കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
Wednesday, May 31, 2023 5:06 PM IST
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ തലത്തിലേക്കു നീങ്ങിയതാണ് കർഷകരെ ഉത്സാഹിതരാക്കിയത്. വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉത്പാദനം ചുരുങ്ങിയതാണ് ആഗോള വിപണിയിൽ ഈ ചോക്കളേറ്റ് ഉത്പന്നത്തിന് ഡിമാൻഡ് ഉയർത്തിയത്.
പ്രമുഖ ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള കൊക്കോ നീക്കം മന്ദഗതിയിലായത് അന്താരാഷ്ട്ര ചോക്കളേറ്റ് വിപണിയിൽ ആശങ്ക ഉയർത്തി. മുഖ്യ ഉത്പാദക രാജ്യമായ ഐവറി കോസ്റ്റിൻ നിന്നുള്ള ഉത്പന്ന നീക്കം ചുരുങ്ങിയത് വിപണിയിലെ സമ്മർദം ഉയർത്തി.
ആഗോള തലത്തിൽ കൊക്കോ സ്റ്റോക്ക് 35 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര കൊക്കോ ഓർഗനൈസേഷന്റെ വിലയിരുത്തൽ പുറത്തു വന്നതോടെ വിപണിയിൽ ബുള്ളിഷ് ട്രെൻഡ് ഉയർന്നു.
വളങ്ങളുടെ ലഭ്യത കുറഞ്ഞതും രോഗ-കീടബാധകളുമാണ് ആഫ്രിക്കയിൽ കൃഷിക്ക് വെല്ലുവിളിയായത്. ഉക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽ നിന്നുള്ള പൊട്ടാഷ് ഉൾപ്പെടെയുള്ള രാസവളങ്ങളുടെ ലഭ്യത ക്രമാതീതമായി ചുരുങ്ങി.
കീടനാശിനികളുടെ അഭാവം തോട്ടങ്ങളിൽ വ്യാപകമായ തോതിൽ വൈറസ് ബാധ പരത്തി. ആഗോള തലത്തിൽ ഉത്പന്നത്തിന്റെ സ്റ്റോക്ക് 35 ശതമാനം കുറഞ്ഞു. 1.653 മില്ല്യണ് മെട്രിക്ക് ടണ്ണിലേക്ക് ഇടിഞ്ഞതായാണ് അന്താരാഷ്ട്ര കൊക്കോ ഓർഗനൈസേഷൻ വിലയിരുത്തുന്നത്.
പുതിയ സീസണിലെ വിളവ് നീക്കം ആരംഭിച്ചതോടെ യു.എസ് തുറമുഖങ്ങളിലെ വെയർ ഹൗസുകളിൽ സ്റ്റോക്ക് 3 മാസത്തിനിടയിലെ മികച്ച തലത്തിലേക്ക് കടന്നിട്ടുണ്ട്. ഒക്ടോബർ-ജനുവരി കൊക്കോ വർഷത്തിൽ ഐവറി കോസ്റ്റിൻ നിന്നുള്ള കൊക്കോ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞതായാണ് ഐ.സി.സി.ഒ. വിലയിരുത്തുന്നത്.
ആഗോള കൊക്കോ ഉത്പാദനത്തിൽ അഞ്ചാംസ്ഥാനത്ത് നിൽക്കുന്ന നൈജീരിയയിൽ ഉത്പാദനം ഉയർന്നു നിൽക്കുകയാണ്. ഇത് അവിടെ നിന്നുള്ള കയറ്റുമതി വർധിക്കാൻ സഹായിക്കും. 2023 ൽ കൊക്കോ വില ടണ്ണിന് 2500 ഡോളറിൽ എത്തുമെന്നാണ് നേരത്തെ ലോകബാങ്ക് പ്രവചിച്ചത്.
ന്യൂയോർക്ക് അവധി വ്യാപാരത്തിൽ കൊക്കോവില 2900 ഡോളറിന് മുകളിൽ എത്തി. നിരക്കുകൾ കുതിച്ച സാഹചര്യത്തിൽ ഇടപാടുകൾ ലാഭമെടുപ്പിലേക്കു തിരിഞ്ഞാൽ വിലകൾ താഴ്ന്നിറങ്ങും. 2770 ഡോളറിൽ വിപണിക്ക് ശക്തമായ താങ്ങ് നിലവിലുണ്ട്.
