എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
Friday, May 19, 2023 5:39 PM IST
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീച്ച വളർത്തൽ.
ഉപയോഗശൂന്യമായ പഴയ മണ്ചട്ടി, കലം, ഉപയോഗശൂന്യമായ പലകകൾ കൊണ്ടുണ്ടാക്കിയ ചെറിയ പെട്ടികൾ, മൂപ്പെത്തിയ പൊള്ള മുള, കമുക് തുടങ്ങിയവ തേനീച്ച വളർത്താൻ ഉപയോഗിക്കാം.
മുളയാണ് ഉപയോഗിക്കുന്നതെങ്കിൽ അല്പം വണ്ണം കുറഞ്ഞു കൂടുതൽ കാലം ഈട് നിൽക്കാൻ സാധ്യതയുള്ളതാണു നല്ലത്. ധാരാളം തേൻ ലഭിക്കുമെന്ന ധാരണയിൽ വലിയ ചട്ടിയും കലവും മരപ്പെട്ടികളും ഉപയോഗിക്കുന്നവരുണ്ട്.
അതുകൊണ്ടു കാര്യമില്ല. മറിച്ചു രണ്ടു ലിറ്ററിൽ താഴെ മാത്രം വെള്ളം കൊള്ളുന്ന അളവിലുള്ള കൂടുകൾ എടുക്കുന്നതാണു നല്ലത്. അതിനു കാരണമുണ്ട്.
തേൻ സംഭരിക്കാനും മുട്ടയിടാനും ഈച്ചകൾ മെഴുകുകൊണ്ടു കൂട്ടിനകത്ത് അറയുണ്ടാക്കും. കൂടിന് ക്രമാതീതമായ വലുപ്പമുണ്ടെങ്കിൽ മെഴുകു പാളികൾ പലപ്പോഴും ഇടയ്ക്കുവച്ചു മുറിഞ്ഞു പോകും.
ഈച്ചകളുടെ നാശമാകും ഫലം. അതുകൊണ്ടു കൂടിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ പ്രത്യേക നിഷ്കർഷയുണ്ടാവണം.
കൂടുകൾ നനയരുത്
കൂടുകൾ സ്ഥിരമായി നനയുന്ന പക്ഷം മണ്പാത്രങ്ങളും മരപ്പലകയും, മുളയും കമുകുമൊക്കെ വെള്ളം ഉള്ളിലേക്കു വലിച്ചെടുക്കും. ഇങ്ങിനെ ക്രമാതീതമായി വെള്ളം വലിച്ചെടുക്കാൻ ഇടയായാൽ കൂട്ടിനുള്ളിലെ താപനില ക്രമീകരിക്കാനാകാതെ ഈച്ചകൾ തനിയെ നശിച്ചു പോകും.
ദിവസവും ദീർഘസമയം കടുത്ത സൂര്യപ്രകാശം ഏൽക്കേണ്ടി വന്നാലും ഈച്ചകൾ നശിച്ചു പോകും. അതുകൊണ്ടു മഴ, വെയിൽ എന്നിവയിൽ നിന്നു കൂടുകൾക്കു പൂർണ സംരക്ഷണം കൊടുക്കണം.
ആഴ്ചയിൽ രണ്ടു പ്രാവശ്യമെ ങ്കിലും കൂടുകളുടെ സമീപത്തു ചെന്നു ചിലന്തി വലയുണ്ടെങ്കിൽ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. മാത്രമല്ല, ഉറുന്പുകളുടെ ആക്രമണം ഉണ്ടാകാതെയും നോക്കണം. ഈച്ചകൾക്കു വലിയ ഭീഷണിയാണ് ചിലന്തികളും ഉറുന്പുകളും.
തേൻ ശേഖരിക്കുന്നതനിടയിൽ ഒരു കാരണവശാലും തേൻ പുരണ്ട കൈകൾ കൊണ്ടു കൂടിന്റെ പുറത്തോ കൂട് കെട്ടിവയ്ക്കാൻ ഉപയോഗിക്കുന്ന കയറ്/വള്ളി എന്നിവയിൽ സ്പർശിക്കരുത്.
തേൻ ശേഖരിച്ചു കഴിഞ്ഞു കൈകൾ പച്ച വെള്ളത്തിൽ നന്നായി കഴുകിയ ശേഷം മാത്രമേ കൂടിൽ തൊടാവൂ. അല്ലാത്ത പക്ഷം, തേൻ കുടിക്കാനെത്തുന്ന ഉറുന്പുകൾ കൂടിനെ കൂട്ടത്തോടെ ആക്രമിക്കുകയും ഈച്ചകൾ മുഴുവൻ നശിച്ചു പോകുകയും ചെയ്യും.
