ഏഴഴകിൽ ഹെെറേഞ്ച് റാണി
Tuesday, August 22, 2023 5:26 PM IST
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേറെയുണ്ടെ ന്നാണു കണക്ക്. ഇതിൽ ഭൂരിഭാഗവും സങ്കരയിനങ്ങൾ തന്നെ. വന്യനും നാടനും വിദേശിയുമായി നിരവധി ഓർക്കിഡുകൾ മലയാളികളുടെ തോട്ടങ്ങൾക്ക് അഴക് പകരുന്നു.
40 രൂപ മുതൽ ആയിരങ്ങളും പതിനായിരങ്ങളും വരെ വില മതിക്കുന്ന ഓർക്കിഡുകളുണ്ട്. പൂക്കളുടെ പ്രത്യേകതയും ഇനവും അനുസരിച്ചാണു വില. വെള്ളം കുറച്ചു മതിയെന്നതും മുറിക്കുള്ളിൽ വളർത്താൻ കഴിയുമെന്നതും ഓർക്കിഡുകളുടെ പ്രത്യേകതയാണ്.
പൂക്കൾ മുന്നു മാസത്തിലേറെക്കാലം വാടാതെ നിൽക്കുകയും ചെയ്യും. എറണാകുളം ജില്ലയിലെ വാഴക്കുളത്ത് പൈനാപ്പിൾ കർഷകനായ ബേബി ജോണ് പീടിക്കാട്ടുകുന്നേൽ ഓർക്കിഡുകളുടെ ആരാധകനാണ്.
അദ്ദേഹം സംരക്ഷിച്ചു വളർത്തുന്ന ഹൈറേഞ്ച് റാണി എന്ന ഓർക്കിഡിൽ ആരുടെയും കണ്ണ് ഉടക്കാതിരിക്കില്ല. ഹൈറേഞ്ചിലെ വനങ്ങളിൽ കാണപ്പെടുന്ന ഓർക്കിഡാണിത്. ഒരു മീറ്ററോളം നീളമുള്ള പുഷ്പത്തണ്ടിൽ നിറയെ നല്ല വെളുത്ത പൂക്കളുമായാണ് അതിന്റെ നില്പ്.
കുറുനരിയുടെ വാലുപോലെ താഴേക്ക് നീണ്ടു കിടക്കുന്ന പൂക്കുലകളായതിനാൽ കുറുനരിവാലനെന്ന പേരുമുണ്ട്. ശ്രീലങ്കയിലെ ഉവ പ്രവിശ്യയുടെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പുഷ്പമാണ്.
നടീൽ
ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന മുകുളങ്ങളാണ് നടീൽ വസ്തു. മരങ്ങളിൽ പറ്റിപ്പിടിച്ചു വളരാനാണ് ഇതിനിഷ്ടം. തേക്ക്, ആഞ്ഞിലി മരങ്ങളിൽ വേഗം വളർന്നു കയറും. വർഷത്തിൽ ഒരു തവണ മാത്രമാണു പുഷ്പിക്കൽ. ജൂണ്, ജൂലൈ മാസങ്ങളിലാണു സാധാരണ പുഷ്പിക്കുന്നത്.

മരങ്ങളിൽ പിടിപ്പിച്ചാൽ വേഗത്തിൽ വേരുപിടിച്ചു വളരും. വേരു പിടിക്കുന്നതുവരെ മരത്തോട് ചേർത്തു കെട്ടിവയ്ക്കണം. തടികളിലും നടാം. മരക്കരി, ചിരട്ടക്കരി എന്നിവ ചട്ടികളിൽ നിറച്ച് അതിലും നടാവുന്നതാണ്.
സൂര്യപ്രകാശം നേരിട്ടു ചെടിയിൽ വീഴരുത്. മരച്ചില്ലകൾക്ക് ഇടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശമാണ് അഭികാമ്യം. ചട്ടികളിൽ നടുന്പോൾ വായുസഞ്ചാരം ഉറപ്പാക്കണം. ചട്ടികളിൽ നട്ടു മരക്കൊന്പുകളിൽ തൂക്കിയിടുകയും ചെയ്യും.
പരിചരണം
ഹൈറേഞ്ച് റാണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റിങ്കോസ്റ്റൈലിസിനു പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. നനയും വളവും വേണ്ട താനും. വീതികുറഞ്ഞു നീളം കൂടിയ ഇലകളും ബലവത്തായ വേരുകളും ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് ആവശ്യമായ ഭക്ഷണം സ്വയം വലിച്ചെടുക്കും.
സമുദ്രനിരപ്പിൽ നിന്ന് 1250 മീറ്റർ വരെ ഉയരത്തിൽ വളരും. ഇലപൊഴിയും കാടുകളിൽ ഈ ചെടി കൂടുതലായി കാണപ്പെടുന്നു. രോഗകീടബാധകൾ തീർത്തും അപൂർവമാണ്. എന്നാൽ, ചട്ടികളിലും മറ്റും വളർത്തുന്പോൾ അല്പം പരിചരണം ആവശ്യമുണ്ട്.
വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ നന വേണ്ടിവരും. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. സ്പ്രേ ചെയ്യുന്നതാണു നല്ലത്. മാസത്തിൽ ഒരു പ്രാവശ്യം നേർപ്പിച്ച ജൈവവളങ്ങൾ സ്പ്രേ ചെയ്യുന്നതു വളർച്ചയെ ത്വരിതപ്പെടുത്തും.
ഗോമൂത്രം പതിനേഴ് ഭാഗം വെള്ളം ചേർത്ത് നേർപ്പിച്ചു രണ്ടാഴ്ച കൂടുന്പോൾ തളിക്കുന്നതും നല്ലതാണ്.
പുഷ്പിക്കൽ
ആരോഗ്യമുള്ള ചെടിയിലെ സാമാന്യം വളർച്ചയെത്തിയ മുകുളങ്ങൾ അടർത്തിയെടുത്ത് നട്ടാൽ ഒന്നരവർഷത്തിനുള്ളിൽ പുഷ്പിച്ചു തുടങ്ങും. കാലാവസ്ഥ അനുകൂലമല്ലങ്കിൽ മൂന്നു വർഷം വരെ സമയമെടുക്കാം.
ഒരു കുലയിൽ നൂറിൽ പരം പൂക്കളുണ്ടാകും. കാലാവസ്ഥ മോശമെങ്കിൽ പൂക്കുലയുടെ നീളവും പൂക്കളുടെ എണ്ണവും കുറയും. ഒറ്റച്ചെടിയിൽ മൂന്ന് പൂക്കുലകൾ വരെ ഉണ്ടാകാറുണ്ട്.
ഫോണ്: 9447157759
ആഷ്ണ തങ്കച്ചൻ