മൂന്നുറും ഇരട്ടിയായി വളരുന്നതായാണ് അനുഭവം.

സുബ്രതോ മിത്ര, പ്രശാന്ത് പ്രകാശ് മുതലായവരുടെ അക്സൽ പാർട്ട്ണേഴ്സ്, സുവീർ സുജൻ, അനൂപ് ഗുപ്ത എന്നിവരുടെ നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ്, സുനിൽ ഗോയൽ, സഞ്ജയ് പാണ്ഡേ എന്നിവരുടെ യുവർനെസ്റ്റ്, വാണി കോല, രാജേഷ് രാജു എന്നിവരുടെ കളരി മുതലായവയൊക്കെ ഇന്ത്യയിലെ പ്രശസ്തമായ വെഞ്ച്വർ കാപിറ്റലിസ്റ്റ് സ്ഥാപനങ്ങളാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ ഏകദേശം 450 കോടി ഡോളറിലധികം തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പഠനത്തിലേക്ക്

കളരിയുടെ പങ്കാളികളിലൊരാളായ വാണി കോലയുടെ കഥ പല പ്രകാരത്തിലും വെഞ്ച്വർ സംരംഭകർക്ക് ഒരു മാതൃകയാണ്.

ഹൈദരാബാദിലാണ് വാണി കോലയുടെ ജനനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. അമ്മ വീട്ടമ്മ. ചെറുപ്പത്തിൽത്തന്നെ അവളുടെ മനസിൽ എവിടെയോ ഒരു തീപ്പൊരി കിടപ്പുണ്ടായിരുന്നു. കൂടുതൽ പഠിച്ച് കൂടുതൽ ഉയരത്തിലെത്തണം.

ഹൈസ്കൂളിൽ നിന്ന് സാമാന്യം നല്ല മാർക്കോടെ പുറത്തിറങ്ങി. പതിനാറാമത്തെ വയസിൽ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിനു രജിസ്റ്റർ ചെയ്തു.
ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. തുടർന്ന് വിവാഹിതയായി.
വിവാഹം കഴിഞ്ഞെങ്കിലും പഠനത്തോടുള്ള ഇഷ്ടം അവളെ വിട്ടുപോയില്ല. ഭർത്താവുമൊത്ത് അവൾ അമേരിക്കയിലേക്കു പോയി. അവിടെ പഠനം തുടരാനാണ് വാണി ശ്രമിച്ചത്. അങ്ങനെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ബിരുദം നേടി.

ഒൗദ്യോഗികജീവിതം തുടങ്ങുന്നു

എം.എസ്. ബിരുദം നേടിയശേഷം സിലക്കണ്‍ വാലിയിലെ എംപ്രോസ്, കണ്‍ട്രോൾ ഡേറ്റാ കോർപറേഷൻ, കണ്‍സിലിയം ഇൻകോർപറ്റേഡ് എന്നിങ്ങനെ ചില കന്പനികളിൽ പ്രോഡക്ട് എൻജിനീയറായും മറ്റും കുറേക്കാലം ജോലി നോക്കി. ഏതെങ്കിലും ഒരു സ്ഥാപനത്തിൽത്തന്നെ ഉറച്ചു നിൽക്കാതിരുന്നതുമൂലം വിവിധ മേഖലകളിലുള്ള സംരംഭങ്ങളുടെ പ്രവർത്തനശൈലി മനസിലാക്കാൻ വാണിക്കു കഴിഞ്ഞു. പിൽക്കാല ജീവിതത്തിൽ പുതിയ സംരംഭങ്ങളുടെ ഭാവിയെക്കുറിച്ച് മനസിലാക്കാനും പ്രവചിക്കാനും ഈ അറിവ് അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്.


തുടർന്ന് സ്വന്തമായ സ്ഥാപനം എന്ന ആശയത്തിലേക്കു തിരിഞ്ഞു. സിലിക്കണ്‍ വാലിയിൽ ആദ്യം സോഫ്റ്റ് വേർ സിസ്റ്റംസ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു ഇ-പ്രോക്യുർമെന്‍റ് കന്പനി സ്ഥാപിച്ചു. റൈറ്റ് വർക്സ്. വാണി അതിന്‍റെ സ്ഥാപക ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഈ സ്ഥാപനം 650 മില്യണ്‍ ഡോളറിന് 12 ടെക്നോളജീസ് എന്ന സ്ഥാപനത്തിനു വിറ്റു. പക്ഷേ, വെറുതേയിരുന്നില്ല. സെർട്ടസ് സോഫ്റ്റ് വേർ എന്നൊരു പുതിയ സ്ഥാപനം തുടങ്ങി. വളർത്തി വലുതാക്കി നല്ല തുകയ്ക്ക് വിൽക്കുക തന്നെയായിരുന്നു ഉദ്ദേശ്യം. അത് സാധിക്കുകയും ചെയ്തു.

തിരികെ ഇന്ത്യയിലേക്ക്

2006-ൽ വാണി ഇന്ത്യയിലേക്കു മടങ്ങി. ഇവിടെ വന്നത് വെറുതേ ഇരിക്കാനായിരുന്നില്ല. സ്റ്റാർട്ടപ് കന്പനികൾക്ക് ഫണ്ട് നൽകുന്നതു ഏറ്റവും നല്ല ബിസിനസ് ആശയം തന്നെയാണെന്ന് വാണി തീരുമാനിച്ചിരുന്നു. ഇന്ത്യയിലാണെങ്കിൽ അങ്ങനെയൊരു ആശയം അന്ന് പ്രചാരത്തിലെത്തിയിരുന്നുമില്ല. പക്ഷേ പലരും വാണിയെ നിരുത്സാഹപ്പെടുത്തി. മുടക്കുന്ന മുതൽ മുഴുവൻ നഷ്ടത്തിലാകുമെന്നു പറഞ്ഞ് ഭയപ്പെടുത്തി.

