നികുതിയാസൂത്രണം തുടങ്ങാം
നികുതിയാസൂത്രണം  തുടങ്ങാം
Tuesday, April 9, 2019 2:56 PM IST
നികുതി ലാഭമെന്ന കാരറ്റ് കാണിച്ച് സന്പാദിക്കാനും നിക്ഷേപിക്കാനും നികുതിദായകനെ പ്രോത്സാഹിപ്പിക്കുവാൻ ഗവണ്‍മെന്‍റ് നിരവധി നികുതിയിളവുകൾ ഓരോ ബജറ്റിലും പ്രഖ്യാപിക്കാറുണ്ട്. 2019-20 ലെ ഇടക്കാല ബജറ്റിലും നികുതിദായകരുടെ കൈവശം കൂടുതൽ പണമെത്തുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിക്ഷേപം മുതൽ ചെലവഴിക്കൽ വരെ നികുതിലാഭത്തിനു ഉപയോഗിക്കുവാനുള്ള നിർദ്ദേശങ്ങൾ ഗവണ്‍മെന്‍റ് ലഭ്യമാക്കിയിട്ടുണ്ട്.

പലപ്പോഴും നികുതിദായകന്‍റെ ഉദാസീനത മൂലം ഗവണ്‍മെന്‍റ് നൽകുന്ന ആനുകൂല്യങ്ങൾ വിനിയോഗിക്കുവാൻ സാധിക്കാതെ പോകുന്നുണ്ട്. വളരെ കുറച്ചാളുകളെ നികുതിയിളവുകൾ ഫലപ്രദമായി ഉപയോഗിക്കുകയും ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കാനായി ഈ അവസരങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നുള്ളു.

മിക്കയാളുകളും സാന്പത്തിക വർഷത്തിന്‍റെ നാലാം ക്വാർട്ടറിലാണ് നികുതിയിളവുകൾക്കുള്ള നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നത്. വർഷാവസാനത്തോടെ നികുതി ലാഭിക്കുവാനായി ഓടിപ്പിടിച്ച്, ലക്ഷ്യമില്ലാതെ നിക്ഷേപവും ചെലവഴിക്കലും നടത്തുകയാണ് ചെയ്യുന്നത്. ഫലം ആവശ്യമില്ലാത്തതും പ്രയോജനവുമില്ലാത്തതുമായി പല നിക്ഷേപങ്ങളും കൈവശം ശേഷിക്കുന്നു. പലതും ബാധ്യതായി വരെ മാറുന്നു.

ഇതു ഫലപ്രദമായി വിനിയോഗിക്കുവാൻ നികുതിയാസൂത്രണം സാന്പത്തിക വർഷത്തിന്‍റെ ആരംഭിത്തിൽത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. നികുതിയിളവിനായി നിക്ഷേപിക്കുന്ന തുക ദീർഘകാലത്തിൽ സന്പത്തുണ്ടാക്കാൻ സഹായിക്കുന്ന വിധത്തിൽ നിക്ഷേപിക്കണോ അതോ ഹൃസ്വകാല ലക്ഷ്യത്തിനായി ഉപയോഗിക്കണോ തുടങ്ങിയ കാര്യങ്ങൾ ഓരോരുത്തരുടേയും ആവശ്യത്തിനനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കും.

ഓരോ സാന്പത്തിക വർഷത്തിന്‍റെ ആരംഭത്തിലും നികുതി നിയമത്തിലും മാറ്റം ഉണ്ടായേക്കും. അതു കൂടി കണക്കിലെടുത്ത് വ്യക്തമായ ലക്ഷ്യത്തോടെ നികുതി ആസൂത്രണം ചെയ്യണമെങ്കിൽ അതു വർഷാരംഭത്തിൽതന്നെ തുടങ്ങണം.

ഓരോ മാസവും ചെറിയ തുക ഉപയോഗിച്ച് നികുതിയാവശ്യത്തിനുള്ള തുക പ്രയാസമില്ലാതെ നിക്ഷേപിക്കാനും സാധിക്കുന്നു. വർഷാവസാനത്തിൽ ഒരുമിച്ചു വലിയൊരു തുക നിക്ഷേപത്തിനായി കണ്ടെത്തേണ്ടി വരുന്നത് ഒഴിവാക്കാനും സാധിക്കും.

