കേരം ഇല്ലാതാകുന്ന കേരളം
Thursday, September 7, 2023 2:49 PM IST
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ് കൃഷിയുടെ കാര്യത്തിൽ ഏറെ പിന്നോക്കം പോയിരിക്കുന്നു.
ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിൻ നാളികേരം ഉത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്തോനേഷ്യയ്ക്കാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഫിലിപ്പീൻസിനും.
രാജ്യത്ത് 21.10 ലക്ഷം ഹെക്ടർ സ്ഥലത്തു തെങ്ങ് കൃഷിയും ആകെ ഉത്പാദനം 19247 ദശലക്ഷം നാളികേരവുമായിരുന്നു. ഉത്പാദനക്ഷമത ഹെക്ടറിന് 9123 എണ്ണം.
മൊത്തം തെങ്ങ് കൃഷിയുടെ 89 % തെക്കൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്.
എന്നാൽ, 2021-22 വർഷത്തിൽ വ്യത്യസ്ഥങ്ങളായ കാരണങ്ങളാൽ രാജ്യത്തെ തെങ്ങ് കൃഷി വിസ്തൃതിയും, ഉത്പാദനവും, ഉത്പാദനക്ഷമതയും കുറഞ്ഞു.
വരൾച്ചയും, വെള്ളിച്ച ശല്യവുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെങ്ങ് കൃഷി വിസ്തൃതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണു കേരളത്തിനുള്ളതെങ്കിലും ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്താണ്.

ഉത്പാദനക്ഷമതയുടെ കാര്യത്തിൽ ഒന്നാമത് ആന്ധ്രാപ്രദേശാണ്. കേരളത്തിന്റെ മൊത്തം കൃഷി വിസ്തൃതിയുടെ 30.3% തെങ്ങ് കൃഷിയാണ്. 2021-22 ൽ 7.65 ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ടായിരുന്നു.
ഉത്പാദനം 5535 ദശലക്ഷവും, ഉത്പാദനക്ഷമത ഹെക്ടറിന് 7231 എണ്ണവും. ഉത്പാദന ക്ഷമതയിൽ ദേശീയ ശരാശരിയേക്കാൾ 1892 എണ്ണത്തിന്റെ കുറവ്.
മുൻകാലങ്ങളിൽ പ്രധാന കൃഷികളിലൊന്നും കർഷകന്റെ പ്രധാന വരുമാനവുമായിരുന്നു തെങ്ങ്. തെങ്ങുകൃഷിയും, നാളികേരവും അനുബന്ധ ഉത്പന്നങ്ങളും കൊണ്ട് വിപുലമായ വ്യാപാര ശൃംഖല തന്നെ ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു.
തേങ്ങ, കൊപ്ര, വെളിച്ചെണ്ണ, ചിരട്ട, തൊണ്ട്, കയർ എന്നിങ്ങനെ വിവിധങ്ങളായ നാളികേര അനുബന്ധ വ്യാപാരങ്ങൾ പലതും മണ്മറഞ്ഞു.
കായലുകൾ, നദികൾ, തോടുകൾ തുടങ്ങിയ ജലമാർഗങ്ങളിൽക്കൂടി ദിവസേന നിരവധി വലിയ വള്ളങ്ങളിൽ നാളി കേരം കയറ്റി പോകുന്നത് മൂന്നു നാല് ദശാബ്ദങ്ങൾക്കു മുന്പു വരെ പതിവ് കാഴ്ചയായിരുന്നു.
ചെറുതും വലുതുമായ, കൊപ്രാ കളങ്ങളും വെളിച്ചെണ്ണ മില്ലുകളും പണ്ട് സുലഭമായിരുന്നു. ഇന്ന് അവയൊന്നും കാണാനേയില്ല.
തെങ്ങിന്റെ പരിപാലനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം ദിനംപ്രതി കൂടിക്കൂടി വന്നതുമൂലം പലരും തെങ്ങു കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
നാളികേരത്തിന്റെ വിലക്കുറവും എടുക്കാൻ വ്യാപാരികളില്ലാത്തതും തൊഴിലാളി ക്ഷാമവും പ്രശ്നം കൂടുതൽ രൂക്ഷമാക്കി.
പുതിയ നാളികേര ഇനങ്ങൾ പലതു കണ്ടെത്തിയെങ്കിലും അതൊ ന്നും കർഷകരിൽ അത്ര വിശ്വാസം ജനിപ്പിക്കാൻ കഴിയുന്നവയുമായിരുന്നില്ല.
ഫോണ്: 9447505677