ഈ അഭിഭാഷകന് കൃഷി ജീവനാണ്
Saturday, April 29, 2023 4:57 PM IST
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ തൊടുപുഴ-കാഞ്ഞാർ -വാഗമണ്‍ റൂട്ടിൽ പുത്തേട് ഭാഗത്ത് പഴവർഗ കൃഷിയിൽ വിജയഗാഥ രചിച്ച ഈ യുവ അഭിഭാഷകനു കൃഷിയെന്നു വച്ചാൽ ജീവനാണ്. അഞ്ചേക്കർ സ്ഥലത്ത് റംബുട്ടാനും ഒരേക്കറിൽ മംഗോസ്റ്റിനുമാണു കൃഷി ചെയ്തിരിക്കുന്നത്. റംബുട്ടാൻ തോട്ടത്തിൽ ഇടവിളയായി പൈനാപ്പിളുമുണ്ട്.
തോട്ടം നനയ്ക്കാൻ ജലസേചന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജൈവ വളത്തിനു പുറമെ മണ്ണ് പരിശോധിച്ചു മൂലകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തി ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തിൽ നടത്തുന്നത്.
ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തോട്ടത്തോടു ചേർന്നു റോഡരികിൽ വിവിധയിനം നാടൻ പഴങ്ങളുടെ വില്പനയ്ക്കായി ഒൗട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട്. നാട്ടിൻപുറത്തെ വീടുകളിലെ തൊടികളിൽ വളർത്തുന്ന വിഷ രഹിത നാടൻ പഴങ്ങളാണ് വില്പനയ്ക്കായി വച്ചിരിക്കുന്നത്. വാഗമണ്‍-തേക്കടി റൂട്ടിലൂടെ കടന്നു പോകുന്ന വിനോദ സഞ്ചാരികളാണു പ്രധാന ഉപഭോക്താക്കൾ.
റംബുട്ടാനും മംഗോസ്റ്റിനും ബംഗളുരു ഉൾപ്പെടെയുള്ള വിവിധ മെട്രോ സിറ്റികളിലേക്കാണു കയറ്റി അയയ്ക്കുന്നത്. ഇതിനു പുറമെ വ്യാപാരികൾ, പ്രദേശവാസികൾ, വിനോദ സഞ്ചാരികൾ എന്നിവരും ഇതു വാങ്ങുന്നു. വാഗമണ്‍ റൂട്ടിൽ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ തോട്ടം പുവിടുന്പോൾ തന്നെ മുൻ കൂറായി പഴങ്ങൾക്ക് ഓർഡർ നൽകാറുണ്ട്. ഓണ്‍ ലൈൻ മാർക്ക റ്റിംഗിനുള്ള പദ്ധതിയും ടോം തയാ റാക്കി വരികയാണ്.
നഷ്ടത്തിന്റെ കണക്ക് വർധിക്കും മുന്‍പേ റബർ കൃഷി ഉപേക്ഷിച്ചു പഴവർഗ കൃഷിയിലേക്കു ചുവടു മാറ്റുകയായിരുന്നു അറക്കുളം മൂന്നുങ്ക വയൽ തെക്കേടത്ത് ടോം. ആയിരം റബർ മരങ്ങൾ മുറിച്ചു മാറ്റിയാണു പുതിയ കൃഷി ആരംഭിച്ചത്. ചെരിവു ഭൂമിയായതിനാൽ യന്ത്ര സഹായത്തോടെ നിരപ്പു തട്ടുകൾ രൂപപ്പെടുത്തുകയാണ് ആദ്യം ചെയ്തത്.
തൈകൾ നനയ്ക്കുന്നതിനായി വലിയ കുളവും നിർമിച്ചു. പതിനെട്ടു വർഷം മുന്‍പു വീടിനു ചുറ്റും ഫലവൃക്ഷ കൃഷി ചെയ്ത അനുഭവ സന്പത്തുമായാണ് തൊടുപുഴ ബാറിലെ അഭിഭാഷകൻ കൂടിയായ ടോം പുതിയ രംഗത്തേക്ക് കാൽവച്ചത്.
റബർ വെട്ടി മാറ്റി അഞ്ചര ഏക്കറിൽ കൂടി പഴവർഗ കൃഷി ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കേരളത്തിലെ പ്രഗത്ഭരായ പഴവർഗ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ചു കാർഷിക അനുഭവങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞത് നേട്ടമായെന്നു ടോം പറയുന്നു.
കുളിരണിഞ്ഞ പച്ചപ്പിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു വാഗമണ്ണിലേക്കു പാകുന്ന വിനോദ സഞ്ചാരികൾ പുത്തേടെത്തി പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് ഔട്ട്ലെറ്റിൽ നിന്നു പഴങ്ങളും പാനീയങ്ങളുമൊക്കെ വാങ്ങി കഴിച്ചു വിശ്രമിച്ച ശേഷമാണു യാത്ര തുടരുന്നത്.
തെക്കേടത്ത് പരേതരായ മാത്യു-മറിയക്കുട്ടി ദന്പതികളുടെ അഞ്ചാമത്തെ മകനാണ് ടോം. ഭാര്യ ഐശ്വര്യ. അന്ന, മാത്യു, ജേക്കബ് എന്നിവരാണ് മക്കൾ.
ഫോണ്‍. 9447712149.
ജോയി കിഴക്കേൽ