നേരത്തെ നികുതിയാസൂത്രണം ആരംഭിക്കുന്നതിന്‍റെ ഏറ്റവും അനുകൂലമായ ഘടകം മികച്ച നികുതിലാഭ നിക്ഷേപ ഉപകരണങ്ങൾ തെരഞ്ഞെടുക്കാമെന്നതാണ്.

നികുതി ലാഭത്തിനു നിരവധി നിക്ഷേപാസ്തികൾ ഉണ്ട്. പക്ഷേ പ്രധാനമായ കാര്യം ഒരാളുടെ ധനകാര്യ ലക്ഷ്യവുമായി ഒത്തുപോകുന്ന ആസ്തികൾ നികുതിലാഭനിക്ഷേപമായി തെരഞ്ഞെടുക്കുകയെന്നതാണ്.

കരിയറിന്‍റെ തുടക്കത്തിലോ അല്ലെങ്കിൽ ഉയർന്ന വരുമാന ബ്രാക്കറ്റിലോ വരുന്നയാളാണെങ്കിൽ തീർച്ചയായും റിസ്ക് എടുക്കുവാനുള്ള താൽപര്യം കാണിക്കണം. വിപണിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങളിൽ നിക്ഷേപം നടത്തണം. അതായത് ഒരു ഭാഗം ഓഹരിയിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങളിൽ. നിക്ഷേപത്തിനു മുന്പ് നിക്ഷേപ ഉപകരണത്തിലെ ഓഹരിയുടെ അനുപാതത്തെക്കുറിച്ച് മനസിലാക്കുക.യുലിപ്, എൻപിഎസ് തുടങ്ങിയവയിൽ കുറഞ്ഞ ഇക്വിറ്റി നിക്ഷേപമുള്ള ഓപ്ഷനുകളുണ്ട്. ഇഎൽഎസ്എസിൽ 100 ശതമാനവും ഓഹരിയിലാണ് നിക്ഷേപിക്കുന്നത്. പക്ഷേ ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ( 3 വർഷം) ഇഎൽഎസ്എസിനാണുള്ളത്.

യാഥാസ്ഥിതിക നിക്ഷേപകർക്ക് റിസ്ക് കുറഞ്ഞ സ്ഥിരവരുമാന ഉപകരണങ്ങൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്, പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ്, എൻഎസ് സി, പിപിഎഫ് തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ളതാണ്. നിക്ഷേപ ഓപ്ഷനുകൾക്കു പുറമേ കുട്ടികളുടെ ട്യൂഷൻ ഫീസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പ തിരിച്ചടവ്, ചില രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ്, സംഭാവന തുടങ്ങിയ നിരവധി ചെലവുകളും നികുതി ലാഭത്തിനായി ഉപയോഗിക്കാം. ഇവയെല്ലാം അങ്ങേയറ്റം നികുതി ലാഭത്തിനായി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

നികുതിയാസൂത്രണമെന്നത് നികുതി കുറയ്ക്കുവാനുള്ള ശ്രമം എന്നതിനേക്കാൾ ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കുന്ന വിധത്തിലാവണം ഇതുവഴി നികുതിയും ലാഭിക്കാം സന്പത്തു നേടാം.

പുതിയ സാന്പത്തിക വർഷം പിറക്കുന്പോൾ നികുതിലാഭത്തിനുള്ള നിക്ഷേപവും ആരംഭിക്കാം.

നികുതി പ്ലാൻ ചെയ്യാം.

ഈ വർഷം നികുതിയായി എത്ര തുക നൽകേണ്ടി വരുമെന്ന് ഏകദേശ ധാരണ തുടക്കത്തിൽതന്നെ ഉണ്ടാക്കാൻ സാധിക്കും. ഈ ബാധ്യത എത്രമാത്രം ഒഴിവാക്കാം എന്ന പ്ലാനിംഗ് ആണ് ഇനി വേണ്ടത്. ഇതിനായി ഏതൊക്കെ നികുതി ലാഭ ഉപകരണങ്ങളിൽ നിക്ഷേപിക്കണമെന്നു തീരുമാനിക്കണം. തനിക്ക് ഏറ്റവും യോജിച്ചതും, 24 മണിക്കൂറും തനിക്കുവേണ്ടി പണമുണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായി നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.
വിവിധ ലോക്ക് ഇൻ പീരിയഡുകളാണ് ഈ നിക്ഷേപ ഉപകരണങ്ങൾക്കുള്ളത്. ഏറ്റവും കുറവ് ഇഎൽഎസ്എസിനാണെങ്കിൽ പിപിഎഫിന് 15 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്.
എല്ലാവർക്കും തെരഞ്ഞെടുക്കാവുന്ന, നിക്ഷേപം അടിസ്ഥാനമാക്കിയുള്ള ഏതാനും നികുതിലാഭ ഉപകരണങ്ങൾ നൽകുകയാണ് ചുവടെ.

