മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
Thursday, May 4, 2023 5:24 PM IST
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം മുറിച്ചു മാറ്റുന്നതു കണ്ടപ്പോൾ നാട്ടുകാർ മൂക്കത്തു വിരൽ വച്ചു. നല്ല വരുമാനം ലഭിച്ചിരുന്ന മൂന്നര ഏക്കർ പുരയിടത്തിലെ റബർ മരങ്ങളാണു ക്ഷണനേരം കൊണ്ടു വെട്ടിമാറ്റിയത്. ഇതെന്തിനുള്ള പുറപ്പാടാണെന്നു വിചാരിച്ച അയൽക്കാരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണു പിന്നീടുണ്ടായത്.
ഒട്ടും വൈകാതെ ഭൂമി പല ഭാഗങ്ങളായി തിരിച്ചു. നിർദിഷ്ട സ്ഥലങ്ങളിൽ ഔഷധസസ്യത്തോട്ടം, മീൻകുളം, സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങൾ, താറാവ് വളർത്തൽ, പച്ചക്കറിത്തോട്ടം, അപൂർവയിനം വൃക്ഷങ്ങൾ എന്നിങ്ങനെ...കണ്ണിനു കുളിർമയേകുന്ന പലതും അവിടെ സ്ഥാനം പിടിച്ചു. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന എസക്കിയേൽ പൗലോസ് എന്ന ഐ.ടി പ്രഫഷണലിന്റെ വേറിട്ട താത്പര്യങ്ങൾ യാഥാർഥ്യമാകുകയായിരുന്നു.
ഔഷധ സസ്യങ്ങളോട് പിതാവ് ഐക്കരവേലിൽ എ.സി പൗലോസിനുണ്ടായിരുന്ന താത്പര്യമാണ് എസക്കിയേലിനെയും ആ പാതയിൽ എത്തിച്ചത്. ഒഎൻജിസി ജീവനക്കാരനായിരുന്ന എ.സി പൗലോസ് ജോലി സംബന്ധമായ യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ കാണുന്ന ഔഷധ സസ്യങ്ങളും അപൂർവ ഇനം തൈകളും വീട്ടിൽ കൊണ്ടുവന്നു നട്ടു പരിപാലിക്കുന്നതു കണ്ടു വളർന്ന മകന് കൃഷിയോടും ചെടികളോടും താത്പര്യമുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
കൗതുകത്തിനായി താൻ ആദ്യം നട്ട ചെടികൾ നന്നായി തഴച്ചു വളരുന്നതു കണ്ട് എസക്കിയേലിന്റെ കൃഷിയോ ടുള്ള ആഭിമുഖ്യം പതിമടങ്ങ് വർ ധിച്ചു. അവസാനം അതു റബർ തോട്ടം വെട്ടിമാറ്റി ഔഷധ സസ്യങ്ങളും പച്ചക്കറികളും അപൂർവയിനം വൃക്ഷ ങ്ങളും നട്ടു പരിപാലിക്കുന്നിടം വരെയെത്തി.
ആദ്യം നട്ട രുദ്രാക്ഷമരത്തിന് ഇപ്പോൾ 48 അടി ഉയരമുണ്ട്. ഒലിവും ശിശിംപയും ഊതുമൊക്കെ തോട്ടത്തിലുണ്ട്. 10 അടി ഉയരത്തിലെത്തിയ ശിംശിംപ പൂവിട്ട് ഏറെ സുന്ദരിയായിരിക്കുന്നു. അകിൽ, കൃഷ്ണാൽ, കമണ്ഡലു, കായം, നീർമരുത്, താന്നി, വലംപിരി, ഇടംപിരി, മുറികൂട്ടി, കോലിഞ്ചി ഇങ്ങനെ ഒട്ടനവധി അപൂർവ ഇനം ചെടികളാണ് ഇവിടെ വളരുന്നത്. കൂട്ടത്തിൽ തോട്ടത്തിലെ പ്രാണികളെയും മറ്റും ഭക്ഷണമാക്കുന്ന ഇരപിടിയൻ സസ്യവുമുണ്ട്.
