ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
Tuesday, September 26, 2023 12:54 PM IST
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത കൃഷി രീതിയാണു പെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്റ് കൃഷി (ജൈവവളങ്ങൾ നിറച്ച ദ്വാരങ്ങളുള്ള കുഴൽ തൂണുകളിലെ കൃഷി).
പാറപ്പുറത്തും ചെളിപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളക്കെട്ടിലും ടെറസിലും തുടങ്ങി കൃഷി അത്ര എളുപ്പം സാധ്യമാകാത്ത ഏതു സ്ഥലങ്ങളിലും കൃഷി ചെയ്തു ആദായമുണ്ടാക്കാൻ കഴിയുന്ന മാർഗമാണിത്.
പ്രത്യേകതരം പോറസ് കോണ്‍ക്രീറ്റ് കൂട്ടിൽ നിർമിച്ചെടുക്കുന്ന ഒരടിയോളം ഉയരമുള്ള റിംഗുകളിലാണു കൃഷി. ഈ റിംഗുകൾ ഓരോ പ്രദേശത്തിനും യോജിച്ച വിധത്തിൽ നാല് മുതൽ പത്ത് അടി വരെ ഉയരത്തിൽ ക്രമീകരിക്കാം.
ഇങ്ങനെ നിർമിച്ചെടുക്കുന്ന പെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്ററിനുള്ളിൽ ചകിരിച്ചോറ്, കംബോസ്റ്റ്, മണ്ണ്, ചാണകപ്പൊടി എന്നിവ ചേർത്തു യോജിപ്പിച്ച മിശ്രിതം നിറച്ചാണു തൈകൾ നടുന്നത്. തുള്ളി നനയ്ക്ക് ആവശ്യമായ സംവിധാനം ഒരുക്കിയാൽ നന എളുപ്പമായി.
കുരുമുളക്, വാനില, ഡ്രാഗണ്‍ ഫ്രൂട്ട്, ഗാക് ഫ്രൂട്ട്, പച്ചക്കറികൾ തുടങ്ങിയവ ലാഭകരമായി ഇതിൽ കൃഷി ചെയ്യാം. കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട്, ഗാക് ഫ്രൂട്ട് തുടങ്ങിയവയ്ക്ക് തീരപ്രദേശത്ത് കുറഞ്ഞത് അഞ്ചടിയെങ്കിലും ഉയരം വേണം.
ചെളി പ്രദേശത്താണെങ്കിൽ മുകൾ പരപ്പിൽ നിന്ന് ആറടി ഉയരം കിട്ടണം. നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ സൗകര്യം നോക്കി ഉയരം ക്രമീകരിക്കാവുന്നതാണ്. കുറഞ്ഞത് 25 വർഷമെങ്കിലും കേടുകൂടാതെ ഇരിക്കത്തക്ക വധത്തിലാണ് ഇതിന്റെ നിർമാണം.

പത്ത് സെന്റ് സ്ഥലത്ത് നൂറ് പോസ്റ്ററുകൾ സ്ഥാപിക്കാം. ചെടികൾക്ക് ആവശ്യമായ വളവും ജലവും നഷ്ടപ്പെടാതെ ചുവട്ടിൽ എത്തുമെന്ന പ്രത്യേകതയുമുണ്ട്. തൈകൾ നടുന്നതിനു മുന്‍പു നടീൽ മിശ്രിതം നിറച്ച തൂണുകൾ നനയ്ക്കണം.
കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട്, ഗാക് ഫ്രൂട്ട്, വാനില തുടങ്ങിയവയെല്ലാം ഒരു വർഷമാകുന്നതോടെ പുഷ്പിച്ചു തുടങ്ങും. ഗാക് ഫ്രൂട്ടിന് പന്തൽ ഒരുക്കണം. സാധാരണ കര പ്രദേശം ഒഴികെയുള്ള സ്ഥലങ്ങളിൽ മുകളിൽ നിന്ന് താഴേക്കു പടർത്തുന്ന രീതിയിലാണു ചെടികൾ നടുന്നത്.
ചെടികൾക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കാൻ താങ്ങു മരങ്ങളുടെ ശിഖരങ്ങൾ ഇടയ്ക്ക് മുറിച്ചു മാറ്റേണ്ടി വരുന്നത് ഈ പോസ്റ്റ് ഉപയോഗത്തിലൂടെ ഒഴിവാക്കാൻ കഴിയും. താഴെ നിന്നു മുകളിലേക്കു ചെടികൾ പടർത്തി കയറ്റാവുന്ന സമചതുരത്തിലുള്ള പെർക്കൊലേറ്റർ ഫെർട്ടിഗേഷൻ തൂണുകളുമുണ്ട്.