ഉറുന്പിന്റെ ഉപദ്രവം തടയാൻ കെട്ടി ഉറപ്പിച്ചിരിക്കുന്ന കയറിൽ ഗ്രീസ് പുരട്ടിക്കൊടുത്താൽ താത്കാലിക ശമനം ഉണ്ടാകുമെങ്കിലും ചിലപ്പോൾ ചെറുതേനീച്ചകൾ അഴുക്കു പുരണ്ട ഗ്രീസും ശേഖരിക്കുന്നതായി കാണുന്നുണ്ട്.
എന്നാൽ കശുവണ്ടി നെയ്യ് വർഷത്തിൽ രണ്ടുതവണ പ്രയോഗിക്കാൻ സാധിച്ചാൽ ഉറുന്പുകളെ പൂർണമായും ഒഴിവാക്കാനാകും. കണ്ണുകളിൽ വീഴാതെ സൂക്ഷിച്ചു ചെയ്യണമെന്നു മാത്രം.
കൂടുതൽ കൂടുകൾ ഉള്ളവർ ശ്രദ്ധിക്കണം
കുറഞ്ഞ എണ്ണം കൂടുകൾ ഉള്ളവർ ഇത്രയും ശ്രദ്ധിച്ചാൽ മതിയെങ്കിലും കൂടുകളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കുന്നവർ ഏറെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
കോളനികളുടെ എണ്ണം വർധിപ്പിക്കുന്നതനുസരിച്ചു വേണ്ടത്ര പുഷ്പങ്ങൾ അടുത്തുതന്നെ ഉണ്ടായിരിക്കണം. വനാതിർത്തികളിൽ താമസിക്കുന്നവർക്ക് ഇത് അത്ര വലിയ പ്രശ്നമല്ല.
കോളനി പിരിക്കുന്പോൾ, മുഴുവൻ കോളനികളും വിഭജിക്കാൻ പാടില്ല. ഭേദപ്പെട്ട രീതിയിൽ ഈച്ചകൾ ഉള്ളതും നന്നായി തേൻ ലഭിക്കുന്നതുമായിരിക്കണം വിഭജിക്കേണ്ടത്.
ഈച്ചകൾ തീർത്തും കുറവായ കോളനികൾ വിഭജിച്ചാൽ ഒരു കൂട്ടിലെ ഈച്ചകൾ നശിച്ചു പോയേക്കാം. ചിലപ്പോൾ രണ്ടു കോളനികളും ഒരുപോലെ നശിക്കാം.
മണ്ചട്ടി, കലം, മരപ്പെട്ടി എന്നിവയിൽ നിന്നൊക്കെ തേൻ മുഴുവനായി എടുക്കാൻ സാധ്യമല്ലെന്നു മാത്രമല്ല, നേരിയ തോതിൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എന്നാൽ, ഒട്ടും തന്നെ നഷ്ടപ്പെടാതെയും വളരെ എളുപ്പത്തിൽ തേൻ ശേഖരിക്കാൻ പറ്റുന്നതും മുള, കമുക് എന്നിവ കൊണ്ടു ള്ള കൂടുകളിൽ നിന്നാണ്. മുളയും കമുകും മുറിച്ചെടുക്കുന്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
അവ നല്ല മൂപ്പ് എത്തിയവയും ഇടത്തരം വണ്ണം ഉള്ളവയുമായിരിക്കണം. പക്കം നോക്കി മാത്രമേ അവ മുറിക്കാവൂ. പിന്നീട്, ആവശ്യമുള്ളത്ര നീളത്തിൽ മുറിച്ചു സാമാന്യം ഉണങ്ങിയശേഷം സുരക്ഷിതമായി വയ്ക്കുക.
ഏതാനും മാസങ്ങൾക്കുശേഷം (നന്നായി ഉണങ്ങിക്കഴിഞ്ഞ്) നടുവേ പൊട്ടിക്കണം. അല്ലാത്ത പക്ഷം, വട്ടപ്പ് ഉണ്ടാകുകയും മുറിപ്പാടുകൾ തമ്മിൽ യോജിക്കാതെ വരികയും ചെയ്യും. മുള പൊട്ടിക്കുന്പോൾ വശങ്ങളിലെ മുട്ടുകൾ നിലനിറുത്തി ഉൾഭാഗത്തെ മുട്ടുകൾ തട്ടിക്കളഞ്ഞാൽ മതിയാകും.
എന്നാൽ കമുകിനാകട്ടെ, ഉൾഭാഗത്തെ മാർദമേറിയ ഭാഗങ്ങളും നാരും നീക്കം ചെയ്തു കഴിയുന്പോൾ വശങ്ങൾ തുറന്നിരിക്കുന്നതുകൊണ്ടു ചിരട്ടയോ അതുപോലെ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് നിർബന്ധമായും ഇരുവശവും അടയ്ക്കണം.
