ഓണാട്ടുകര എള്ളിന് പൈതൃകവിളയുടെ സംരക്ഷണം
Thursday, August 10, 2023 4:06 PM IST
570 ഹെക്ടറിൽ അധികം പ്രദേശത്ത് പരന്പരാഗതമായി എള്ള് കൃഷിചെയ്യുന്ന ഓണാട്ടുകര കർഷകർക്ക് പിന്തുണയുമായി സംസ്ഥാന കൃഷി വകുപ്പ് പദ്ധതികൾ അംഗീകരിച്ചു.
രണ്ടു നെല്ലും ഒരെള്ളും എന്ന തനതു രീതിയിൽ കൃഷി ചെയ്തു വരുന്ന വിരിപ്പ് നില ഉടമകളാണ് ഓണാട്ടുകരയിലുള്ളത്. നെൽക്കൃഷിയുടെ നഷ്ടം നികത്താനായി എണ്ണവിള ക്കൃഷിയായി എള്ളിനെ പരിഗണിച്ച പൂർവസൂരികൾക്കു തെറ്റിയില്ല.
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ വിശ്വകീർത്തി ഉത്സവമായ ഭരണിക്കെട്ടുകാഴ്ചയുമായി ബന്ധപ്പെടുത്തി എള്ളു കൃഷിക്ക് പവിത്ര മുദ്ര കല്പിച്ചു നൽകാനും ഈ നാട് മറന്നില്ല.
ധാരാളം ആന്റി ഓക്സിഡന്റുകളും ഫ്ളേവനോയിഡുകളും അടങ്ങിയ എള്ളിൽ ഒലിയിക് ആസിഡ് എന്ന ഏക പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. നല്ല കൊളസ്ട്രോളിന്റെ തോത് കൂട്ടി ഹൃദയാരോഗ്യം വർധിപ്പിക്കുന്ന ആരോഗ്യവിളയാണിത്.
2020 ൽ കേന്ദ്ര സർക്കാർ പരിഗണനയ്ക്കു സമർപ്പിക്കപ്പെട്ട എള്ള് കിഴി 2022 ഡിസംബർ 15 ലെ വിജ്ഞാപനത്തിൽ ഭൗമസൂചിക പദവി നേടുകയും ചെയ്തു.
ആയാളി, തിലക്, കായംകുളം ഒന്ന് എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രാദേശിക എള്ള് വിളവെടുക്കുന്പോൾ കിലോയ്ക്കു 300 രൂപ മതിപ്പ് നൽകി ശേഖരിക്കാൻ പദ്ധതി വിഹിതമായി ഓണാട്ടുകര വികസന ഏജൻസിക്ക് 1.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഹരികുമാർ വാലേത്ത്