വയനാടൻ കർഷകന്റെ ജൈവവിജയം; ബയോവിൻ
Tuesday, August 13, 2024 12:38 PM IST
മണ്ണിനും പ്രകൃതിക്കും ഇണങ്ങുംവിധം കൃഷിയെ പ്രോത്സാഹിപ്പിച്ച്, കർഷകന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന മാനന്തവാടിയിലെ ബയോവിൻ അഗ്രോ റിസേർച്ച്, അതിജീവനത്തിനായി പോരാടുന്ന വയനാടൻ കർഷകരുടെ പ്രതീക്ഷയ്ക്കു താരത്തിളക്കം നൽകുകയാണ്.
വയനാടിന്റെ തനതു രുചി തെല്ലും നഷ്ടപ്പെടാതെ, തികച്ചും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളെ, പൂർണമായും യന്ത്രസഹായത്തോടെ സംസ്കരിച്ച് വിദേശ വിപണികളിലെത്തിക്കുന്ന സംരംഭത്തിനു കർഷകരുടെയും ഉപഭോക്താക്കളുടെയും ഇടയിൽ അനുദിനം പ്രിയമേറി വരികയാണ്.
ജൈവ രീതിയിൽ മാത്രം ഉത്പാദിപ്പിക്കുന്ന കാപ്പിയും പഴവർഗങ്ങളും സുഗന്ധവിളകളുമാണ് ഇവിടെ സംസ്കരിച്ചു കയറ്റി അയയ്ക്കുന്നത്. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭാഗമായി, ലാഭേച്ഛ തീർത്തുമില്ലാതെ പ്രവർത്തിക്കുന്ന കന്പനിയായതിനാൽ ഉത്പന്നങ്ങൾ വിൽക്കുന്ന കർഷകർക്കു പൊതു വിപണിയിലേക്കാൾ വിലയും അധിക നേട്ടങ്ങളും ലഭിക്കുന്നു.
കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെയും നബാർഡിന്റെയും സാന്പത്തിക പിന്തുണ പ്രാരംഭഘട്ടത്തിൽ ബയോവിൻ ലഭ്യമാക്കി.
കർഷക സംഘങ്ങൾ
ആയിരത്തിലേറെ കർഷക സംഘങ്ങളിലായി ഇരുപതിനായിരത്തോളം വരുന്ന കർഷകരാണ് ബയോവിന്നിന്റെ കരുത്ത്. ഓരോ സംഘത്തിലും 15-20 അംഗങ്ങളുണ്ടാകും. ഈ സംഘങ്ങൾ ഓരോന്നും സർക്കാരിന്റെ നിബന്ധനകൾക്കനുസരിച്ചുള്ള ജൈവ സർട്ടിഫിക്കറ്റ് നേടിയവയുമാണ്.
ഏറ്റവും കുറഞ്ഞത് ഒരേക്കർ സ്ഥലമെങ്കിലും സ്വന്തമായുള്ളവരാണ് സംഘത്തിലെ അംഗങ്ങൾ. അവർ ജൈവകൃഷി ചെയ്യുന്നവരുമായിരിക്കണം. വയനാട്, നീലഗിരി പ്രദേശങ്ങളിലാണ് സംഘങ്ങൾ ഏറെയും പ്രവർത്തിക്കുന്നത്.
2000 ൽ പ്രവർത്തനം ആരംഭിച്ച ജൈവ പദ്ധതിയുടെ തുടക്കത്തിൽ 90 കർഷകർ മാത്രമാണ് അംഗങ്ങളായുണ്ടായിരുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഫാർമേഴ്സ് ക്ലബുകളിൽ നിന്നാണ് ഈ 90 ജൈവ കർഷകരെ തെരഞ്ഞെടുത്തത്.
ജൈവ ഗുണനിലവാരം ഉറപ്പു വരുത്തി അതതു പ്രദേശത്തെ കർഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങൾ സമാഹരിക്കുന്നത്. അതിനായി പഞ്ചായത്തുകൾ തോറും സംഭരണ കേന്ദ്രങ്ങളുണ്ട്. അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ ഓഫീസമാർക്കാണ് (എ.ഇ.ഒ.) ഇതിന്റെ ചുമതല.
കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം, ഗ്രാന്പു, നാളികേരം, കറിവേപ്പില, മുരിങ്ങയില, വാഴക്കുല, ചക്ക, മാങ്ങ തുടങ്ങി വിദേശത്തുനിന്ന് ഓർഡർ ലഭിക്കുന്നതിനനുസരിച്ച് ഉത്പന്നങ്ങൾ സമാഹരിക്കുന്നതാണു രീതി. ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന തറവില കന്പനി നിശ്ചയിച്ചിട്ടുണ്ട്.
പൊതുവിപണയിൽ വില കുറഞ്ഞാൽ കന്പനി നിശ്ചയിച്ച തറ വിലയും, വില കൂടിയാൽ കൂടിയ വിലയും നൽകുന്നതിനാൽ കർഷകർക്ക് ഒട്ടും നഷ്ട ഭീതിയുണ്ടാകുന്നില്ല. ഇങ്ങനെ സംഭരണ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന വിളകൾ സംസ്കരണ ആവശ്യത്തിന് അനുസരിച്ചു വാഹനങ്ങളിൽ കയറ്റി കന്പനിയിൽ എത്തിക്കുന്നതാണ് ആദ്യപടി.

സംസ്കരണം
കാപ്പി, പഴവർഗങ്ങൾ, സുഗന്ധവിളകൾ എന്നിവ സംസ്കരിക്കുന്ന മൂന്നു യൂണിറ്റുകളുടെ സമുച്ചയമാണ് ബയോവിൻ. വയനാടിനെ ഏറെ പ്രശസ്തമാക്കുന്ന കാപ്പിയാണ് സംഭരണ കേന്ദ്രങ്ങളിൽ എത്തുന്നതിൽ ഏറെയും.
അതിന് വിദേശത്ത് നല്ല ഡിമാൻഡുമുണ്ട്. തൊണ്ട് കളഞ്ഞ് ഗ്രേഡ് തിരിച്ചെടുക്കുന്ന കാപ്പി പരിപ്പാണു കയറ്റി അയയ്ക്കുന്നത്. വിദേശ കന്പനികൾ അവരുടെ രുചിക്കിണങ്ങും വിധം പൊടിയാക്കി മാർക്കറ്റിലെത്തിക്കും.
55 കിലോ ചാക്കുകളിൽ നിറച്ചു കന്പനിയിലെത്തിക്കുന്ന കാപ്പിക്കുരുവിലെ പൊടി പടലങ്ങൾ നീക്കി ശുദ്ധീകരിച്ച്, തൊണ്ട് കളഞ്ഞ ശേഷമാണു ഗ്രേഡ് തരിക്കുന്നത്. സംസ്കരിച്ച കാപ്പി പരിപ്പ് വ്യത്യസ്ത മാനദണ്ഡങ്ങളനുസരിച്ച് ഏഴ് ഗ്രേഡുകളായി തിരിക്കും.
ഇതിൽ ആദ്യത്തെ മൂന്നു ഗ്രേഡുകളിൽപ്പെട്ട കാപ്പി പരിപ്പാണു കയറ്റുമതി ചെയ്യുന്നത്. ബാക്കി പ്രാദേശിക മാർക്കറ്റുകളിൽ വിൽക്കും. കാപ്പിത്തൊണ്ട് കോഴി ഫാമുകൾക്കും കർഷകർക്കു വളമായും നൽകും. എട്ടു മണിക്കൂറിൽ 30 ടണ് കാപ്പിക്കുരു സംസ്കരിക്കാൻ ശേഷിയുള്ള യന്ത്രസംവിധാനങ്ങളാണ് ഇവിടെയുള്ളത്.