1. ഇഎൽഎസ്എസ്
ഏറ്റവും കുറവു ലോക്ക് ഇൻ പീരിയഡ് ( മൂന്നു വർഷം) ഉള്ള നികുതിലാഭ ഉപകരണമാണ് ഇഎൽഎസ്എസ് ( ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം). നികുതിയിളവു ലഭിക്കുന്ന ഏക ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതികൂടിയാണിത്. ഇഎൽഎസ്എസിലെ നിക്ഷേപത്തിനു മാത്രമല്ല റിട്ടേണിനും നികുതിയിളവുണ്ട്. ഓഹരിയിൽ നിക്ഷേപമില്ലാത്തവർക്കും ചെറുപ്പക്കാർക്കും പുതിയതായി ജോലിക്കു കയറുന്നവർക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച നികുതിലാഭ ഉപകരണമാണ് ഇഎൽഎസ്എസ്. ഓഹരി നിക്ഷേപത്തിലേക്കുള്ള ഗേറ്റ് വേ കൂടിയാണിത്.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെന്നതപോലെ എസ്ഐപിയായും ഇഎൽഎസ് എസിൽ നിക്ഷേപിക്കാം. ഓരോ എസ്ഐപി ഗഡുവിനും 3 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. സിസ്റ്റമാറ്റിക് വിത്ത്ഡ്രോ വഴി പിൻവലിക്കുകയും ചെയ്യാം.

2. യുലിപ്
ഇൻഷുറൻസ്, നിക്ഷേപം, നികുതി ലാഭം എന്നീ മൂന്നു കാര്യങ്ങൾ ഒരേ സമയം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉപകരണമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്. മാത്രവുമല്ല, ഇഎൽഎസ്എസിനു പിന്നിൽ ഏറ്റവും കൂടുതൽ നിക്ഷേപം ഓഹരിയിൽ നടത്തുന്ന നികുതി ലാഭ ഉപകരണമാണ് യുലിപ്. റിട്ടേണിന് നികുതി നൽകേണ്ടതുമില്ല. അഞ്ചു വർഷമാണ് യുലിപിന്‍റെ ലോക്ക് ഇൻ പിരീഡ്. ഇഎൽഎസ്എസ് കഴിഞ്ഞാൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ളതും യുലിപ്പിനാണ്.

3. എൻപിഎസ്
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) ചുമതലയിൽ ഭാരത് സർക്കാർ നടപ്പാക്കിവരുന്ന സാർവത്രിക പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്)


ഭാവി വരുമാനത്തിനുവേണ്ടി നിക്ഷേപിക്കുന്പോൾ തന്നെ നികുതി ലാഭിക്കുവാനും ഇതിലെ നിക്ഷേപം സഹായിക്കുന്നു. പ്രത്യേകിച്ചും ഉയർന്ന നികുതി ബ്രാക്കറ്റിൽ വരുന്നവർക്ക്. നിക്ഷേപം പിൻവലിക്കുന്പോൾ റിട്ടേണിനും നികുതിയിളവു കിട്ടും. പെൻഷൻ, സന്പാദ്യശീലം എന്നിവ ലക്ഷ്യമിടുന്ന പദ്ധതികൂടിയാണിത്.

4. പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്;
ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കാൻ സഹായിക്കുന്നതും ഏറ്റവും സുരക്ഷിതത്വമുള്ളതുമായ ( കേന്ദ്രസർക്കാരിന്‍റെ ഗാരന്‍റിയുണ്ട്) നിക്ഷേപമാണ് പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്). പതിനഞ്ചുവർഷമാണ് ലോക്ക് ഇൻ പീരിയഡ്.
ഇപിഎഫിനു പിന്നിൽ ഏറ്റവും ഉയർന്ന പലിശനിരക്കു നൽകുന്ന ഡെറ്റ് നിക്ഷേപമാണ് പിപിഎഫ്. 2019 ജനുവരി- മാർച്ച് കാലയളവിൽ എട്ടു ശതമാനമാണ് പലിശ. ഓരോ ക്വാർട്ടറിലും ഗവണ്‍മെന്‍റ് പലിശ പുതുക്കി നിശ്ചയിക്കും.

