കുരുമുളകിന് ഭീഷണിയായി വേരുമീലി മൂട്ടകൾ
Wednesday, March 29, 2023 9:32 PM IST
കുരുമുളക് കൃഷിയെ സാരമായി ബാധിക്കുന്ന വിവിധതരം കീടങ്ങളിൽ പ്രധാനികളാണ് ഉയർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്ന വേരുമീലി മൂട്ടയും ശല്ക്ക കീടങ്ങളും, സമതലങ്ങളിലും തണൽ പ്രദേശങ്ങളിലും കാണുന്ന പൊള്ളുവണ്ടുകൾ, സാവധാന വാട്ടത്തിനു കാരണക്കാരായ നിമാവിരകൾ എന്നിവ. ഇവയിൽ വേരുമീലിമൂട്ടയൊഴിയെയുള്ള കീടങ്ങൾ കർഷകർക്കു പരിചിതമാണ്.
എന്നാൽ, കുറച്ചു വർഷങ്ങളായി വയനാട്, ഇടുക്കി ജില്ലകളിലും സമീപ പ്രദേശങ്ങളിലും വേരുമീലി മൂട്ടകൾ ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. ഉപരിതല വേരുപടലത്തിന് ഏറെ പ്രാധാന്യമുള്ള കുരുമുളകിനെ ഇത്തരം കീടങ്ങൾ ആക്രമിക്കുന്നതു വഴിയുണ്ടാകുന്ന മുറിവുകളിലൂടെ മറ്റു രോഗാണുക്കൾ കയറുന്നതിനും കൊടിയുടെ ആരോഗ്യവും ഉത്പാദനക്ഷമതയും കുറഞ്ഞു കൊടി പൂർണമായും നശിച്ചു പോകുന്നതിനും കാരണമാകുന്നു. വർഷം മുഴുവൻ ഇവയുടെ സാന്നിധ്യം തോട്ടത്തിൽ ഉണ്ടാകുമെങ്കിലും തണുപ്പുകാലമാവുന്നതോടെയാണ് ആക്രമണം രൂക്ഷമാകുന്നത്.
മൂന്നു തരത്തിലുള്ള വേരുമീലി മൂട്ടകൾ കേരളത്തിൽ കണ്ടുവരുന്നുണ്ട്. ഫോർമിക്കോക്കസ് പോളീസപീറസ്, ഡിസ്മിക്കോക്കസ് ബ്രമിപ്പസ്, സ്യൂഡോക്കോക്കസ് എന്നീ ശാസ്ത്രീയനാമങ്ങളിലാണ് ഇവ അറിയപ്പെടുന്നത്. കുരുമുളകിന്റെ വേരുകളിൽ നിന്നു നീരൂറ്റിക്കുടിക്കുന്ന ഇവയ്ക്കു വിളകളുടെ മണ്ണിനു മുകളിലുള്ള ഭാഗങ്ങളെ ആക്രമിക്കുന്ന മീലി മൂട്ടകളോട് രൂപസാദൃശ്യമുണ്ട്. ഉരുണ്ടു തടിച്ചു മൂട്ടകളെ പോലെയുള്ള ഇവയുടെ ശരീരത്തിനു ചുറ്റും വെളുത്ത മെഴുകു പോലുള്ള ആവരണം ഉണ്ടായിരിക്കും. പ്രതികൂല സാഹചര്യങ്ങളിൽ സംരക്ഷണം നൽകാനാണ് ആവരണം.
വേരുമീലി മൂട്ടകൾ വേരുകളിലും മണ്ണിനു താഴെയുള്ള കൊടിയുടെ കടഭാഗത്തും പറ്റിപ്പിടിച്ചിരുന്നാണ് നീരൂറ്റിക്കുടിക്കുന്നത്. ആക്രമണം രൂക്ഷമാവുന്ന സാഹചര്യങ്ങളിൽ മണ്ണിനു മുകളിലുള്ള കൊടിയുടെ ഭാഗങ്ങളിൽ പ്രത്യേകിച്ചു പറ്റുവേരുകൾ കാണുന്ന മുട്ടുകളിൽ വന്നിരുന്നു നീരൂറ്റിക്കുടിക്കും. ഇതുവഴി കുരുമുളക് കൊടി മഞ്ഞളിക്കുകയും ഇലകളും തിരികളും കൊഴിഞ്ഞു വീഴുകയും ചെയ്യും. ക്രമേണ കൊടികൾ ഉണങ്ങിപ്പോകും.

തുടക്കത്തിൽ വേരൂമീലിമൂട്ടയുടെ ആക്രമണം കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിലും സാധാരണയായി ഇവയോടൊപ്പം ഉറുന്പുകളുടെ സാന്നിധ്യവും കണ്ടുവരാറുണ്ട്. ഈ ഉറുന്പുകൾ മീലിമൂട്ടകളെ ഒരു കൊടിയിൽ നിന്നു മറ്റൊന്നിന്റെ ചുവട്ടിലെത്തിക്കും. ഇതുവഴി തോട്ടത്തിൽ മീലിമൂട്ടകളുടെ ആക്രമണം രൂക്ഷമാകും.
വേരുമീലിമൂട്ടകൾ കുരുമുളകിനെ കൂടാതെ താങ്ങുകാലായ മുരിക്ക്, ഇടവിളകളായ പൈനാപ്പിൾ, ഇഞ്ചി, ചേന, കളകളായ പെരുവലം, വള്ളിമുത്തങ്ങ (വെള്ളത്തലേക്കെട്ടൻ), ഞൊട്ടാഞൊടിയൻ കാട്ടുകടുക്, ആനചൊറിയണം, കീഴാർനെല്ലി, വേനൽപ്പച്ച, വാഴപ്പടറ്റി തുടങ്ങിയവയുടേയും വേരുകളിൽ നിന്നു നീരൂറ്റിക്കുടിച്ചു പെറ്റുപെരുകുന്നതു കർഷകർക്കു വലിയ വെല്ലുവിളിയാണ്.
