മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
Monday, August 28, 2023 12:04 PM IST
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണു ജൈവ കർഷകൻ ഉള്ളൂർ ആർ. രവീന്ദ്രൻ. 150 ചെടി ചട്ടികളിൽ ഉമ, പ്രത്യാശ എന്നീ നെല്ലിനങ്ങളാണ് അദ്ദേഹം വിളയിച്ചത്.
മിഥുന മാസം ഒടുവിൽ പഴുത്ത നെൽക്കതിരുകൾ അരിവാൾ കൊണ്ടു കൊയ്തെടുത്ത്, പാറ്റി, ഉണക്കി, പുഴുങ്ങി, കുത്തി അരിയാക്കി ശേഖരിച്ചുവച്ചു കഴിഞ്ഞു. ഓണനാളുകളിൽ ഈ അരികൊണ്ട് അദ്ദേഹം ഒന്നാന്തരം പുത്തരിച്ചോറു വിളന്പും.
ചോറു മാത്രമല്ല സദ്യവട്ടങ്ങൾക്കുള്ള മുഴുവൻ വിഭവങ്ങളും സ്വന്തം കൃഷിയിടത്തിൽ നിന്നു തന്നെയാണു രവീന്ദ്രൻ ശേഖരിക്കുന്നത്.
തമിഴ്നാടും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ളയുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്ന അരിക്കും, പച്ചക്കറികൾക്കും പകരം രാസവളങ്ങളോ, മാരകങ്ങളായ കീടനാശിനികളോ ചേരാത്ത ശുദ്ധമായ തിരുവോണ സദ്യയാണു രവീന്ദ്രനും കുടുംബവും കഴിക്കുക.
ജൈവകൃഷിയുടെ പ്രചാരകൻ എന്ന നിലയിൽ ഇതിനോടകം ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നൂറിൽപ്പരം അവാർഡുകൾ രവീന്ദ്രൻ നേടിയിട്ടുണ്ട്. മട്ടുപ്പാവിലെ 600 ചതുശ്ര അടി സ്ഥലത്താണ് ചെടിച്ചട്ടികളിൽ നെൽകൃഷി നടത്തിയത്.
സുഷിരമില്ലാത്ത മീഡിയം ചെടിച്ചട്ടികളിൽ ഇക്കഴിഞ്ഞ മെയിലാണ് നെല്ല് വിത്തിട്ടത്. 110 ദിവസം കൊണ്ട് കതിരിട്ടു വിളഞ്ഞു പഴുത്തു. കൊയ്തെടുത്ത നെൽക്കതിരുകൾ നിലത്തടിച്ചും നെല്ല് പൊഴിച്ചും (ഇല വടിക്കുക) പതിരു മാറ്റിയും വൃത്തിയാക്കി.
പിന്നീട് പാറ്റി ഉണക്കി വലിയ പാത്രങ്ങളിൽ സൂക്ഷിച്ചു. ഇതിൽ നിന്ന് ആവശ്യാനുസരണം നെല്ലെടുത്ത് പുഴുങ്ങി ഉണങ്ങി മില്ലിൽ കുത്തി അരിയാക്കുകയായിരുന്നു.
പച്ചനെല്ല് കുത്തി പലഹാരത്തിനുള്ള പച്ചരിയും സൂക്ഷിച്ചിട്ടുണ്ട്. ഈ പച്ചരിപ്പൊടി കൊണ്ടു ണ്ടാക്കുന്ന പുട്ട് ഓണനാളുകളിലെ പ്രധാന വിഭവമാണ്.
മട്ടുപ്പാവ് കൃഷിയിൽ നിന്ന് ഇത്തവണ 30 കിലോ നെല്ല് ലഭിച്ചു. അരിയാക്കിയപ്പോൾ 18 കിലോ കിട്ടി. കൃഷിപ്പണികൾ രവീന്ദ്രൻ തനിച്ചാണു ചെയ്യുന്നത്. മട്ടുപ്പാവിൽ സ്ഥിരമായി കായ്ച്ചു നില്ക്കുന്ന പച്ചക്കറികളുണ്ട്.
ഓണനാളുകളിൽ വിളവെടുക്കാൻ പാകത്തിൽ പടവലം, വെള്ളരി, വെണ്ട, തക്കാളി തുടങ്ങിയവ നട്ടിട്ടുണ്ട്. സ്വയം നിർമിക്കുന്ന ഹൃദയാമൃതം, സസ്യാമൃതം എന്നീ ജൈവവളങ്ങളാണു കൃഷിക്ക് രവീന്ദ്രൻ ഉപയോഗിക്കുന്നത്. 1996 മുതലാണ് അദ്ദേഹം മട്ടുപ്പാവ് കൃഷി തുടങ്ങിയത്.
2007 മുതലുള്ള ഓണസദ്യ മട്ടുപ്പാവിലെ കൃഷിയിൽ നിന്നു തന്നെയാണ്. തിരുവോണ സദ്യയ്ക്കു തൂശനിലയിൽ ഇടത്തേ അറ്റത്തു നിന്നു വിളന്പുന്ന ഇഞ്ചി, നാരങ്ങ, മാങ്ങ, കിച്ചടി, തോരൻ, അവിയൽ പിന്നെ ഒഴിച്ചുകറികളായ സാന്പാർ, രസം, പുളിശേരി അങ്ങനെ എല്ലാറ്റിനും സ്വയം ഉത്പാദിപ്പിക്കുന്ന വിളകൾ മാത്രം.