യൂറോപ്പ്, അമേരിക്കൻ വിപണികളെ ഗ്രസിച്ചു നിൽക്കുന്ന മാന്ദ്യം ചോക്കലേറ്റ് വിപണന രംഗത്ത് ശക്തമായ സമ്മർദം ഉയർത്തും. എന്നിരുന്നാലും താഴ്ന്ന പ്രതലങ്ങളിൽ പുതിയ നിക്ഷേപങ്ങൾക്ക് സാധ്യത നിലവിലുണ്ട് കേരളത്തിന് ക്വിന്റലിന് 4400-4500 രൂപ പ്രകാരമാണ് വില്പന നടക്കുന്നത്.
റബറിൽ തിരിച്ചടിയേറ്റവരാണ് കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ കർഷകരിൽ കുടുതലും.

ഏലം
വേനൽ മഴ സുലഭമായി ലഭിച്ച ആഹ്ലാദത്തിലാണ് എലം കർഷകർ. കാലാവസ്ഥ ഇങ്ങനെ തുടർന്നാൽ ജൂലൈ മാസത്തോടെ ആദ്യ റൗണ്ട് വിളവെടുപ്പു തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഉത്പാദന മേഖലയിൽ നീക്കിയിരിപ്പു ചുരുങ്ങിയതോടെ വിപണിയിൽ എത്തുന്ന ഏലത്തിന് സാമാന്യം മികച്ച വില ഉറപ്പുവരുത്താനാകുന്നുണ്ട്. മുന്തിയ ഇനങ്ങൾക്ക് കിലോഗ്രാമിന് 2000 രൂപവരെ വില ലഭിച്ചു. ശരാശരി നിലവാരത്തിലുള്ള ഏലയ്ക്ക 1200-1300 രൂപ നിരക്കിലാണ് വില്പന.
പുതിയ സീസണിലെ ചരക്ക് വില്പനയ്ക്ക് ഇറങ്ങും വരെ വിപണി ഉയർന്ന തലത്തിൽ പിടിച്ചു നില്ക്കും. നോന്പു കഴിഞ്ഞതോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് വേണ്ട സംഭരണം തുടങ്ങി. ഉത്തരേന്ത്യയിൽ വിവാഹ സീസണ് ആരംഭിച്ചതിനാൽ ഏലത്തിന് ഡിമാൻഡ് ഏറിയിട്ടുണ്ട്.
കുരുമുളക്
ആഭ്യന്തര കുരുമുളക് കർഷകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ശ്രീലങ്കയിൽ നിന്നുള്ള കരുമുളക് ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു. 2500 ടണ് ചരക്കാണ് ശ്രീലങ്കയിൽ നിന്ന് ഇങ്ങോട്ട് എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വിസ്തൃതമായ വിപണിയും മികച്ച വില നിലവാരവുമാണ് ഇറക്കു മതിയുടെ ആക്കം കൂട്ടുന്നത്. ബ്രസീൽ ടണ്ണിന് 2900 ഡോളറും വിയറ്റ്നാം 3000 ഡോളറും വില ക്വാട്ട് ചെയ്യുന്പോൾ ഇന്ത്യൻ കുരുമുളകിന്റെ നിരക്ക് 6300 ഡോളറാണ്.
വില കുറഞ്ഞ വിദേശ ചരക്ക് ഇവിടെ എത്തിച്ച് ഉയർന്ന വിലയ്ക്ക് മറിച്ചു വിറ്റ് വൻ ലാഭം കൊയ്യുകയാണ് ഇറക്കുമതിക്കാർ. കിലോഗ്രാമിന് 500 രൂപയിൽ പിടിച്ചു നിന്നിരുന്ന ഇന്ത്യൻ ചരക്ക് ഇറക്കുമതി ഉയർന്നതോടെ 482 ലേയ്ക്ക് ഇടിഞ്ഞു.