നിക്ഷേപത്തിനും റിട്ടേണിനും നികുതിയിളവും ലഭിക്കുകയും ചെയ്യുന്നു. ജോലിക്കാർക്കും ബിസിനസുകാർക്കും സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ആർക്കും ഇതിൽ നിക്ഷേപം നടത്താം. ദീർഘകാല ധനകാര്യ ലക്ഷ്യങ്ങൾ നേടാൻ ഈ നുകുതി ലാഭ ഉപകരണം വളരെ സഹായകരമാണ്.

5. എൻഎസ് സി
കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചിട്ടുള്ള, 100 ശതമാനം സുരക്ഷിതത്വമുള്ള ഒരു മധ്യകാല സ്ഥിര വരുമാന ഡെറ്റ് നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. എൻഎസ് സി എന്നും ഇത് അറിയപ്പെടുന്നു. പോസ്റ്റോഫീസ് സന്പാദ്യ ഉപകരണമാണിത്. സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്ന ആർക്കും തെരഞ്ഞെടുക്കാവുന്ന മധ്യകാലത്തേയ്ക്കുള്ള നിക്ഷേപമാണ് എൻഎസ് സി. നികുതിയിളവും ലഭിക്കുന്നു.

6. സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് നികുതി ലാഭിക്കുവാൻ ഉയർന്ന പലിശയോടെ കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുള്ള നികുതി ലാഭ ഉപകരണമാണ് സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ്്സിഎസ്്എസ്). പോസ്റ്റോഫീസ്, പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ ഈ നിക്ഷേപ അക്കൗണ്ട് തുറക്കാം.

ഈ പദ്ധതിയുടെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിക്കുന്നു. 2019 ജനുവരി- മാർച്ച് ക്വാർട്ടറിൽ പലിശ നിരക്ക് 8.6 ശതമാനമാണ്. ഈ അക്കൗണ്ടിൽ 15 ലക്ഷം രൂപവരെ നിക്ഷേപിക്കാം. ലോക്ക് ഇൻ പീരിയഡ് അഞ്ചു വർഷമാണ്.

7. സുകന്യ സമൃദ്ധി യോജന (എസ്എസ്എ)
പെണ്‍മക്കൾക്കു സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർക്കു സുരക്ഷിതമായി നിക്ഷേപക്കുവാനും ഉയർന്ന വരുമാനം നേടുവാനും അതോടൊപ്പം നികുതിയിളവു നേടാനും അവസരമൊരുക്കുന്ന നിക്ഷേപ പദ്ധതിയാണ് 2015-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി അക്കൗണ്ട് യോജന ( എസ്എസ്എ).
പിപിഎഫ്, എൻഎസ് സി, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയേക്കാൾ ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഗവണ്‍മെന്‍റ ഗാരന്‍റിയുമുണ്ട്. പോസ്റ്റോഫീസ്, ബാങ്കുകൾ എന്നിവ വഴി അക്കൗണ്ട് തുറക്കാം.

ഓരോ മൂന്നു മാസം കൂടുന്പോഴും ഇതിന്‍റെ പലിശ കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിക്കുന്നു. 2019 ജനുവരി- മാർച്ച് ക്വാർട്ടറിൽ 8.5 ശതമാനമാണ് പലിശ.
പെണ്‍മക്കൾ ഉള്ളവർക്കാണ് ഈ അക്കൗണ്ട് തുറക്കാൻ സാധിക്കുക.

8. പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്
നികുതി ലാഭിക്കുന്നതിന് അഞ്ചുവർഷം ലോക്ക് ഇൻ പീരിയഡ് ഉള്ള ബാങ്ക് സ്ഥിരനിക്ഷേപം ഉപയോഗിക്കാം. ബാങ്കുകളിൽ നിക്ഷേപം തുറക്കാം. പലിശ വരുമാനത്തിനു നികുതി നൽകണം.
ലഘു സന്പാദ്യ പദ്ധതിയുടെ കീഴിൽ വരുന്ന പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ് പദ്ധതിയനുസരിച്ചുള്ള അഞ്ചുവർഷത്തെ നിക്ഷേപവും നികുതിയിളവിനു അർഹമാണ്.