അതീവ സൂക്ഷ്തയോടും ശ്രദ്ധയോടും കൂടിയാണു പഴങ്ങളുടെ സംസ്കരണം നടക്കുന്നത്. കർഷക സംഘങ്ങൾ വഴി സമാഹരിക്കുന്ന പഴങ്ങൾ ആദ്യം തരംതിരിക്കും. കേടുള്ളതും അഴുക്കായതുമൊക്കെ നീക്കം ചെയ്ത ശേഷം തൊലി കളഞ്ഞു മുറിച്ചെടുക്കുന്ന പഴങ്ങൾ -40 ഡിഗ്രിയിൽ തണുപ്പിച്ചശേഷം വാക്വം ഡ്രയറിലൂടെ കടത്തിവിട്ട് വെള്ളം പൂർണമായും വറ്റിച്ചെടുക്കും.
ശീതികരിച്ച് ഉണക്കുക (ഫ്രീസ് ഡ്രയിംഗ്) എന്നാണ് ഇതിന് പറയുന്നത്. ഇങ്ങനെ ഗുണമോ രുചിയോ തെല്ലും ചോരാതെ ലഭിക്കുന്ന ഉണങ്ങിയ പഴങ്ങൾ വായു കടക്കാതെ നന്നായി പായ്ക്കു ചെയ്തു വിപണിയിലെത്തിക്കും. കറുമുറെ കടിച്ചു തിന്നാൻ കഴിയുന്ന ഇത്തരം ഉണക്കപ്പഴങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചു യൂറോപ്പിൽ വൻ ഡിമാൻഡാണ്.
സുഗന്ധവിളകളുടെ സംസ്കരണ പ്ലാന്റിൽ സദാ ഉയരുന്നത് അതീവ ഹൃദ്യമായ സുഗന്ധം. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംസ്കരിക്കുന്നത്. ഉണക്കിപ്പൊടിക്കുക എന്ന് എളുപ്പത്തിൽ പറയാമെങ്കിലും അതിന് പ്രത്യേക രീതിയൊക്കെയുണ്ട്.
കഴുകി, വൃത്തിയാക്കി, പാകത്തിന് മുറിച്ച്, ഉണങ്ങിയാണ് പൊടിയായും തരിയായും പല വലിപ്പത്തിലും രൂപത്തിലുമൊക്കെ അവ സംസ്കരിച്ചെടുക്കുന്നത്. വിളകൾ ഉണങ്ങുന്നതിന് അതിവിശാലമായ യാർഡും ഡ്രയറുകളും ക്രമീകരിച്ചിട്ടുണ്ട്.

കർഷക ക്ഷേമം
നിലനില്പനായി പോരാടുന്ന വയനാടൻ കർഷകന് കൈത്താങ്ങാകുക എന്ന വയനാടൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ഡബ്ല്യു.എസ്.എസ്.എസ്.) പ്രഖ്യാപിത ലക്ഷ്യം കൂടുതൽ കൃത്യതയോടെ നടപ്പാക്കുകയാണ് ബയോവിൻ ചെയ്യുന്നത്.
ഒട്ടേറെ വ്യത്യസ്ത പദ്ധതികളുമായി ഡബ്ല്യു.എസ്.എസ്.എസിനു ബന്ധപ്പെടേണ്ടി വരുന്പോൾ, ബയോവിൻ കർഷകന്റെ സമഗ്രവികസനം മാത്രമാണ് ഉന്നം വയ്ക്കുന്നത്. അതിന് ഉതകുന്ന നിരവധി പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നു.
ജൈവ കൃഷി പ്രോത്സാഹനത്തോടൊപ്പം കർഷകർക്ക് കാർഷിക വിദ്യാഭ്യാസം നൽകുന്നതിനും ബയോവിൻ ശ്രദ്ധയൂന്നുന്നു. ഇതിന്റെ ഫലമായി മണ്ണ് കൂടുതൽ ജൈവ സന്പുഷ്ടമായിട്ടുണ്ടെന്ന് കർഷകർ തന്നെ സമ്മതിക്കുന്നു.
രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിക്കാൻ തുടങ്ങിയതോടെ മണ്ണിൽ മണ്ണിര പെരുകിത്തുടങ്ങി. എന്തു കുഴിച്ചിട്ടാലും വിളയിക്കാമെന്ന സ്ഥതിയും സംജാതമായി. കാലാകാലങ്ങളിൽ ലഭ്യതയ്ക്കനുസരിച്ചു വേപ്പിൻ പിണ്ണാക്ക് പോലെയുള്ള ജൈവ വളങ്ങളും കാർഷിക ഉപകരണങ്ങളും കന്പനി എത്തിച്ചു കൊടുക്കുന്നതിനാൽ കർഷകർ വലിയ ആവേശത്തിലാണ്.
