വരൾച്ചയെ പ്രതിരോധിക്കാൻ വേറെയും സങ്കേതങ്ങൾ
Wednesday, April 19, 2023 5:36 PM IST
വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമായ മറ്റു ചില സങ്കേതങ്ങൾ കൂടിയുണ്ട്. മട്ടുപ്പാവ് കൃഷിക്കും ഇത്തരം രീതികൾ സഹായകരമാണ്. മൈക്കോറൈസ് (വാം), പൂസ ഹൈഡ്രോജെൽ എന്നിവയാണ് അവ.
1. മൈക്കോറൈസ
ചെടികളുടെ വേരിനുള്ളിൽ കടന്നു വളരുന്ന മൈക്കോറൈസ വേരുകളുടഐണ്ണം വർധിപ്പിക്കുന്നതിനും അതുവഴി കൂടുതൽ ജലം മണ്ണിൽ നിന്ന് വളിച്ചെടുക്കുന്നതിനും ചെടികളെ സഹായിക്കുന്നു. വേരിന് ഉള്ളിലിരുന്നു വളരുന്ന മൈക്കോറൈസ സാധാരണ സാഹചര്യത്തിൽ വേരുകൾക്ക് എത്താൻ സാധിക്കാത്ത ദുരത്ത് നിന്നു പോലും ജലവും സസ്യമൂലകങ്ങളും ആഗീരണം ചെയ്യും.
ഗ്രോ ബാഗുകളിലാകട്ടെ വേരുപടലത്തിന്റെ പ്രതലവിസ്തീർണം വർധിപ്പിക്കുന്നതിലൂടെ ജലാഗീരണം എളുപ്പമാക്കുന്നു. രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കുന്നതിനും മൂലകങ്ങളെ ആഗീരണം ചെയ്യുന്നതിനും മൈക്കോറൈസയുടെ സാന്നിധ്യം ഏറെ സഹായകമാണ്. ജൈവവളങ്ങളുമായി കലർത്തി മൈക്കോറൈസ മണ്ണിൽ ചേർത്തു കൊടുക്കാം.
പച്ചക്കറികളിൽ തൈ മുളയ്ക്കുന്ന സമയത്തോ മാറ്റി നടുന്ന സമയത്തോ അഞ്ച് ഗ്രാം മൈക്കോറൈസ കുഴികളിൽ ഇട്ടുകൊടുക്കാം. ഗ്രോ ബാഗുകളിലും ഈ അളവ് മതി. കേരള കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതു ലഭിക്കും. ഇപ്പോൾ സ്വകാര്യ വളക്കടകളിലും മൈക്കോറൈസ അടങ്ങിയ ജൈവവള പാക്കറ്റുകൾ ലഭ്യമാണ്. കടുത്ത വേനൽക്കാലത്തെ അതിജീവിക്കുന്നതിന് ഇതിന്റെ ഉപയോഗം ഗുണം ചെയ്യും.
2. പൂസാ ഹൈഡ്രോജെൽ
മണ്ണിലെ ജലാംശത്തെ സംഭരിച്ചു വയ്ക്കുകയും വേനൽ കടുക്കുന്പോഴോ മണ്ണിൽ ജലാംശം കുറയുന്പോഴോ സംഭരിച്ച ജലം അല്പാല്പമായി ചെടിക്കു നൽകുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് പൂസാ ഹൈഡ്രോജെൽ.
വിത്തിടുന്നതിന് ഒപ്പമോ തൈകൾക്ക് ഒപ്പമോ തരി രൂപത്തിലുള്ള ഹൈഡ്രോജെൽ 5-10 ഗ്രാം മണ്ണിലെ കുഴിയിൽ/തടത്തിൽ ഇട്ടു കൊടുക്കാം. കൊടും ചൂടിൽ മണ്ണിലെ ജലാംശം നഷ്ടമാകുന്ന സമയത്ത് ഈ ജെല്ലിൽ ശേഖരിച്ച ജലം ചെടികളുടെ രക്ഷയ്ക്കെത്തും.
ജെൽ ജലത്തെ നിയന്ത്രിതമായ രീതിയിൽ ചെടികൾക്കു നൽകും. ഗ്രോ ബാഗുകളിൽ ഇതു തരി രൂപത്തിലോ ക്യാപ്സൂളുകളായോ ഉപയോഗിക്കാം. മണ്ണിലെ ജലാംശം കളയാതെ നിലനിർത്താൻ ഇതുവഴി കഴിയും. ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതു വികസിപ്പിച്ചത്. ചോളം അടിസ്ഥാനമാക്കി ഉണ്ടാക്കിയതായതിനാൽ പരിസ്ഥിതി മലിനീകരണമില്ലാതെ മണ്ണിൽ ലയിച്ചു ചേരും. പട്ടാന്പി കൃഷി വിജ്ഞാൻ കേന്ദ്രം വഴി ഇതു ലഭ്യമാണ്.
ഫോണ്: 9447529904
ജോസഫ് ജോണ് തേറാട്ടിൽ