മുളയും കമുകും പക്കം നോക്കാതെ മുറിച്ചാൽ കുത്തൻ കുത്തി മാസങ്ങൾക്കുള്ളിൽ പൊടി ഞ്ഞു ദ്രവിച്ചു പോകും.ഉറുന്പുകളെയും മറ്റു കീടങ്ങളെയും തുരത്താൻ കീടനാശിനികൾ പ്രയോഗിക്കുന്നതുവഴി ദിവസങ്ങൾക്കുള്ളിൽ ഈച്ചകളും നശിച്ചു പോകും.
എല്ലാവർഷവും ഒരുപോലെ തേൻ കിട്ടിയെന്നു വരില്ല. പ്രതികൂല കാലാവസ്ഥ മൂലം ചില സീസണിൽ ഒട്ടും ലഭിക്കാതെ വന്നേക്കാം. ചില സീസണിൽ കുറച്ചൊക്കെ കിട്ടിയെന്നും വരാം.
കാലാവസ്ഥ അനുകൂലമാകുന്ന സീസണിൽ പ്രതീക്ഷയ്ക്കും അപ്പുറത്താവും തേൻ. കൂടുകൾ തുറക്കുന്പോൾ തേൻ തീർത്തും കുറവാണെന്നു കാണപ്പെടുകയാണെങ്കിൽ ആ കൂടുകളിൽ നിന്നു തേൻ എടുക്കരുത്.
എന്നു മാത്രമല്ല, ചിലർ തേൻ എടുത്തതശേഷം പൂന്പൊടിയും മറ്റും തിരിച്ചു കൂട്ടിലേക്കു വയ്ക്കാറുമുണ്ട്. അങ്ങനെ ചെയ്യാൻ പാടില്ല. നമ്മൾ തൊട്ടവ തിരിച്ചു വച്ചാൽ പൂപ്പൽ ബാധക്കു സാധ്യതയുണ്ട്.
തേനീച്ച കോളനികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണ്. അൻപതിലേറെ വർഷങ്ങൾക്കു മന്പു കൃഷിയിടങ്ങളിലുള്ള മരപ്പൊത്തുകളിലും സിമന്റ് തേക്കാത്ത കെട്ടിടങ്ങളുടെ തറയിലുമൊക്കെ തേനീച്ചക്കൂടുകൾ സാധാരണമായിരുന്നു.
എന്നാലിപ്പോൾ ചുരുക്കം ചില തേനീച്ച വളർത്തലുകാരുടെ കൈവശം മാത്രമേ തേനീച്ചക്കൂടുകൾ ഉള്ളൂ. പൊളിക്കാൻ പറ്റാത്ത തറയിൽ നിന്നു കൂട് പൊളിക്കാതെ തേൻ എടുക്കാൻ പറ്റുന്ന ഒരു മാർഗമുണ്ട്. പക്ഷേ, ഇത് എപ്പോഴും വിജയിക്കണമെന്നില്ല.
കൂടിന്റെ ഉൾഭാഗത്തിനു വേണ്ടത്ര വലുപ്പം ഇല്ലാതിരിക്കുകയും ഉള്ളിലെ വിസ്താരം വർധിപ്പിക്കാൻ തേനീച്ചകൾക്ക് സാധ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെങ്കിൽ മാത്രം ഈ രീതി വിജയിക്കും.
മേൽപ്പറഞ്ഞതുപോലെയുള്ള കൂട് ആണെങ്കിൽ, കൂടിന്റെ പ്രവേശന ദ്വാരം ചെറിയ കന്പി കഷണം ഉപയോഗിച്ചു നേരിയ തോതിൽ വിസ്താരം കൂട്ടുക.
അതിലൂടെ വണ്ണം കുറഞ്ഞതും ഒരടിയിൽ കൂടുതൽ നീളം ഇല്ലാത്തതുമായ പ്ലാസ്റ്റിക് ട്യൂബ് കടത്തി നന്നായി മെഴുക് ഉപയോഗിച്ച് ഉറപ്പിച്ച ശേഷം ട്യൂബിന്റെ പ്രവേശന ദ്വാരം മറ്റൊരു കൂട്ടിൽ ഫിറ്റു ചെയ്യണം.
അപ്പോൾ നാം പുതുതായി വച്ചിരിക്കുന്ന കൂടിനകത്തു കൂടി ഈച്ചകൾ കടക്കുവാൻ നിർബന്ധിതരാകും. അടുത്ത സീസണിൽ കൂട് പൊളിച്ചു നോക്കുക. പുതുതായി വച്ച കൂട്ടിൽ ധാരാളം തേനുണ്ടാകും.
ഫോണ് : 9744801756
ജോസ് മാധവത്ത്