രവീന്ദ്രന്റെ കൃഷിയെക്കുറിച്ചും അവിടെ നിന്നുകിട്ടുന്ന വിഭവങ്ങളെക്കുറിച്ചും സദ്യവട്ടങ്ങളെക്കുറിച്ചും ഭാര്യ എസ്. സിന്ധുവിനും ഏറെ പറയാനുണ്ട്. പറന്പിൽ നട്ടുവളർത്തുന്ന ഇഞ്ചി നേരത്തെ ശേഖരിച്ചു വയ്ക്കും.
ഈ ഇഞ്ചി കൊണ്ടാണു ഉത്രാടം നാളിൽ ഇഞ്ചിക്കറി തയാറാക്കുന്നത്. പറന്പിൽ തന്നെയുള്ള മാവിൽ നിന്നു പറിക്കുന്ന മാങ്ങ കൊണ്ട് അച്ചാറുണ്ടാക്കും. നാരങ്ങക്കറിക്കുള്ള നാരങ്ങ പറന്പിൽ നിന്നും മട്ടുപ്പാവിൽ നിന്നും കിട്ടും.
പല തരം പച്ചമുളകും കറിവേപ്പിലയും യഥേഷ്ഠമുണ്ട്. തോരൻ ചീരകൊണ്ടോ, വലിയ പയറുകൊണ്ടോ ആണുണ്ടാക്കുന്നത്. കിച്ചടിക്കുള്ള വെള്ളരിക്കയും വെണ്ടയ്ക്കയും കൃഷിയിടത്തിലുണ്ട്. അവിയലിനുള്ള ഏത്തക്കാ, ചേന, വഴുതനങ്ങ, പച്ചമുളക്, കോവയ്ക്ക തുടങ്ങിയവയും അവിടെയുണ്ട്.
സാന്പാറിലും ഈ പച്ചക്കറികൾ മാത്രമാണു ചേർക്കുന്നത്. ചീനി, അമരയ്ക്ക, വെണ്ടയ്ക്ക, വെള്ളരിക്ക, ചേന്പ്, തക്കാളി, കത്തിരിക്ക, കോവയ്ക്ക തുടങ്ങിയവയും ആവശ്യത്തിനുണ്ട്. പുറത്ത് നിന്നു വാങ്ങുന്ന കാരറ്റ് ഉൾപ്പെടെയുള്ള പച്ചക്കറികൾ ഓണസദ്യയ്ക്കു ഉപയോഗിക്കാറില്ല.
കോവയ്ക്ക കൊണ്ടുള്ള മെഴുക്കുപുരട്ടി ഓണ സ്പെഷലാണ്. തക്കാ ളിയും നിറയെ കായ്ച്ചിട്ടുണ്ട്. ഇതു കൊണ്ടുള്ള കിച്ചടിയോ, സലാഡോ സദ്യയ്ക്കുണ്ടാകും.
തക്കാളി കൊണ്ടു ള്ള രസവും പ്രധാന ഇനമാണ്. വെള്ളരിക്ക ചേർത്ത പുളിശേരിയും തയാറാക്കും. സാന്പാർ പരിപ്പ്, ചെറുപരിപ്പ് എന്നിവ മാത്രമേ പുറത്തു നിന്നുവാങ്ങാറുള്ളൂ.
സംസ്ഥാന കൃഷി വകുപ്പിന്റെ അത്മസ്കൂൾ വഴി നിരവധി വിട്ടമ്മമാരെയും ഉദ്യോഗസ്ഥരെയും വിരമിച്ചവരെയും ജൈവ കൃഷി ലോകത്തെത്തിച്ചിട്ടുണ്ട് മുൻ പ്രവാസിയായ ആർ. രവീന്ദ്രൻ. നിരവധി ജൈവകർഷകർ രവീന്ദ്രന്റെ ശിഷ്യരായുണ്ട്.
വീട്ടിൽ അനന്തപുരി ജൈവ കൃഷി പഠനകളരി നടത്തുന്ന ആർ. രവീന്ദ്രന്റെ സ്വപ്നം തന്നെ സന്പൂർണ കൃഷി സുരക്ഷ കേരളമാണ്. അനന്തപുരി ജൈവ കൃഷി പഠനക്കളരി സൗജന്യമായി നടത്തുന്നതിനു പിന്നിലും സുരക്ഷിതമായ ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണുള്ളത്.
നെൽവിത്തുൾപ്പെടെ തന്റെ കൃഷിയിടത്തിലെ വിത്തുകൾ കൃഷി പഠിക്കാൻ എത്തുന്നവർക്കും കൃഷിയിൽ താത്പര്യമുള്ള സുഹൃത്തുക്കൽക്കും, ബന്ധുക്കൾക്കും, കുട്ടികൾക്കും നൽകാറുമുണ്ട്.
മക്കളായ രെജി, രാഖിയും മരുമക്കളും രവീന്ദ്രന് പിന്തുണയുമായി ഒപ്പമുണ്ട്.
ഫോണ്: 9048282885
എസ്. മഞ്ജുളദേവി