8. അടിസ്ഥാനസൗകര്യ ബോണ്ട്
അടിസ്ഥാനസൗകര്യ വികസനത്തിന് പുറപ്പെടുവിക്കുന്ന ബോണ്ടുകൾക്ക് ഗവണ്‍മെന്‍റ് നികുതിയിളവു നൽകാറുണ്ട്. ഇതിന് അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ബോണ്ടുകളിലെ 20,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇളവു ലഭിക്കുക. ഇത് 80 സിയിൽ വരുന്ന 1.5 ലക്ഷം രൂപയ്ക്കു പുറമേയാണ്. ആദായനികുതി വകുപ്പിലെ 80സിസിഎഫ് വകുപ്പ് പ്രകാരമാണ് നികുതിയിളവു കിട്ടുന്നത്.

നികുതി ആസൂത്രണത്തിനൊപ്പം രേഖകളും തയാറാക്കി വയ്ക്കാം

സാന്പത്തിക വർഷം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ സാധാരഗതിയിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം. അതായത് തലേ സാന്പത്തിക വർഷത്തെ റിട്ടേണ്‍ നടപ്പുവർഷം ജൂലൈ 31-ന് മുന്പ് സമർപ്പിക്കണം.

മിക്കവരും ജൂലൈ അവസാന വാരത്തിലാകും റിട്ടേണ്‍ സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴാണ് ഇതിനാവശ്യമുള്ള രേഖകളെക്കുറിച്ചു അന്വേഷിക്കുന്നത്. അത് എവിടെയെങ്കിലും പൊടിപിടിച്ചു കിടപ്പുണ്ടാകും.

നികുതിയാസൂത്രണം തുടങ്ങുന്പോൾ തന്നെ അതിനുള്ള രേഖകളും ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. സാന്പത്തിക വർഷം പൂർത്തിയാകുന്നതോടെ എല്ലാ രേഖകളും കൈവശമെത്തുകയും റിട്ടേണ്‍ സമർപ്പണം എളുപ്പമാവുകയും ചെയ്യും.

ഈ ചെലവുകളും സഹായിക്കും

1. ലൈഫ് ഇൻഷുറൻസ്
ഇൻഷുറൻസ് ഒരു ചെലവാണ്. ഇൻഷുറൻസ് പോളിസിക്കുവേണ്ടി ചെലവഴിക്കുന്ന പ്രീമിയത്തിനു നികുതിയിളവു ലഭിക്കും. 80സി വകുപ്പിൽ ഉൾപ്പെടുത്തിയാണ് നികുതിയിളവ്. ടേം പ്ലാൻ, യുലിപ്, ലൈഫ് കവറേജ് നൽകുന്ന പാരന്പര്യ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയുടെ പ്രീമിയത്തിന് കിഴിവു ലഭിക്കും.

2. ഭവന വായ്പ
ഭവനവായ്പയുടെ പ്രിൻസിപ്പൽ, പലിശ എന്നിവയുടെ തിരിച്ചടവിന് നികുതിയളവു അനുവദിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്‍റെ 80 സി അനുസരിച്ച് ഭവന വായ്പയുടെ 1.5 ലക്ഷം രൂപ വരെയുള്ള പ്രിൻസിപ്പലിന്‍റെ തിരിച്ചടവിന് നികുതിയിളവു കിട്ടും. എല്ലാവർക്കും ഭവന വായ്പ ഉണ്ടായിരിക്കണമെന്നില്ല. ഉള്ളവർ തീർച്ചയായും ഈ ആനുകൂല്യം ഉപയോഗിക്കണം.

3. ട്യൂഷൻ ഫീസ്
വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾ ഉള്ളർക്ക് ട്യൂഷൻ ഫീസിനായി നൽകുന്ന തുകയ്ക്കു നികുതിയിളവു കിട്ടും. പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസാണ് ഇത്തരത്തിൽ ഇളവു ലഭിക്കുകയുള്ളു. ദത്തെടുത്ത കുട്ടികളുടെ ട്യൂഷൻ ഫീസിനും ഇളവു ലഭിക്കും.
എഡ്യൂക്കേഷൻ വായ്പയുടെ തിരിച്ചടയ്ക്കുന്ന പലിശ ഭാഗത്തിനും നികുതിയിളവു ലഭിക്കും.