താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
Saturday, September 16, 2023 4:42 PM IST
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന് കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന തൊഴിലാണ് താറാവു വളർത്തൽ.
കാർഷികമേഖലയിലുള്ള ഒട്ടുമിക്ക കുടുംബങ്ങൾക്കും പരന്പരാഗതമായുണ്ടായിരുന്ന താറാവു വളർത്തലിൽ കുറവു വന്നതോടെ നാടൻ താറാമുട്ടയ്ക്കു കടുത്ത ക്ഷാമമാണ്.
താറാവിൻ മുട്ട ആവശ്യത്തിനു ലഭ്യമല്ലാത്തതിനാൽ താറാവു കൃഷി കർഷകനു നഷ്ടമുണ്ടാക്കുന്നില്ല. പോഷക മൂല്യമേറെയുള്ള താറാമുട്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്.
പോഷക സമൃദ്ധമായ താറാമുട്ടയുടെയും സ്വാദിഷ്ടമായ താറാവിറച്ചിയുടേയും ലഭ്യത വർധിപ്പിക്കാൻ പഞ്ചായത്തുകൾ നിർധന കുടുംബങ്ങൾക്ക് മുട്ടത്താറാവുകളെ മിതമായ നിരക്കിൽ നൽകുന്ന പദ്ധതി നടപ്പാക്കി വരുന്നുണ്ട്.
മിതമായും വൻതോതിലും താറാവുവളർത്തി വരുമാനമുണ്ടാക്കുന്നവരുടെ എണ്ണം അപ്പർകുട്ടനാടൻ മേഖലയിൽ അടുത്ത കാലത്ത് വർധിച്ചിച്ചിട്ടുണ്ട്. മുന്പ് താറാമുട്ട കോഴികൾ അടയിരുന്നാണ് വിരിയിച്ചിരുന്നത് ഇതിനു പകരം കർഷകർ ഇപ്പോൾ താറാവിൻ കുഞ്ഞുങ്ങളെ ഹാച്ചറികളിൽ നിന്നു വാങ്ങുകയാണ്.

കോട്ടയം ജില്ലയിൽ ചങ്ങനാശേരിയിലെ തുരുത്തി, ആലപ്പുഴയിൽ ഹരിപ്പാട് പായിപ്പാട് എന്നിവടങ്ങളിലെ ഹാച്ചറികളിൽ താറാവിൻ കുഞ്ഞുങ്ങളെ ലഭിക്കും. കർഷകർ ഇവിടെ നിന്ന് ഒടുവിൽ താറാവിൻ കുഞ്ഞുങ്ങളെ വാങ്ങിയത് 23 രൂപ നിരക്കിലായിരുന്നു.
ആദ്യ നാലു ദിനങ്ങളിൽ മഞ്ഞൾ, ചുക്ക്, കുരുമുളക് എന്നിവ പൊടിച്ചിട്ട് തിളപ്പിച്ചാറിയ വെള്ളവും ചോറുമാണ് നൽകുന്നത്. പിന്നീട് ചെറുമീനായ നന്ദൻ (ഊപ്പ) കോഴിത്തീറ്റ എന്നിവയും നൽകും. 20-ാം ദിവസം മുതൽ അരി കുതിർത്തു കൊടുത്തു തുടങ്ങും.
ഇതിനു പുറമെ ഗോതന്പ്, പന നുറുക്കിയത്, നെല്ല്, കക്കാപ്പൊടി തുടങ്ങിയവയും നൽകും. വൻ തോതിൽ താറാവുവളർത്തുന്നവർ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ 45-ാം ദിവസം മുതൽ താറാവുകളെ ഇറക്കും.
പാടത്തിന്റെ വിസ്തൃതിക്കനുസരിച്ച് പതിനായിരം മുതൽ ലക്ഷം രൂപ വരെ നൽകണമെന്നു മാത്രം. 1000 താറാവുകൾക്ക് പ്രതിദിനം 100 കിലോ അരിയുടെ ചോറു വേണം.
ഈ രീതിയിൽ വരുന്ന വൻചെലവിനേക്കാൾ കുറവ് പണച്ചെലവിൽ പാടത്തു താറാവിനെ തീറ്റി കർഷകന് നിലനിൽക്കാനാകും. നന്നായി തീറ്റ നൽകിയാൽ അഞ്ചാം മാസം മുട്ട ലഭിക്കും.
നാട്ടിൻപുറങ്ങളിൽ നാടൻ താറാമുട്ടയ്ക്ക് 10 രൂപയാണ് വില. കർഷകരിൽ നിന്ന് നേരിട്ടു മുട്ട വാങ്ങുന്പോൾ കർഷകർക്ക് 10 രൂപ ലഭിക്കും. കടകളിൽ കർഷകർ മുട്ട ഒന്നിന് ഒൻപത്, 9.30 രൂപ എന്നീ നിരക്കിലാണ് നൽകുന്നത്.
500 ൽ താഴെ മുട്ടത്താറാവുകളെ വളർത്തുന്ന ചെറുകിട കർഷകർ നാലു മാസം പ്രായമുള്ള താറാവുകളെ 200 രൂപയ്ക്കും അഞ്ചു മാസത്തിലധികം പ്രായമുള്ള താറാവുകളെ 300 രൂപ നിരക്കിലുമാണ് വാങ്ങുന്നത്.
വൈക്കം തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഏഴാം ബ്ലോക്കിൽ മുന്നൂറ് മുട്ടത്താറാവുകളെ വളർത്തുന്ന ശ്രീനാരായണ മന്ദിരത്തിൽ ജിസ്മോന്റെ ഭാര്യ അന്പിളി താറാവുവളർത്തൽ കുടുംബത്തിന്റെ വരുമാനവർധനവിന് ഏറെ സഹായകരമാണെന്ന് പറയുന്നു.
പതിറ്റാണ്ടുകളായി അന്പിളി താറാവുവളർത്തുന്നുണ്ട്. ഭർത്താവ് ജിസ്മോന്റെയും മക്കളായ അർച്ചന, ആദിത്യ, ഭർതൃമാതാവ് ശ്യാമള എന്നിവരുടെയും കൂട്ടായ സഹകരണത്തിലാണ് താറാവു വളർത്തൽ നടത്തി വരുന്നതെന്ന് അന്പിളി പറയുന്നു.
നാട്ടിൻപുറങ്ങളിൽ കാട്ടുപൂച്ച, മരപ്പട്ടി, ഉടുന്പുകൾ എന്നിവ താറാവുവളർത്തലിന് വലിയ ഭീഷണിയാണ്. കൂട്ടമായെത്തുന്ന തെരുവുനായ്ക്കളും കൂടു തകർത്ത് താറാവുകളെ കൊന്നൊടുക്കുന്നുണ്ട്.
സുഭാഷ് ഗോപി