ഉയരം ക്രമീകരിച്ച് പാവൽ, പടവലം, കോവൽ തുടങ്ങി ഏതുതരം പച്ചക്കറികളും റിംഗുകളിൽ നടാൻ കഴിയും. പോറസ് കോണ്‍ക്രീറ്റ് റിംഗുകളിൽ വളരുന്ന കുരുമുളകിന് കുറ്റിക്കുരുമുളകിന്റെ കൂടി സ്വഭാവം കൈവരും.
വശങ്ങളിലേക്ക് കൂടുതൽ തലപ്പുകൾ ഉണ്ടാകുന്നതു മൂലം വിളവ് വർധിക്കും. നല്ല ഇനമാണെങ്കിൽ വർഷം മുഴുവൻ കായ്ക്കുകയും ചെയ്യും. പൊതുവെ രോഗകീടബാധകൾ വളരെ കുറവായിരിക്കുമെന്നാണ് ജോബിയുടെ അഭിപ്രായം.
കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതിലാണ് ആരോഗ്യത്തോടെ വളരുന്നത്. ഏത് വിള കൃഷി ചെയ്താലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ വിളവ് ലഭിക്കുമെന്നു ജോബി ഉറപ്പ് നൽകുന്നു.
ജോബിയുടെ ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ റിംഗുകളും പോസ്റ്റുകളും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അവയിൽ കുരുമുളകും ഡ്രാഗണ്‍ ഫ്രൂട്ടും വാനിലയുമാണ് കൃഷി ചെയ്തിരിക്കുന്നത്.
മാതാപിതാക്കളെപ്പോലെ ജൈവ കൃഷി തന്നെയാണ് ജോബിയും പിന്തുടരുന്നത്. ല-വിയ കാബാസീന എന്ന അന്താരാഷ്ട്ര കർഷക സംഘടന രണ്ടായിരത്തിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച സമ്മേളത്തിൽ താൻ അനുവർത്തിക്കുന്ന ജൈവകൃഷി രീതി സദസിന് പരിചയപ്പെടുത്തിയതോടെ സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി സുഹൃത്തുക്കളെ നേടാൻ ജോബിക്കു കഴിഞ്ഞു.
റബർ, തെങ്ങ്, കമുക്, കൊക്കോ, ജാതി, പന, കാപ്പി, പ്ലാവ്, ചന്ദനം, ഏലം, കുരുമുളക്, കുടംപുളി, ജാതി, കരിന്പ്, വാനില, ജംബോട്ടിക്കാവ, റംബൂട്ടാൻ, ഫിലോസാൻ, മിൽക്ക് ഫ്രൂട്ട് തുടങ്ങി നൂറിലേറെ ഇനം വിളകളാണ് അദ്ദേഹത്തിന്റെ ജൈവ കൃഷിയിടത്തിലുള്ളത്.
പച്ചക്കറികളും പഴവർഗങ്ങളും കിഴങ്ങ് വിളകളും നിറഞ്ഞ കൃഷിഭൂമിയിൽ സുഗന്ധവിളകളോടൊപ്പം ഔഷധസസ്യങ്ങളുമുണ്ട്. കർഷകർക്ക് ഗുണകരമായ നിരവധി കണ്ടുപിടുത്തങ്ങളും ജോബി നടത്തിയിട്ടുണ്ട്.
ഗുണമേന്മയുള്ള റബർ ഷീറ്റുകൾക്കായി ശാസ്ത്രീയമായ പുകപ്പുര നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പോരായ്മകൾ പരിഹരിച്ചു മികച്ച പുകപ്പുര രൂപപ്പെടുത്താൻ വർഷങ്ങളെടുത്തു.
ജൈവമാലിന്യങ്ങൾ വായുവിന്റെ സാനിധ്യത്തിൽ, ജീവാണുക്കളുടെ സഹായത്തോടെ ജൈവവള ഉത്പാദനത്തിന് സഹായിക്കുന്ന മാലിന്യസംസ്കരണ യൂണിറ്റായിരുന്നു അടുത്തത്. നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ചിട്ടുള്ള ഈ യൂണിറ്റിൽ മണ്ണിര കംന്പോസ്റ്റും ഉണ്ടാക്കാം.
രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ നിയമ ബിരുധാരിയായ ഇദ്ദേഹം ദേശീയ പരിസ്ഥിതി കോണ്‍ഗ്രസിന്റെ കാർഷിക ഗവേഷണോത്തമ അവാർഡ്, ഗ്ലോബൽ ഇക്കണോമിക് കൗണ്‍സിലിന്റെ രാഷ്ട്രീയ ഏകതാ അവാർഡും നേടിയിട്ടുണ്ട്. ഭാര്യ ലൗലി.
ഫോണ്‍: 9048365013
നെല്ലി ചെങ്ങമനാട്