തോട്ടത്തിൽ നിന്നു വേരുമീലിമൂട്ടകളെ അകറ്റി നിർത്താനായി കളകൾ പറിച്ചുകളഞ്ഞു തോട്ടം വൃത്തിയായി സൂക്ഷിക്കണം. ഇവയുടെ സാന്നിധ്യം കണ്ടുവരുന്ന പ്രദേശങ്ങളിൽ ആതിഥേയ സസ്യങ്ങളായ മുരിക്ക്, പൈനാപ്പിൾ, ചേന, ഇഞ്ചി മുതലായവ ഒഴിവാക്കുന്നതും നല്ലതാണ്. കൊടിയൊന്നിന് വേപ്പിൻ പിണ്ണാക്ക് ഒരു കിലോ എന്ന തോതിൽ ചുവട്ടിൽ ഇട്ടു കൊടുക്കുന്നതു ഇവയുടെ ആക്രമണം തടയുന്നതിനു സഹായിക്കും.
വേരുമീലിമൂട്ടകൾ പുറത്തുവിടുന്ന മധുരസ്രവം നുകരാനാണ് ഉറുന്പുകൾ എത്തുന്നത്. അതുകൊണ്ട് ഉറുന്പുകളെ കൊടിയ്ക്കരികിൽ കാണുന്നുണ്ടെങ്കിൽ കീടാക്രമണമുണ്ടോ എന്നു നിശ്ചയമായും പരിശോധിക്കേണ്ടതാണ്. കുറ്റിക്കുരുമുളക് ചെടികൾക്കു വളമിട്ട് മേൽമണ്ണ് കയറ്റുന്ന സമയത്തും റീ പോട്ടീംഗ് (ചട്ടി മാറ്റുക) സമയത്തും ഇവയുടെ ആക്രമണം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കൊടിയെ നീരീക്ഷിക്കുന്നതു വഴി കീടാക്രമണം തടയുന്നതിനോ ആക്രമണം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനോ സഹായിക്കും.
ആക്രമണത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ ജൈവിക നിയന്ത്രണ മാർഗങ്ങളാണ് നല്ലത്. ഇതിനായി അഞ്ചു ശതമാനം വീര്യമുള്ള വേപ്പെണ്ണ എമാൾഷൻ വേപ്പിൻ കുരുസത്ത് ലായിനി കൊടിയുടെ ചുവട്ടിൽ ഒഴിക്കാവുന്നതാണ്. രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമൾഷനും (20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, 5 ഗ്രാം ബാർസോപ്പ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) ഉപയോഗിക്കാവുന്നതാണ്. ലെക്കാനിസിലിയം ലെക്കാനി എന്ന ജൈവ കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കൊടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും ഫലപ്രദമാണ്. ആക്രമണം രൂക്ഷമായാൽ ശുപാർശപ്രകാരമുള്ള രാസകീടനാശിനികൾ ഉപയോഗിക്കണം.
വേരുമീലിമൂട്ടകളെ നശിപ്പിച്ചാലും ഇവ ഉണ്ടാക്കുന്ന മുറിവുകൾ വഴി കുമിൾരോഗം വന്നു കൊടി നശിച്ചുപോകാനുള്ള സാധ്യതയുണ്ട്. പ്രതിരോധമാർഗമെന്ന നിലയിൽ ട്രൈക്കോഡെർമ സന്പുഷ്ട ചാണകം കൊടിയുടെ ചുവട്ടിൽ നിർത്തുന്നതു രോഗകാരിയായ കുമിളിനെ അകറ്റി നിർത്താൻ സഹായിക്കും. വേരുമീലിമൂട്ടകൾ നശിച്ചാലും കൊടിയിൽ ക്ഷീണം കാണുകയാണെങ്കിൽ ബോർഡോ മിശ്രിതം മുതിർന്ന കൊടിക്ക് 5 ലിറ്റർ എന്ന തോതിൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം.
വേരുമീലിമൂട്ടകളേയും മണ്ണിലൂടെ പകരുന്ന രോഗാണുക്കളേയും ജൈവ/രാസനിയന്ത്രണ മാർഗങ്ങളിലൂടെ നിയന്ത്രിച്ചാലും കീടരോഗക്രമണം മൂലം ഉപരിതലവേര് നശിച്ച കൊടികൾക്ക് പുതുവേരുകൾ വരാൻ രാസനിയന്ത്രണ മാർഗങ്ങൾ ചെയ്ത് ഒരു മാസത്തിനുശേഷം മൈക്കോറൈസും വെർമികന്പോസ്റ്റും ചുവട്ടിൽ ഇടുന്നതും നന തുടരുന്നതും കൊടിയെ പൂർണ്ണ ആരോഗ്യത്തിലേയ്ക്കെത്തിക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ 19:19:19 6 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ ഇലകളിൽ തളിക്കുന്നതും മണ്സൂണ് ആരംഭത്തോടുകൂടി ഉത്തമ കൃഷി രീതികൾ പാലിക്കുന്നതും തോട്ടം പുരരുജ്ജീവിപ്പിക്കാൻ സഹായിക്കും.
ഫോണ് : 9539799730.
കെ. കെ. ദിവ്യ
അസി. പ്രഫസർ,
കുരുമുളക് ഗവേഷണകേന്ദ്രം, പന്നിയൂർ