തുന്പപ്പൂവില്ലാതെ എന്ത് ഓണം!
Friday, August 18, 2023 10:19 AM IST
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണവും തമ്മിലുള്ള ബന്ധം. വിനയത്തിന്റെ പ്രതീകമായ തുന്പപ്പൂവ് അത്തപ്പൂക്കളങ്ങളിൽ ഒഴിവാക്കാനാവില്ല.
നമ്മുടെ നാട്ടിൽ കളകളായി വളരുന്ന തുന്പ, പ്രകൃതി ചികിത്സകരുടെയും ആയുർവേദ വിദഗ്ധരുടെയും ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഔഷധ സസ്യമാണ്. ഇതിന്റെ വേരും പൂവുമെല്ലാം ഔഷധമാണ്. ലാമിയേസി കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം ല്യൂക്കസ് അസ്പെരെ എന്നാണ്.
കർക്കിടക മാസത്തിൽ നന്നായി വളരുന്ന തുന്പച്ചെടി ഓണമാകുന്നതോടെ പൂത്തു തുടങ്ങും. 30 മുതൽ 60 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയിൽ നിറയെ രോമങ്ങൾ ഉണ്ടാകും.
ഇലകൾക്ക് ആറ് സെന്റീമീറ്റർ നീളവും 1-4 സെന്റീമീറ്റർ വീതിയും വരും. ഇലയുടെ അഗ്രഭാഗം കൂർത്തിരിക്കുകയും ചെയ്യും.
ശിഖരത്തിന്റെ അറ്റത്തും ശാഖകളുടെ ഇടയ്ക്കും കുലകളായിട്ടാണു തൂവെള്ള പൂക്കളുണ്ടാകുന്നത്. തുന്പയിലയുടെ നീര് കഫക്കെട്ടു മാറുവാനും തലവേദനയ്ക്കു മരുന്നായും കുട്ടികളിൽ കൃമി ശല്യം മാറാനും ഉപയോഗിക്കും.
ഇക്കാലത്ത് തുന്പച്ചെടി വളർത്തി സംരക്ഷിക്കാൻ താത്പര്യപ്പെടുന്നവർ ഏറെയാണ്. മറ്റു ചെടികളുടെ കൂടെ ചട്ടിയിൽ വളർത്തി വീടിന്റെ മുന്നിൽ വച്ചു കൊതുക് ശല്യം ഒഴിവാക്കാനും ഇത് ഉപയോഗിക്കാറുണ്ട്.
ഫോണ്: 9447468077
സുരേഷ് കുമാർ മകളർകോട്