തേനീച്ചയില്‍ സ്വപ്നങ്ങള്‍ വിരിയിച്ചു പ്രിന്‍സി
തേനീച്ചയില്‍ സ്വപ്നങ്ങള്‍ വിരിയിച്ചു പ്രിന്‍സി
തേനീച്ച കൃഷിയില്‍ ഉയരങ്ങള്‍ കീഴടക്കി കുതിക്കുകയാണു പാലക്കാട് കരിമ്പ അയ്യപ്പന്‍കോട്ട സ്വദേശിനി പ്രിന്‍സി ജയന്‍. കാരാകുറിശി, കരിമ്പ, തച്ചമ്പാറ എന്നീ മൂന്നു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ 1750 തേനീച്ച പെട്ടികള്‍ സ്ഥാപിച്ചു തേന്‍ കുടങ്ങള്‍ നിറയ്ക്കുകയാണ് ഈ കര്‍ഷക.

തേനിനുള്ള വര്‍ധിച്ച ഡിമാന്‍ഡ് മൂലം കൃഷി കൂടുതല്‍ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. 2021- 22 ലെ സംസ്ഥാന സര്‍ക്കാരിന്റെ ജില്ലയിലെ മികച്ച തേനീച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം പ്രിന്‍സിക്കായിരുന്നു. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും മറ്റാര്‍ക്കുമായിരുന്നില്ല.

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും അധ്വാനിക്കാനുള്ള മനസും ഒത്തുചേര്‍ന്നപ്പോള്‍ കുടുംബത്തോടൊപ്പം പ്രിന്‍സി തേനീച്ച കൃഷിയിലേക്കിറങ്ങുകയായിരുന്നു. ചെറിയ നിലയില്‍ നിന്നാണു തുടക്കം. ഭര്‍ത്താവ് ജയന്റെ അച്ഛന്‍ മണി 45 വര്‍ഷമായി തേനീച്ച കൃഷിയിലൂടെയാണ് ഉപജീവനം നടത്തുന്നത്.

തിരുവനന്തപുരം പാറശാല സ്വദേശികളായ മണിയും കുടുംബവും തേനീച്ച കൃഷിക്കുവേണ്ടിയാണ് കരിമ്പയിലെത്തിയതും ഇവിടെ സ്ഥിരതാമസമാക്കിയതും. 20 വര്‍ഷം മുമ്പാ യിരുന്നു പ്രിന്‍സിയുടെയും ജയന്റെയും വിവാഹം. അധികം വൈകുന്നതിനു മുമ്പു തന്നെ പ്രിന്‍സിയെയും തേനീച്ചകള്‍ ആകര്‍ഷിച്ചു തുടങ്ങി.

വര്‍ഷം 15 ടണ്‍ തേന്‍ ഇപ്പോള്‍ ഇവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഖാദിബോര്‍ഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവയ്ക്കാണ് ഇതില്‍ ഭൂരിഭാഗം വില്‍ക്കുന്നത്. ബാക്കിയുള്ളവ സംസ്‌കരിച്ചു നാടന്‍ വിപണിയില്‍ വില്‍ക്കും. നിരവധിപ്പേര്‍ വീട്ടിലെത്തി തേന്‍ വാങ്ങുകയും ചെയ്യുന്നുണ്ട്.

ബൃന്ദാവന്‍ ഹണി ആന്‍ഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന സ്വന്തം ബ്രാന്‍ഡിലാണ് വില്പന. തേന്‍ കൂടാതെ മെഴുക്, വാക്‌സ്, ഫേഷ്യല്‍ ക്രീം എന്നിവയും നിര്‍മിച്ചു വില്പന നടത്തുന്നുണ്ട്. സ്വന്തമായുള്ള യൂ ട്യൂബ് ചാനല്‍വഴിയും വില്പന സജീവം.

വാഴക്ക ചിപ്‌സ്, ശര്‍ക്കര വരട്ടി, അച്ചാര്‍, കൊണ്ടാട്ടം, കുന്നന്‍കായപ്പൊടി, കുരുമുളക് എന്നിവയും ഈ ബ്രാന്‍ഡില്‍ പ്രിന്‍സി തയാറാക്കി വില്പന നടത്തുന്നുണ്ട്. മുമ്പ് വിപണനം പ്രശ്‌നമായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യത്തിനനുസരിച്ചു കൊടുക്കാന്‍ കഴിയുന്നില്ലത്രേ.


