എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്‍ഷകന്‍റേയും പേടിസ്വപ്നമാണു മൂഷികന്‍. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എടുക്കാതായതും ഇവറ്റകള്‍ ക്രമാതീതമായി പെരുകുന്നതിനു കാരണമായി. വിളകളെ പൂര്‍ണമായും നശിപ്പിക്കുന്നുവെന്നു മാത്രമല്ല, വലിയ മടകളില്‍ വാസമുറപ്പിച്ചു വീട്ടകങ്ങളിലും പുരയിടങ്ങളിലും അവയുണ്ടാക്കുന്ന നഷ്ടം അതിഭീമമാണു താനും.

പുരയിടങ്ങളിലെ കയ്യാലകളില്‍ നിരനിരയായി ചുവന്ന കൊടുവേലി വച്ചു പിടിപ്പിച്ചാല്‍ എലികളെ അവിടെ നിന്നു തുരത്താം. പക്ഷേ, അതിനു നാലഞ്ചു വര്‍ഷം വേണ്ടി വരുമെന്നു മാത്രം. നീര്‍വാളവും (കടലാവണക്ക്) കയ്യാലകളില്‍ അങ്ങിങ്ങായിവച്ചു പിടിപ്പിക്കുന്നതു നല്ലതാണ്. ഇവയുടെ വേരുകള്‍ വളര്‍ന്നു കയ്യാലകളിലെ എലിപ്പൊത്തുകളില്‍ എത്തുന്നതോടെ എലികള്‍ അവിടുത്തെ വാസം മതിയാക്കും. കൊടുവേലിയുടേയോ നീര്‍വാളത്തിന്റേയോ വേരില്‍ കടിച്ചാല്‍ എലിയുടെ വായ പെള്ളുകയും ചെയ്യും.

എലിവില്ല്, എലി കത്രിക, എലിപ്പെട്ടി എന്നിവയൊക്കെ എലിനശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പലപ്പോഴും കാര്യമായ ഗുണം കിട്ടാറില്ല. ഇത്തരം കെണിയില്‍പ്പെട്ടു ചാകുന്ന എലിയുടെ രക്തമോ ശരീരഭാഗങ്ങളോ കെണിയില്‍ ഉണ്ടായിരുന്നാല്‍ പിന്നെ അതില്‍ മറ്റൊരു എലി കയറില്ല. വീണ്ടും ആ കെണി ഉപയോഗിക്കുമ്പോള്‍ നന്നായി കഴുകി എലിയുടെ ഗന്ധം പൂര്‍ണമായും മാറ്റിയിരിക്കണം.

ഏതെങ്കിലും കാരണവശാല്‍ ഒരു കെണിയില്‍ നിന്ന് ഒരു എലി രക്ഷപ്പെട്ടാല്‍ പിന്നീട് മനുഷ്യനിര്‍മിതമായ മറ്റൊരു കെണിയിലും ആ എലി വീഴില്ല. മനുഷ്യഗന്ധമേറ്റ ഒരു വസ്തുവിനേയും അത് സമീപിക്കുകയുമില്ല.

ഗോതമ്പുപൊടി/ആട്ട/ മൈദ ഇവയിലേതെങ്കിലും അര സ്പൂണ്‍ എടുത്ത് അതിലേയ്ക്ക് ആലോപ്പതി മരുന്നു കടകളില്‍ ലഭിക്കുന്ന ഡയോണില്‍ ഗുണികയും വാര്‍ഫാറിന്‍ 5 ഗ്രാം ഗുളികയും 1:1 അനുപാതത്തില്‍ നന്നായി പൊടിച്ചു മേല്‍പ്പറഞ്ഞ പൊടിയിലൊന്നില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് ഉരുട്ടിയെടുത്ത് എലിനശീകരണത്തിന് ഉപയോഗിക്കാം.

തുരപ്പന്റെ മടയില്‍ വച്ചാണ് അവയെ ആകര്‍ഷിക്കേണ്ടത്. ഒരു തുരപ്പനെലി ചാകണമെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടു ഗുണികകളുടെ മിശ്രിതം മുഴവനായും വേണം. ഇനി പന്നി എലിക്കാണെങ്കില്‍ മിശ്രിതം കൂടിയ അളവില്‍ വേണമെന്നു മാത്രം.

കക്കായിറച്ചി എലികള്‍ക്ക് വളരെ ഇഷ്ടമാണ്. അതില്‍ യുക്തമെന്നു തോന്നുന്ന വിഷം ചേര്‍ത്തു കൊടുത്താലും എലികള്‍ കൂട്ടത്തോടെ ചാകും.

തുരപ്പനെലിയുടെ മട തുരന്നു വിഷം/കെണി വയ്ക്കുന്നതു വളരെ ശ്രദ്ധയോടെ വേണം. മാളം കണ്ടെത്തി ആവശ്യത്തിന് വലുപ്പത്തില്‍ മണ്ണുമാറ്റി ശേഷമാണ് കെണികള്‍ വയ്‌ക്കേണ്ടത്. അതിനുശേഷം മുകള്‍ഭാഗത്ത് ചുള്ളിക്കമ്പ് വച്ച് അതിന്റെ മുകളില്‍ വേണ്ടത്ര വലുപ്പമുള്ള ഇലകളും നിരത്തി പ്രകാശം ഒട്ടും മാളത്തിലേയ്ക്ക് കടക്കാത്ത രീതിയില്‍ നേരിയ മണ്ണും വിതറണം.

പന്നി എലിക്കാണെങ്കില്‍ നടന്നു പോകുന്ന വഴി കണ്ടെത്തി മേല്‍പ്പറഞ്ഞ രീതിയിലുള്ള കെണികളും വിഷവസ്തുക്കളും വയ്ക്കാം. ഇവയൊക്കെ ഇരുട്ടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെയ്യുന്നതാണ് നല്ലത്. ഫോണ്‍: 9645033622

ജോസ് മാധവത്ത്