നാളികേരം
നാളികേരോത്പന്ന വിപണി കൂടുതൽ സമ്മർദത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രാദേശിക വിപണികളിൽ വർധിച്ച അളവിൽ കൊപ്രാ സ്റ്റോക്കാണ്. ഈ മാസം തമിഴ്നാട്ടിൽ പുതിയ വിളവെടുപ്പ് തുടങ്ങുകയാണ്.
കഴിഞ്ഞ വർഷം തമിഴ്നാട് താണ വിലയ്ക്ക് സംഭരിച്ച 40000 ടണ് കൊപ്ര അവർ വിറ്റുമാറാൻ ശ്രമിക്കും. ഈ സമ്മർദങ്ങൾ നമ്മുടെ വിപണിയെ കൂടുതൽ ദുർബലമാക്കും.
തേയില
ഉയർന്ന താപനില തോട്ടം മേഖലയിൽ കനത്ത വെല്ലുവിളി ഉയർത്തുന്നു. കാലാവസ്ഥ വ്യതിയാനം തോട്ടങ്ങളിൽ രോഗ-കീട ബാധകൾ രൂക്ഷമാക്കുന്നു. നിലവിൽ അനുവധിച്ചിട്ടുള്ള കീടനാശിനികൾ കീടബാധ തടയുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. ഇത് ഉത്പദന രംഗത്ത് തളർച്ച സൃഷ്ടിക്കുന്നു.
ഇറാനിൽ നിന്നുള്ള ഓർഡറുകൾ നിലച്ചത് വിപണിയുടെ കരുത്ത് ചോർത്തുന്നതായാണ് വിവരം. അതേസമയം ചില സി.ഐ.എസ് രാജ്യങ്ങൾ ഇന്ത്യൻ തേയിലയിൽ താത്പര്യം കാണിക്കുന്നുണ്ട്.
കാപ്പി
ദക്ഷിണേന്ത്യൻ കാപ്പി തോട്ടങ്ങളിൽ ഉത്പാദനം ക്രമാതീതമായി കുറഞ്ഞെങ്കിലും കാപ്പിയുടെ ഉയർന്ന വില കർഷകരെ ആവേശം കൊള്ളിക്കുന്നു. വിളവെടുപ്പ് ആരംഭത്തിൽ ക്വിന്റലിന് 16000 രൂപയിൽ കൈമാറ്റം നടന്ന കാപ്പി ഇതിനകം 21500 ലേക്ക് കുതിച്ചു കയറി.
2015 നുശേഷം കാപ്പിക്കുലഭിക്കുന്ന ഏറ്റവും മികച്ച വിലയാണിത്. ആഗോള തലത്തിൽ കാപ്പി കൃഷി തളർച്ചയിലൂടെ നീങ്ങുകയാണ്. ബ്രസീൽ, കോളന്പിയ, ഇന്തോനേഷ്യ തുടഹ്ങിയ പ്രമുഖ ഉത്പദക രാജ്യങ്ങളിലെല്ലാം വിളവ് കുറവാണ്.
അടയ്ക്ക
കാലാവസ്ഥ വ്യതിയാനം അടയ്ക്ക കർഷകരെയും വല്ലാതെ അലട്ടുന്നു. അടയ്ക്ക് മികച്ച വില ഉറപ്പുവരുന്നതാകുന്നുണ്ടെങ്കിലും തോട്ടങ്ങളെ വ്യാപകമായി ഇലപ്പുള്ളി രോഗം കവർന്നത് അടയ്ക്ക കർഷകർക്ക് വൻതിരിച്ചടിയാകുന്നു.
കേരളത്തിൽ കണ്ണൂർ കാസർകോഡ് ജില്ലകളിലാണ് ഈ പ്രശ്നം രൂക്ഷം. കർണാടകത്തിലെ തോട്ടങ്ങളെയും ഈ കുമിൾരോഗം വ്യാപകമായി ബാധിച്ചിട്ടുണ്ട്. ക്വിന്റലിന് 30000-42000 നിരക്കിലാണ് അടയ്ക്ക വ്യാപാരം.
ലില്ലിബെറ്റ് ഭാനുപ്രകാശ്