മഴക്കാലം തേനീച്ചകള്‍ക്ക് തീറ്റ കൊടുത്തു സംരക്ഷിക്കേണ്ട സമയമാണ്. പഞ്ചസാര ലായനിയാണ് പ്രധാന തീറ്റ. ഈ സമയത്ത് പ്രിന്‍സിയും ഭര്‍ത്താവ് ജയനുമാണ് ജോലികളെല്ലാം ചെയ്യുന്നത്. പിന്നീട് കോളനികള്‍ തിരിക്കലും പെട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചു കൃഷി വിപുലമാക്കാനുമുള്ള സമയമാകും. അതിനുവേണ്ടി കൂടുതല്‍ ജോലിക്കാരെ ഉള്‍പ്പെടുത്തും. വിളവെടുപ്പ് സീസണില്‍ പത്തോളം ജോലിക്കാര്‍ ഇവര്‍ക്കു പുറമേ ഉണ്ടാകും.

വലിയ സാധ്യതയുള്ള മേഖലയാണു തേനീച്ച കൃഷിയെന്ന് പ്രിന്‍സി പറയുന്നു. വനിതകള്‍ക്ക് പ്രത്യേകിച്ചു വീട്ടമ്മമാര്‍ക്ക് ഈ രംഗത്തേയ്ക്ക് എളുപ്പം കടന്നുവരാന്‍ കഴിയും. ഒരാഴ്ച രണ്ടു മണിക്കൂര്‍ നീക്കി വയ്ക്കാന്‍ കഴിയുന്ന വീട്ടമ്മമാര്‍ക്ക് 25 തേനീച്ച പെട്ടികള്‍ സ്ഥാപിച്ച് നല്ലൊരു വരുമാനം ഉണ്ടാക്കാനാകും. ഒരു പെട്ടിയില്‍ നിന്നു ശരാശരി 10 കിലോ തേന്‍ ലഭിക്കും.

150 രൂപയ്ക്ക് ഇവ വില്‍ക്കാനാകും. പൊതുവിപണിയില്‍ 300 രൂപ വരെയാണ് ചില്ലറ വില. കൊറോണ കാലത്ത് തേനീച്ചകൃഷി രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായതായി പ്രിന്‍സി പറഞ്ഞു. വീട്ടില്‍ അടച്ചിരുന്ന സമയത്ത് നിരവധി പേര്‍ ഈ രംഗത്ത് പരീക്ഷണം നടത്തി. അതില്‍ കുറെപ്പേരെങ്കിലും തുടര്‍ന്നു കൊണ്ടുപോയാല്‍ തന്നെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാകും.

തേനീച്ചകള്‍ക്ക് കാര്യമായി രോഗങ്ങള്‍ വരില്ല എന്നത് വിജയസാധ്യത ഇരട്ടിയാക്കുന്നു. രോഗപ്രതിരോധത്തിനായി നാടന്‍ മഞ്ഞള്‍പൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇടിച്ചു ചാലിച്ച് തേനീച്ചകള്‍ക്കു തീറ്റയോടൊപ്പം ചേര്‍ത്തു നല്കും. തേനീച്ച പെട്ടികള്‍ വച്ചിട്ടുള്ള തോട്ടങ്ങളില്‍ കാട്ടാനയുടെ ശല്യം ഉണ്ടാവാറില്ല എന്നതുകൊണ്ട് തോട്ടങ്ങളില്‍ പെട്ടികള്‍ സ്ഥാപിക്കുന്നതിന് ഉടമകള്‍ എതിരു പറയാറില്ല. തേനീച്ചയുടെ ചെറിയ മുരള്‍ച്ച കാട്ടാനയ്ക്ക് അസഹനീയമായതിനാല്‍ അവ തോട്ടങ്ങളിലേക്ക് അടുക്കില്ലത്രേ.

തേനീച്ചകളെ കോളനികളാക്കി ആവശ്യമുള്ളവര്‍ക്കു പ്രിന്‍സി വില്‍ക്കുന്നുമുണ്ട്. കൃഷി ഉപദേശങ്ങള്‍ സൗജന്യമായി നല്കാനും തയാര്‍. പരിശീലനത്തിലൂടെ തേനീച്ചയെകൊച്ചുകുട്ടികള്‍ക്കുപോലും വരുതിയിലാക്കാമെന്നാണു പ്രിന്‍സിയുടെ അനുഭവം. പ്രിന്‍സിയുടേയും ജയന്റേയും മക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അക്ഷിതും അര്‍ഷിതും ഒഴിവുസമയങ്ങളില്‍ തേനീച്ചകൃഷിയില്‍ മാതാപിതാക്കളെ സഹായിക്കാനെത്തും.
ഫോണ്‍: 9539306612

ജിമ്മി ജോര്‍ജ്