പക്ഷേ, വാണി പിന്തിരിഞ്ഞില്ല. ആഗ്രഹിച്ചതുപോലെ വെഞ്ച്വർ കാപിറ്റൽ ബിസിനസാണ് തുടങ്ങിയത്. അമേരിക്കയിലെ പ്രശസ്തമായ ന്യൂ എന്‍റർപ്രൈസ് അസോസിയേറ്റുമായി ചേർന്ന് ഇൻഡോ-യുഎസ് അഡ്വൈസേഴ്സ് എന്ന കന്പനി അങ്ങനെ സ്ഥാപിതമായി. നാലഞ്ചു കൊല്ലത്തെ പ്രവർത്തനത്തിനു ശേഷം അമേരിക്കൻ ടൈ അപ് ഉപേക്ഷിച്ചു. 2012-ൽ ബംഗളുരൂ വൈറ്റ്ഫീൽഡിനടുത്ത് കളരി കാപിറ്റൽ എന്ന സ്ഥാപനം സ്വന്തമായി തുടങ്ങി. കേരളത്തിന്‍റെ ആയോധനകലയായ കളരിപ്പയറ്റിൽ നിന്നാണ് കളരി എന്ന പേര് അവർ സ്വീകരിച്ചത്.

ടെക്നോളജിയിൽ കേന്ദ്രീകരിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ചേർന്നാണ് കളരിയുടെ പ്രവർത്തനം. സ്നാപ്ഡീൽ, മൈന്ത്ര, അർബൻ ലാഡർ, സ്റ്റാൻപ്ലസ്, ഫ്ളിപ്കാർട്ട് ...... അങ്ങനെ വിജയകരമായ എത്രയോ സ്ഥാപനങ്ങൾക്ക് മൂലധനമുടക്കിന് സഹായിച്ചു. ഇപ്പോൾ പ്രഗത്ഭനായ രത്തൻ ടാറ്റാ കളരിയുടെ മുഖ്യ ഉപദേശകനായി വാണിയെ സഹായിക്കാനുണ്ട്. വാണിയുടെ വിജയം കണ്ടാണ് മറ്റനേകം വെഞ്ച്വർ ഇൻവെസ്റ്റ്മെന്‍റ് കന്പനികൾ പിന്നീട് ഇന്ത്യയിൽ സ്ഥാനമുറപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പുതിയ കന്പനിയിൽ പണം നിക്ഷേപിക്കുന്നത് നല്ലതാണോ എന്ന് എങ്ങനെ തീരുമാനിക്കും?
വാണിയെ സംബന്ധിച്ചിടത്തോളം അതൊരു സിദ്ധിയാണെന്ന് പലരും പറയും. വേണം, അല്ലെങ്കിൽ വേണ്ട എന്ന തോന്നൽ മനസിന്‍റെ ഉള്ളിൽ നിന്ന് സ്വയം ഉണ്ടാകുന്നതാണ്. ആ തീരുമാനങ്ങൾ ഭൂരിഭാഗവും ശരിയായിത്തന്നെയാണ് അവസാനിച്ചിട്ടുള്ളതെന്ന് വാണിയും പറയും. ഒരു സ്ഥാപനത്തിൽ, പ്രധാനമായും മൂന്നു കാര്യങ്ങളാണ് വാണിയെ ആകർഷിക്കുന്നത്.
ഒന്ന്, സ്ഥാപനത്തെ നയിക്കുന്ന ടീമിന്‍റെ ഗുണമേ·. വിദ്യാഭ്യാസയോഗ്യത മാത്രമല്ല അത്.
രണ്ട്, സ്ഥാപനം മുന്നോട്ടു വയ്ക്കുന്ന ആശയത്തിന് വിപണിയിൽ എത്രത്തോളം സാംഗത്യമുണ്ട് എന്ന കാര്യം. വിപണിക്ക് ആവശ്യമില്ലാത്ത എത്ര വലിയ ആശയവും തുടക്കത്തിൽത്തന്നെ പരാജയപ്പെടുകയേ ഉള്ളു.

മൂന്ന്, സ്ഥാപനവും വെഞ്ച്വർ കാപിറ്റൽ നിക്ഷേപകരും തമ്മിലുള്ള പൊരുത്തം. ആറേഴു കൊല്ലമെങ്കിലും ഒന്നിച്ചു പ്രവർത്തിച്ചാലേ ഈ പൊരുത്തം മനസിലാവൂ.
സംരംഭകത്വം, വ്യക്തിപരമായ അച്ചടക്കം വേണ്ട വ്യക്തിപരമായ യാത്ര (ുലൃെീിമഹ ഷീൗൃില്യ)യാണെന്നാണ് വാണിയുടെ അഭിപ്രായം. മറ്റുള്ളവർ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി, അവയെ നേരിട്ട്, വലിയ നിലയിലേക്ക് വളരുന്നത് കാണുന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന് ഒരു ഇന്‍റർവ്യൂവിൽ അവർ പറയുന്നുണ്ട്. സ്വന്തം കുട്ടി പിച്ചവച്ചു നടക്കാൻ പഠിക്കുന്പോൾ ഒരമ്മയ്ക്കുണ്ടാകുന്ന വാത്സല്യഭരിതമായ സന്തോഷവും ഇതു തന്നെയാണ്.

വെറുതേയാണോ എല്ലാവരും അവരെ ഇന്ത്യൻ വെഞ്ച്വർ കാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് ബിസിനസിന്‍റെ മാതാവ് എന്നു വിളിക്കുന്നത്?

ഡോ. രാജൻ പെരുന്ന