പിന്നീട് കായോട് കൂടിയ എള്ളിൻ തണ്ട് ചെറിയ കെട്ടുകളാക്കി മൂന്നുദിവസം വെയിലിൽ ഉണക്കും. ഇരുവശങ്ങളും മാറി മാറി വെയൽ കൊള്ളിക്കും. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ കന്പ് കൊണ്ടോ മറ്റോ തട്ടി എള്ള് കൊഴിക്കും.
വെയിലേറ്റു കഴിയുന്പോൾ മുതൽതന്നെ കായ് പൊട്ടി എള്ള് കൊഴിഞ്ഞു തുടങ്ങും. ഇവ വാരിക്കൂട്ടി പാറ്റി എടുക്കും. ഈ എള്ള് മില്ലിൽ ആട്ടി എള്ളെണ്ണ ആക്കും. ഒരു കിലോ എള്ളെണ്ണയ്ക്ക് 800 രൂപയാണ് വില. എള്ളിന് 300 രൂപയും.
കൂവയും കൂവപ്പൊടിയും സാധാരണ കുംഭം-മീനം മാസത്തിലാണ് കൂവ കൃഷി. മണ്ണ് വാരം കോരിയാണു നടുന്നത്. തെങ്ങിൻ തടങ്ങളിൽ ഇടവിളയായിട്ടാണു കൂവ കൃഷി ചെയ്യുന്നത്. ചാണകപ്പൊടിയും കുമ്മായവും ചേർത്താണ് നടീൽ.
വൃശ്ചിക മാസത്തിലാണ് വിളവെടുപ്പ്. ചെടി പിഴുതെടുത്തു കിഴങ്ങ് നന്നായി കഴുകി തൊലി മാറ്റിയശേഷം അരച്ച് കട്ട് എടുത്ത് കഴുകിയശേഷം വെയിലിൽ വച്ച് ഉണക്കും. (മിക്സിയിൽ അടിച്ചും കട്ട് എടുക്കാം).
ഔഷധ ഗുണങ്ങൾ ഏറെയുള്ള കൂവപ്പൊടികൊണ്ട് കൂവക്കുറുക്ക് ഉൾപ്പെടെ രുചികരമായ നിരവധി വിഭവങ്ങളും തയാറാക്കാം. കൂവക്കിഴങ്ങ് കിലോ 60 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇഞ്ചി പുരയിടത്തിലാണ് ഇഞ്ചികൃഷി. മണ്ണിൽ നിന്നു പറിച്ചെടുക്കുന്ന ഇഞ്ചി തൊലി ചുരണ്ടി വെയിലത്ത് ഉണക്കി എടുക്കുന്നതാണ് ചുക്ക്.
ഭക്ഷണവിഭവങ്ങളിൽ ചേർക്കാനും ആരോഗ്യസംരക്ഷണത്തിനും ഇഞ്ചിയും ചുക്കും അത്യുത്തമമാണ്. ഇഞ്ചി കിലോയ്ക്ക് 250 രൂപയാണ് വില.
ഉഴുന്ന് ഡിസംബർ അവസാനമാണ് ഉഴുന്ന് നടുന്നത്. പാടത്ത് മണ്ണ് ഉഴുത് ചാണകപ്പൊടി, കുമ്മായം എന്നിവ ചേർത്ത് ഇളക്കിയശേഷമാണു വിത്തിടുന്നത്. മണ്ണിന്റെ നനവിൽ തന്നെ ഉഴുന്ന് വളരും.
തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വാഴ കൃഷിക്കിടയിലും തെങ്ങിൻ തടങ്ങളിലും നടാം. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് വിളവെടുപ്പ്. ഉഴുന്നിന്റെ വേരിൽ നൈട്രജൻ ഉള്ളതിനാൽ വേരോടെ പിഴുതെടുക്കാറില്ല.
തണ്ട് അറുത്തെടുക്കുകയാണ് പതിവ്. വെയിലത്ത് ഉണക്കിയശേഷമാണ് തോടിൽനിന്നും പരിപ്പ് മാറ്റുന്നത്. വീട്ടാവശ്യത്തിനാണ് ഉഴുന്ന് കൂടുതൽ ഉപയോഗിക്കുന്നത്. ആവശ്യക്കാർക്ക് വിലയ്ക്കു നല്കാറുമുണ്ട്.
തേനീച്ചയും തേനും ഡിസംബർ അവസാനത്തോടുകൂടി വനപ്രദേശങ്ങൾക്കു സമീപം മരങ്ങളിലും മറ്റും തേനീച്ച കൂടുകൾ സ്ഥാപിച്ചാണ് തേൻ ഉത്പാദിപ്പിക്കുന്നത്. ജനുവരി അവസാനം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൂടുകളിൽ തേൻ നിറയും.
തേൻ എടുക്കുന്നതു സുനിൽരാജ് തന്നെയാണ്. ഒരു കിലോ തേൻ 300 രൂപയ്ക്കാണ് വിൽക്കുന്നത്.
ശുദ്ധമായ നെയ്യ് പശുവിൻ പാൽ നേരിട്ട് കൊടുക്കാറില്ല. നെയ്യാണു വിൽക്കുന്നത്. പാൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം പാട നീക്കും. ഈ പാട ഓരോ ദിവസവും ശേഖരിച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം കടഞ്ഞ് വെണ്ണയാക്കും.
മത്ത് ഉപയോഗിച്ചോ അല്ലെങ്കിൽ മിക്സിയിൽ അടിച്ചോ ആണ് വെണ്ണ എടുക്കുന്നത്. മോര് കടഞ്ഞ് എടുക്കുന്നതിനേക്കാൾ അധികം വെണ്ണ പാട കടയുന്പോൾ ലഭിക്കും. ഈ വെണ്ണ ഉരുക്കിയാണ് നെയ്യുണ്ടാക്കുന്നത്.
നെയ്യ്ക്ക് ആവശ്യക്കാരേറെയാണ്. അര കിലോ നെയ്യ്ക്ക് 400 രൂപ വിലയുണ്ട്. ഓരോ ഉത്പന്നവും മൂല്യവർധിതമാക്കാൻ കൂടുതൽ യക്നിക്കുന്നത് സുനിൽ രാജാണെങ്കിലും മഞ്ഞൾ പുഴുങ്ങി ഉണക്കുന്നതും കൂവപ്പൊടി തയാറാക്കുന്നതും നെയ്യ് ഉരുക്കുന്നതും അമ്മ സരോജിനിയമ്മയാണ്. ഭാര്യ ശ്രീപ്രിയയുടെ പിന്തുണയുമുണ്ട്.
ഫോണ്: 8606012227.