ഈ തവിടിനും മൂല്യമുണ്ട്
Thursday, August 10, 2023 3:56 PM IST
ഗോതന്പ് തവിട് അത്ര നിസാരക്കാരനല്ല... ഒരു മലയാളി തന്നെ അതു തെളിച്ചു കഴിഞ്ഞു. ഉപയോഗ ശൂന്യമെന്നു പറഞ്ഞു പലപ്പോഴും ഉപേക്ഷിക്കുന്ന ഗോതന്പ് തവിട് ഇന്നു തീൻമേശകളിൽ ഭക്ഷണം വിളന്പുന്ന പാത്രങ്ങളാണ്.
ഇന്ത്യയിൽ ടണ് കണക്കിനു ഗോതന്പ് തവിടാണ് ആർക്കും വേണ്ടാതെ നശിപ്പിച്ചുകളയുന്നത്. അവിടെയാണ് വിനയകുമാർ ബാലകൃഷ്ണൻ എന്ന മലയാളി ഉണർന്നു ചിന്തിച്ചത്.
അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിൽ ഗോതന്പ് തവിട് പ്ലേറ്റുകളായി രൂപം പ്രാപിക്കുകയായിരുന്നു. എന്നു മാത്രമല്ല, അവ വിപണിയിൽ എത്തിക്കുകയും ചെയ്തു. തൂശൻ എന്ന ബ്രാൻഡിൽ മാർക്കറ്റിൽ എത്തിച്ച പ്ലേറ്റുകൾക്ക് ഇപ്പോൾ നല്ല ഡിമാൻഡാണ്.
മൗറീഷ്യസിലെ ഇൻഷുറൻസ് കന്പനിയിൽ സിഎഒ ആയിരുന്നു വിനയകുമാർ. നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹം ഉള്ളിലൊതുക്കിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.
പക്ഷേ, ഇവിടെ കണ്ട കാഴ്ചകൾ മനം മടുപ്പിക്കുന്നതായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഓടകളും റോഡുകളും. എങ്ങും ഡിസ്പോസിബിൾ ഗ്ലാസുകളും പേപ്പർ പ്ലേറ്റുകളും.
ഇവയ്ക്കു പകരം പ്രകൃതിയിൽ അലിഞ്ഞുചേരുന്ന പ്ലേറ്റുകളും ഗ്ലാസുകളും നിർമിക്കാനാകുമോ? പ്രകൃതിയോടുള്ള ഇഷ്ടം അല്പം കൂടിയതു കൊണ്ടാവാം അത്തരത്തിലൊരു ചിന്ത വിനയകുമാറിന്റെ മനസിലൂടെ കടന്നു പോയത്.

ദുബായിൽ കണ്ട തവിട് പ്ലേറ്റ്
പെട്ടെന്നു ദുബായ് യാത്രയ്ക്കിടയിൽ ശ്രദ്ധയാകർഷിച്ച ഗോതന്പ് തവിട് പ്ലേറ്റ് ഓർമയിലെത്തി. അതിനെക്കുറിച്ചുള്ള അന്വേഷണമായി പിന്നെ. അതു നിർമിക്കുന്ന പോളണ്ട് കന്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യയിൽ അത്തരമൊരു സംരംഭം തുടങ്ങാനുള്ള സാങ്കേതിത സഹായത്തിനുവേണ്ടിയായിരുന്നു പോളണ്ട് കന്പനിയെ സമീപിച്ചത്. പ്രതീക്ഷയ്ക്കു മങ്ങലേറ്റെങ്കിലും പിന്മാറാൻ വിനയകുമാർ തയാറായില്ല.
ഗോതന്പ് തവിട് കൊണ്ട് ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലേറ്റ് നിർമിക്കാനുള്ള ശ്രമമായി പിന്നെ. ഇതിനിടെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ ഗോതന്പ് തവിട് വെറുതെ കളയുന്നുണ്ടെന്നും അദ്ദേഹം അറിഞ്ഞു.
വലിച്ചെറിയുന്ന ഈ തവിടിൽ നിന്നു തന്നെ മൂല്യവർധിത ഉത്പന്നം നിർമിക്കാനുള്ള ഓട്ടമായി പിന്നീട്.
സിഎസ്ഐആറിൽ
പോളണ്ട് കന്പനി കൈവിട്ടതോടെ ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്ന മറ്റു സ്ഥാപനങ്ങളെക്കുറിച്ചായി അന്വേഷണം. എന്നാൽ, അത്തരത്തിൽ രാജ്യത്ത് ഒന്നുമില്ലെന്നു വ്യക്തമായി.
പദ്ധതി ഉപേക്ഷിക്കാൻ തയാറാകാതിരുന്ന വിനയ്കുമാർ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്ത് പ്രവൃത്തിക്കുന്ന ഗവേഷണകേന്ദ്രമായ സിഎസ്ഐആറിനെ സമീപിക്കാൻ തീരുമാനിച്ചു. ആശയം അവരുമായി പങ്കു വച്ചു.