അവരെ കന്പനി സാമൂഹ്യസുരക്ഷാ പദ്ധതികളിൽ പങ്കാളികളാക്കുകയും ചെയ്യുന്നുണ്ട്. കർഷക ക്ഷേമം ലക്ഷ്യമിടുന്ന ബയോവിന്നിന് വിപുലവും അതിശക്തവുമായ നിയന്ത്രണ സംവിധാനങ്ങളാണുള്ളത്. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ സത്വര ശ്രദ്ധ കന്പനിയുടെ എല്ലാക്കാര്യങ്ങളിലും പതിയുന്നുണ്ട്.
കന്പനികളുടെ ദൈനംദിനകാര്യങ്ങളിലും വികസനപദ്ധതികളിലും ശ്രദ്ധ പതിപ്പിക്കുന്നത് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോണ് ചൂരപ്പുഴയിൽ ആണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണ വൈഭവം കന്പനിയുടെ സമസ്ത മേഖലകളിലും തെളിഞ്ഞു കാണാം. പത്തു വർഷമായി ജോണച്ചൻ കന്പനിയെ പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
കർഷക സംഘങ്ങളുടെ ചുമതല ഫാ. ബിനു പൈനുങ്കലിന് ആണ്. വിവിധ വിഭാഗങ്ങളിലായി അന്പതോളം ഉദ്യോഗസ്ഥരുള്ള കന്പനിയിൽ നൂറ്റന്പതോളം മറ്റു ജീവനക്കാരുമുണ്ട്. ഇതിൽ 130 പേർ സ്ത്രീകളാണ്. ജീവനക്കാർക്ക് എല്ലാ സാമൂഹ്യ പരിരക്ഷയും കന്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.
അവർക്ക് മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം വിളന്പുന്ന കാന്റീനും കന്പനിയോടു ചേർന്നു പ്രവർത്തിക്കുന്നു. കാട്ടിക്കുളത്ത് കന്പനി നേരിട്ടു നടത്തുന്ന മാതൃകാ കാപ്പിത്തോട്ടവുമുണ്ട്. മാനന്തവാടി-മൈസൂർ റൂട്ടിൽ മാനന്തവാടിയിൽ നിന്ന് എട്ടു കിലോമീറ്റർ മാറി ഒണ്ടയങ്ങാടിയിലാണ് ബയോവിൻ പ്രവർത്തിക്കുന്നത്.

ജല ദൗർലഭ്യം മുഖ്യ പ്രശ്നം
കാലാവസ്ഥാ വ്യതിയാനം ശരിക്കും ക്ഷതമേൽപ്പിച്ച വയനാട് ജില്ലയുടെ പ്രധാന പ്രശ്നം ജലദൗർലഭ്യമാണെന്ന് ഫാ. ജോണ് ചൂരപ്പുഴയിൽ ചൂണ്ടിക്കാട്ടി. പഴയ നൂൽമഴയൊക്കെ പന്പ കടന്ന നാട്ടിൽ പെയ്യുന്നത് കനത്ത മഴയാണ്.
മണ്ണിൽ താഴാൻ നിൽക്കാതെ വെള്ളം കുത്തിയൊലിച്ചു പോകുകയും ചെയ്യുന്നു. കാർഷിക ആവശ്യത്തിന് കൃത്യമായി വെള്ളം എത്തിക്കാനുള്ള നടപടികളാണ് അടിയന്തിരമായി ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഡാമുകളും കുളങ്ങളുമൊക്കെയുണ്ടെങ്കിലും അത് യഥേഷ്ടം ഉപയോഗിക്കാൻ പല കാരണങ്ങൾക്കൊണ്ടും കർഷകനു കഴിയുന്നില്ല. അതിന് സർക്കാർ ഇടപെടൽ തന്നെ ഉണ്ടാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോണ്: 9656220000