അപകടകാരികളാണ് പാര്‍വോ വൈറസ്
അപകടകാരികളാണ് പാര്‍വോ വൈറസ്
സ്ഥാനത്ത് നായകളില്‍ കറക്ക ദീനത്തോടൊപ്പം പാര്‍വോ എന്ററൈറ്റിസ് രോഗവും വ്യാപകമാവുകയാണെന്നു മുന്നറിയിപ്പ് തീര്‍ത്തും അവഗണിക്കരുത്. നായകളില്‍ മരണം വിതയ്ക്കുന്ന പാര്‍വോ വൈറസ് രോഗം ശ്വാനപ്രേമികളുടെ എക്കാലത്തെയും പേടിസ്വപ്നമാണ്.

വളരെവേഗം പടര്‍ന്നുപിടിച്ചു മരണമുണ്ടാക്കുന്ന മാരക വൈറസ് രോഗമാണ് പാര്‍വോ എന്ററൈറ്റിസ്. ഇതിനെ ചെറുക്കാന്‍ പ്രതിരോധമാണ് ഏറ്റവും നല്ല മാര്‍ഗം. വായുവിലൂടെയാണ് ഈ വൈറസ് പരക്കുന്നത്. അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള നായകളില്‍ വരെ ഈ രോഗാണു വളരെവേഗം പറന്നെത്തും. പ്രായം കുറഞ്ഞ നായക്കുട്ടികളെയാണ് കൂടുതലും ബാധിക്കുക. നായയുടെ മലത്തില്‍ വര്‍ഷങ്ങളോളം രോഗാണുക്കള്‍ നശിക്കാതിരിക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍

ദുര്‍ഗന്ധം വമിക്കുന്ന ഛര്‍ദിയും രക്തം കലര്‍ന്ന ദുര്‍ഗന്ധപൂരിതമായ വയറിളക്കവും തളര്‍ച്ചയും ആഹാരത്തോട് വിപ്രതിപത്തിയുമാണ് പ്രധാന ലക്ഷണങ്ങള്‍. ക്ഷീണമകറ്റാന്‍ ഡെക്‌സ്‌ട്രോസ് സലൈനും പാര്‍ശ്വാഘാതങ്ങളെ അതിജീവിക്കാന്‍ ആന്റിബയോട്ടിക്കുമൊക്കെ കുത്തിവച്ചാലും പ്രയോജനമുണ്ടാവണമെന്നില്ല.

രോഗം ബാധിച്ചവയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. രോഗം ബാധിച്ച നായ ഉപയോഗിച്ച സാധനമെല്ലാം കത്തിച്ചുകളയണം. മലസ്പര്‍ശം അപകടകരമായ പകര്‍ച്ചാമാര്‍ഗമാണ്. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

വൈറല്‍ രോഗങ്ങള്‍

കറക്കദീനം (കനൈന്‍ ഡിസ്റ്റംബര്‍), പാര്‍വോ എന്ററൈറ്റിസ്, റാബീസ്, ഇന്‍ഫക്ഷ്യസ് കനൈന്‍ ഹെപ്പറ്റൈറ്റിസ് എന്നിവയാണ് നായകളിലെ പ്രധാന വൈറല്‍ രോഗങ്ങള്‍. പ്രതിരോധ കുത്തിവയ്പുകള്‍ പ്രധാനമാണ്.

രോഗപ്രതിരോധം

കോവിഡുകാലത്ത് വ്യാപകമായ രണ്ടു സംരംഭങ്ങളാണ് ഉദ്യാന കൃഷിയും ഓമനമൃഗ പരിപാലനവും. വനിതകള്‍ ഇതിനെ ഒരു ജനകീയ സംരംഭമാക്കി മാറ്റുകയും ചെയ്തു. ഓമനമൃഗ പരിപാലനം തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട ഒരു മേഖലയാണ്.

വിരയിളക്കല്‍

വളര്‍ത്തു മൃഗങ്ങളുടെ വിരയിളക്കുക എന്നതു വളരെ പ്രധാനമാണ്. എന്നാല്‍, ഇതിനെപ്പറ്റി പലരും അജ്ഞരാണ് എന്നതാണു വസ്തുത. വിരയിളക്കല്‍ ആദ്യത്തെ രണ്ടുമാസത്തിനകം നടത്തണം. പൈറന്റല്‍ പാമോയേറ്റ് ആണ് ഇതിന് ഉത്തമം. രണ്ടു മുതല്‍ നാലു മാസം വരെ പ്രായത്തില്‍ worm trap suspension നല്‍കാം. മൂന്നര മാസം മുതല്‍ നാലു മാസം വരെ ടാബ്‌ലെറ്റ് ആണു നല്ലത്. (Worm Stop, Worm trap, Antiworm, Worex, Kiwi of plus, fental plus)

15-21 ദിവസത്തിനിടയില്‍ ആദ്യത്തെ വിരയിളക്കല്‍, 30-35 ദിവസം രണ്ടാമത്തെ വിരയിളക്കല്‍. 45-ാം ദിവസം ആദ്യത്തെ മള്‍ട്ടി കൊമ്പോണന്റ് സിംഗിള്‍ വാക്‌സിനേഷന്‍. 75-ാം ദിവസം രണ്ടാമത്തെ മള്‍ട്ടി കൊമ്പോണന്‍റ് സിംഗിള്‍ ഡോസ് വാക്‌സിനേഷന്‍. 90-ാം ദിവസം ആന്‍റി റാബീസ് വാക്‌സിനേഷന്‍. 97-ാം ദിവസം വിരയിളക്കല്‍, 105-ാം ദിവസം മള്‍ട്ടി കൊമ്പോണന്റ് ബൂസ്റ്റര്‍. 120-ാം ദിവസം (4 മാസം) ആന്റി റാബിസ് ബൂസ്റ്റര്‍ + കെന്നല്‍കഫ് വാക്‌സിനേഷനും (30-ാം ദിവസവും ഇത് നല്‍കാം) മള്‍ട്ടി കൊമ്പോണന്റ് വാക്‌സിന്‍ ഡിസ്റ്റംബര്‍, പാര്‍വോ ഉള്‍പ്പെടെ 8 രോഗങ്ങളെ ചെറുക്കും. എല്ലാ രോഗങ്ങള്‍ക്കും വര്‍ഷംതോറും ബൂസ്റ്റര്‍ കുത്തിവയ്പ് അനിവാര്യമാണ്.

രോഗപ്രതിരോധശേഷിയില്‍ മുമ്പന്മാരായിരുന്ന നാടന്‍ നായകളുടെ എണ്ണം തീര്‍ത്തും കുറഞ്ഞതോടെയാണു മാരകമായ പുതിയ രോഗങ്ങള്‍ കണ്ടുതുടങ്ങിയത്. പ്രതിരോധശേഷി താരതമ്യേന കറവുള്ള സങ്കരയിനങ്ങള്‍ വ്യാപകമായതോടെ രോഗങ്ങള്‍ വ്യാപകമായിത്തുടങ്ങുകയും ചെയ്തു.
ഫോണ്‍: 9447324846; മെയില്‍ ഐഡി: [email protected]

ഡോ. എന്‍.അജയന്‍
ജോയിന്റ് ഡയറക്ടര്‍ (റിട്ട), മൃഗസംരക്ഷണ വകുപ്പ്