കായാന്പൂ, ചുവന്നതും കറുത്തതുമായ കറ്റാർ വാഴ, ഉദരരോഗങ്ങൾക്കുള്ള അയ്യപ്പന, പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗി ക്കുന്ന അംഗോലം, രാസ്നാദി ചെടി അരത്ത, ചിലന്തി വിഷത്തിനുള്ള പ്രതിരോധ മരുന്ന് എട്ടുകാലി പച്ച, ഗുൽഗുലു, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പാവട്ടം, മരമ ഞ്ഞൾ, അശ്വഗന്ധ തുടങ്ങിയ വയെല്ലാം പ്രത്യേകം സംരക്ഷിച്ചാണ് വളർത്തുന്നത്.
മുറിവുണക്കാനുള്ള ബെറ്റാഡിൻ പ്ലാന്റ് എന്ന അപൂർവ സസ്യവും ഇവിടെയുണ്ട്. എസക്കിയേലിന്റെ ഔഷധ തോട്ടത്തെക്കുറിച്ചറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും വൈദ്യന്മാരും മറ്റും മരുന്നാവശ്യവുമായി ഇവിടെയെത്താറുണ്ട്.
വീടിന്റെ പ്രവേശന കവാടത്തിനു ഇരുവശത്തും അപൂർവ ഇനം ഔഷധ സസ്യങ്ങളെ പ്രത്യേകം സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. 14 വർഷം മുന്പ് ആരംഭിച്ച ഈ കൃഷിത്തോട്ടം ഇപ്പോൾ ഏകദേശം അഞ്ഞൂറിൽപ്പരം ഔഷധ സസ്യങ്ങളുടെ കലവറയാണ്. ബംഗളൂരിൽ ജോലി ചെയ്യുന്ന എസക്കിയേൽ വാരാന്ത്യ ഒഴിവു ദിനങ്ങളിൽ നാട്ടിലെത്തിയാണ് കൃഷിത്തോട്ടം പരിപാലിക്കുന്നത്.
ഒലിവ്, പിയർ, മിറക്കിൾ ഫ്രൂട്ട് തുടങ്ങി നിരവധി വിദേശ ഫലവർഗ ച്ചെടികൾക്കൊപ്പം നാടൻ ഇനങ്ങളായ കീരിപ്പഴം, ഞാറപ്പഴം, ഓടപ്പഴം, കാരക്ക തുടങ്ങിയവയും പുരയിടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും തോട്ടത്തിൽ വിളയിക്കുന്നു.
ഒന്നര ലക്ഷം ലിറ്റർ വെള്ളമുള്ള കുളത്തിൽ മത്സ്യക്കൃഷിയുമുണ്ട്. ഈ മീൻകുളത്തിൽ നിന്നുള്ള വെള്ളമാണ് തോട്ടം നനയ്ക്കാനും ഉപയോഗിക്കുന്നത്. സംയോജിത ജൈവ കൃഷി രീതിയാണ് എസക്കിയേൽ പിന്തുടരുന്നത്.
പോത്ത്, താറാവ്, കരിങ്കോഴി, ഫ്ളയിംഗ് ഡക്ക് തുടങ്ങിയവയും എസക്കിലേലിന്റെ സംരക്ഷണയിൽ വളരുന്നു. ഔഷധ സസ്യങ്ങളുടെ കാറ്റേറ്റ് പ്രകൃതി രമണീയതയിൽ ഉല്ലസിക്കാ നായി രണ്ട് ഹോം സ്റ്റേകളും കൃഷി ത്തോട്ടത്തിൽ നിർമിച്ചിട്ടുണ്ട്.
കൃഷിയിലുള്ള വൈവിധ്യം കൂടാതെ വിവിധയിനം താളിയോലകളും ഗ്രന്ഥ ങ്ങളും പഴയകാല ശേഖരങ്ങളും എസക്കിയേലിന്റെ കൈവശമുണ്ട്. ഭാര്യ ശ്രീഷയും സ്കൂൾ വിദ്യാർഥികളായ സെഫന്യായും സെനീറ്റയും സർവപിന്തുണയുമായി എസക്കിയേലിനൊപ്പമുണ്ട്.
ഫോണ്: 9986672039
ഷിബു ജേക്കബ്