അത് അവർക്കു സ്വീകാര്യമായി. രണ്ടു വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ പാത്ര നിർമാണത്തിന് ആവശ്യമായ സാങ്കേ തിക വിദ്യ നിർമിച്ചു നല്കി.
തുടർന്നു പാത്രം നിർമിക്കാനുള്ള യന്ത്രവും തദ്ദേശീയമായി വികസിപ്പി ച്ചെടുത്തു. തദ്ദേശീയമെന്നു പറയുന്ന തിലും നല്ലതു സ്വന്തമായി നിർമിച്ചെ ടുത്തു എന്നു പറയുന്നതാവും കൂടുതൽ ശരി.
പല സ്ഥലങ്ങളിൽ നിന്നു യന്ത്രഭാഗങ്ങൾ വാങ്ങി കൂട്ടിച്ചേർ ത്താണ് പാത്രം നിർമാണത്തിനുളള യൂണിറ്റ് തയാറാ ക്കിയത്. പിന്നെയും ഒരു വർഷത്തോളം കഴിഞ്ഞാണ് ഗോതന്പ് തവിടിൽ ഏറ്റവും മികച്ച പാത്രം നിർമിക്കാൻ അദ്ദേഹത്തിനായത്.
ഇതിനിടെ, വിനയകുമാർ സാങ്കേ തിക സഹായത്തിനു സമീപിച്ച പോളണ്ട് കന്പനി റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്തു.
തൂശൻ എന്ന പേരു വന്നത് "തൂശനിലയിൽ’ നിന്ന്
തൂശനിലയിൽ സദ്യ കഴിച്ചാൽ സ്വാദ് ഒന്നു വേറെ തന്നെ എന്നൊരു ചൊല്ലുണ്ട്. അതിന്റെ സാരംശം ഉൾക്കൊണ്ടാണു വിനയകുമാർ തന്റെ ഗോതന്പ് തവിട് പ്ലേറ്റിന് തൂശൻ പേരിട്ടത്.
മൈനസ് 10 ഡിഗ്രി മുതൽ 140 ഡിഗ്രി വരെയുള്ള താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് തൂശൻ പ്ലേറ്റുകൾ. മൂന്നു തരം പ്ലേറ്റു കളാണ് നിർമിക്കുന്നത്.
താലി പ്ലേറ്റ് , നോർമൽ ഡിന്നർ പ്ലേറ്റ്, സ്നാക്സ് പ്ലേറ്റ്, കൂടാതെ കേക്കുകൾ വയ്ക്കാ നുള്ള ബേസുമുണ്ട്. പ്ലേറ്റുകൾ കേടു കൂടാതെ ഒരു വർഷം വരെ സൂക്ഷി ക്കാനും കഴിയും.
വേണമെങ്കിൽ പ്ലേറ്റും കഴിക്കാം
ഊണു കഴിഞ്ഞാൽ സാധാരണ പ്ലേറ്റാണെങ്കിൽ കഴുകി മാറ്റി വയ് ക്കണം. ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റാണെങ്കിൽ കുപ്പയിലേക്ക് എറി ഞ്ഞു കളയും. എന്നാൽ, തൂശൻ പ്ലേറ്റാ ണെങ്കിൽ ഉൗണ് കഴിഞ്ഞ് അത് കടിച്ചു തിന്നുകയുമാവാം.
ഗോതന്പ് തവിടിൽ നിർമിച്ചതുകൊണ്ടാണ് അതു കഴിക്കാവുന്നത്. അല്ലെങ്കിൽ ഉപയോഗശേഷം കാലികൾക്ക് തീറ്റയായിട്ടോ ചെടികൾക്കു വളമായിട്ടോ ഉപയോഗിക്കാം.
നമ്മുടെ സംസ്ഥാനത്ത് മാത്രം 7000 ടണ്ണിലധികം ഗോതന്പ് തവിട് മാലിന്യ ങ്ങളാണു വെറുതെ കളയുന്നതെന്നു വിനയകുമാൻ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിനു പിന്തുണയുമായി ഭാര്യ ഇന്ദിരയും ഒപ്പമുണ്ട്.
അങ്കമാലി ഇൻ കൽ ബിസിനസ് പാർക്കിലാണു വിനയ കുമാറിന്റെ സ്ഥാപനം. അരിപ്പൊടി കൊണ്ടുള്ള സ്ട്രോകളും ഇവിടെ നിർമിക്കുന്നുണ്ട്. വ്യത്യസ്തമായ നിറങ്ങളിലാണു സ്ട്രോകൾ.
ഫോണ്: 85909 75777
തോമസ് വർഗീസ്