വില കൊടുത്തു വാങ്ങില്ല വിത്തും വളവും
Thursday, May 4, 2023 5:11 PM IST
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യമുണ്ടാകും. പണം പിന്നാലെ വരും... മൂവാറ്റുപുഴയിലെ കർഷകനായ പോൾസണ്‍ അനുഭവ സാക്ഷ്യമെന്നോണം ഇതു പറയുന്പോൾ അവിശ്വസിക്കേണ്ടതില്ല. അമേരിക്കൻ ആമസോണ്‍ പഴവർഗമായ അബിയു മുതൽ നല്ല നാടൻ കാന്താരി മുളകു വരെ മൂവാറ്റുപുഴക്കാരനായ കുരിശിങ്കൽ പോൾ മാത്യുവിന്റെ പെരിങ്ങഴയിലുള്ള തോട്ടത്തിലുണ്ട്.
നഗരത്തിന്റെ തിരക്കുകളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന പോൾസണ്‍ ഇപ്പോൾ ഗ്രാമത്തിലുള്ള തന്റെ രണ്ടരയേക്കർ തോട്ടത്തിൽ വീടുവച്ച് താമസം മാറിയിരിക്കുകയാണ്. സ്വന്തമായി ഉത്പാദിപ്പിക്കുന്ന വിഷമില്ലാത്ത ആഹാരം കഴിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വേണ്ടിയാണു ഗ്രാമത്തിലേക്കു താമസം മാറിയത്. ബിസിനസ് തിരക്കുകൾ എത്രയുണ്ടെങ്കിലും അതിരാവിലെ തോട്ടത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങി വന്നാൽ ആ ദിവസത്തേക്കുള്ള ഉൗർജം കിട്ടും. ഇതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.
പോൾസന്റെ കൃഷി രീതികൾ വ്യത്യസ്തവും ഒപ്പം കൗതുകവുമാണ്. ആദായം മാത്രം മുന്നിൽ കണ്ടുള്ള കൃഷിയല്ലത്. മറിച്ചു കൃഷിയെ അറിഞ്ഞ് അതിന്റെ സാധ്യതകൾ മനസിലാക്കിയാണ് ഓരോ കൃഷിയും. മുളകിന്റെ വിത്തു വാങ്ങാൻ സീഡ് നഴ്സറികളിൽ പോകുന്ന പതിവ് പോൾസണില്ല. പകരം അടുത്തുള്ള കടയിൽ പോയി മുളകു ചാക്കിൽ അവശേഷിക്കുന്ന ഉയോഗശൂന്യമായ മുളകിൽ നിന്നു വിത്തെടുത്തു മുളപ്പിക്കും. ചീഞ്ഞ തക്കാളിയിൽ നിന്നും വഴുതനങ്ങയിൽ നിന്നുമൊക്കെയാണു വിത്തുകൾ ശേഖരിക്കുന്നത്. പട്ടാള ചുരയ്ക്ക, ഭൂതമുളക്, ചൈനീസ് മുളക്, ചൈനീസ് ഇഞ്ചി, ബ്രസീലിയൻ കത്രിക്ക, സ്വർണമുഖി എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ചെടികൾ ഇവിടെയുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പഴച്ചെടികളും വിത്തുകളും ശേഖരിച്ചു സ്വന്തമായി മുളപ്പിച്ചെടുത്ത തൈകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് പോൾസണ്‍. റബർ വെട്ടി മാറ്റിയ രണ്ടര ഏക്കറിൽ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി. പച്ചമുളക്, കാന്താരി, മത്തങ്ങ, ചേന്പ്, കാബേജ്, കോളിഫ്ളവർ, കുന്പളങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, ഇഞ്ചി, വെണ്ട, വഴുതന, മുരിങ്ങക്ക, വെള്ളരിക്ക, തക്കാളി, പയർ, നാരകം, പാവൽ, പപ്പായ, കാച്ചിൽ, ചെറുകിഴങ്ങ്, പടവലം എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ കൃഷികൾ.
ഇതിനുപുറമെ പ്ലാവ്, മാവ്, കശുമാവ്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയുമുണ്ട്. വിദേശയിനം പഴച്ചെടികളായ ലോംഗൻ, ഡെൻസൂര്യ, കേപ്പൽ, അബിയു, മാംഗോസ്റ്റിൻ, ചെന്പടക്ക്, റംബൂട്ടൻ എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
മീനും മുട്ടയും വീട്ടിൽ തന്നെ
വീട്ടാവശ്യത്തിനുള്ള മീനും മുട്ടയും ഇറച്ചിയുമെല്ലാം ഇവിടെ സുലഭം. ഇതിനായി കോഴി, താറാവ്, ഗിനിക്കോഴി എന്നിവയെയും പോൾസണ്‍ വളർത്തുന്നുണ്ട്. ഇവയുടെ കാഷ്ടം ജൈവവളനിർമാണത്തിനായി ഉപയോഗിക്കുന്നു. ദിവസവും രാവിലെ അഞ്ചര മുതൽ എട്ടര വരെയാണ് തോട്ടത്തിൽ സമയം ചെലവഴിക്കുന്നത്. ഭാര്യ റോസ്മോളും സഹായത്തിനായി ഒപ്പമുണ്ട്. രോഗബാധയേൽക്കാതെ നല്ല വിളവ് ലഭിക്കുന്നതിനാൽ മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. ആവശ്യക്കാർക്ക് വിത്തുകൾ സൗജന്യമായി വിതരണവും ചെയ്യുന്നു.
ഫോണ്‍ : 9447820679
രാജേഷ് രണ്ടാർ