സമ്മിശ്രകൃഷി ആഘോഷക്കി വി.ജെ. ജോണും കുടുംബവും
സമ്മിശ്രകൃഷി ആഘോഷക്കി വി.ജെ. ജോണും കുടുംബവും
ആടിനെയും പശുക്കളെയും പന്നിയെയുമൊക്കെ ഒപ്പം കൂട്ടി, സമ്മിശ്രകൃഷി ആഘോഷമാക്കുകയാണിവർ. കോട്ടയം എലിക്കുളം വഞ്ചിമലയിലെ വടക്കേകുന്നുംപുറത്ത് വി.ജെ. ജോണും കുടുംബവും. ഇദ്ദേഹത്തോടൊപ്പം ഭാര്യ മോളിയുമുണ്ട്. മക്കളായ ജിസും ജിൻസും ജിബിനും ജോലിക്കിടയിലും കൃഷി ജീവിതചര്യയാക്കിയവരാണ്.

ആടെന്ന അദ്ഭുതജീവി


ആദായം ഉറപ്പുള്ളൊരു അദ്ഭുതജീവിയാണ് ആടെന്ന കാര്യത്തിൽ ജോണിനും കുടുംബത്തിനും രണ്ട് അഭിപ്രായമില്ല. 18 ആടുകളാണ് ഈ കുടുംബത്തിന്‍റെ കാലിസന്പത്തിലുള്ളത്. എല്ലാം ഒന്നിനൊന്നു മികച്ചത്. ചെലവുകുറഞ്ഞ ആട്ടിൻകൂടിന്‍റെ നിർമാണ വൈദഗ്ധ്യം കണ്ടുതന്നെ മനസിലാക്കണം. വിലകൂടിയ നിർമാണ വസ്തുക്കൾക്കു പിറകെ പോകാതെ പുരയിടത്തിലെ പ്രകൃതിജന്യവസ്തുക്കൾ ഉപയോഗിച്ചാണു കൂടിന്‍റെ നിർമിതി. അതിനാൽ തന്നെ ചെലവു കുറവും ഗുണമേ· കൂടുതലുമാണ്. ആടുവളർത്തലിലെ പുത്ത ൻ കൂറ്റുകാർ കണ്ടുപഠിക്കേണ്ടതാണിവിടത്തെ ആട്ടിൻകൂടും വളർത്തൽരീതികളും. ലക്ഷണമൊത്ത ആടുകളുടെ മദർ യൂണിറ്റായതിനാൽ കുട്ടികളെല്ലാം തന്നെ മികച്ച വിലയിൽ കൈമാറ്റം ചെയ്യപ്പെടുന്നു.

ഗോശാലയും സൂപ്പർ


കന്നുകാലിത്തൊഴുത്തിൽ കറവപ്പശുക്കൾ മൂന്നെണ്ണമുണ്ട്. രണ്ടു കിടാക്കളും. പറന്പിലെ കളകളും നട്ടുപിടിപ്പിച്ചിട്ടുള്ള തീറ്റപ്പുല്ലുമാണു പ്രധാനഭക്ഷണം. ഇവയുടെ പരിപാലനവും കുടുംബാംഗങ്ങൾ കൂട്ടായി തന്നെ. പുരയിടത്തിലെ പച്ചപ്പുല്ല് ധാരാളമായി നൽകുന്നതിനാൽ പശുക്കൾക്ക് രോഗപ്രതിരോധശേഷിയുണ്ട്. മികച്ച ആദായവും നൽകുന്നു. ലിറ്ററിന് 48 രൂപ നിരക്കിലാണ് പാൽ വിൽപന. ഗുണനിലവാരം ഉറപ്പുള്ളതിനാൽ അയൽപക്കക്കാർ വീട്ടിലെത്തി വാങ്ങുന്നെന്ന മെച്ചവുമുണ്ട്.

മിന്നും താരങ്ങളായി പന്നിക്കുട്ടൻമാർ


ഏറ്റവും കൂടുതൽ തീറ്റപരിവർത്തനശേഷിയുള്ള പന്നികൾ ഇന്നു കുറെയങ്കിലും പറന്പുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ജോണിന്‍റെ കൃഷിയിടത്തിലെ പ്രധാന ജീവികൾ പന്നിയാണെന്നു പറയാം. പണം ഉറപ്പായും തരുന്ന പന്നിക്കുട്ടൻമാർ വിവിധ കൂടുകളിലായി 25 പേരുണ്ട്.

മികച്ച വളർച്ചാനിരക്കും നമ്മുടെ പ്രദേശത്തിനു യോജിച്ചവയുമായ ഡ്യൂറോക്ക്, ലാർജ് വൈറ്റ്, എഫ്എം ക്രോസ് ഇനങ്ങളാണിവിടെ വളർത്തുന്നത്. ഒരു വർഷം കൊണ്ട് 150 കിലോയിലധികം തൂക്കംവയ്ക്കുന്ന ഇവ, നല്ല വരുമാനവും ഉറപ്പുവരുത്തുന്നു. പന്നികളെ ജീവനോടെ കിലോക്ക് 150 രൂപയ്ക്കും ഇറച്ചിയാക്കി 250 രൂപ നിരക്കിലുമാണു വില്പന. ഗുണമേ·യുള്ള പന്നിയിറച്ചി പറന്പിലെത്തി വാങ്ങുന്നതിനാണ് അയൽപക്കക്കാർക്കു കൂടുതൽ താത്പര്യം.

കൃഷി കുടുംബകാര്യം

കൃഷി എന്നതു വടക്കേകുന്നുംപുറത്തു വീട്ടിൽ ഏറ്റവും പ്രധാനമായ കുടുംബകാര്യമാണ്. നാലേക്കറിൽ ഒരിഞ്ചു ഭൂമിയിൽപോലും കൃഷിയില്ലാതില്ല. ഒരു കൃഷിയിടത്തിനു വേണ്ട ചേരുവകളെല്ലാം ചേരുന്നുണ്ടിവിടെ. സമ്മിശ്രകൃഷിയിലെ ചങ്ങലകളെ ശരിക്കു കോർത്തിണക്കിയിട്ടുമുണ്ട്. ശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കുന്നതിനും അവലംബിക്കുന്നതിനും തുറന്ന മനസാണിവർക്ക്. അതിനാൽ തന്നെയാണ് ഈ കൊറോണകാലത്തും കൃഷിയെന്നത് ഇവർക്കു വരുമാനമാർഗമാകുന്നതും.


കുടുംബത്തിന്‍റെ കൂട്ടുകൃഷിയിൽ ചെറുപ്പക്കാരായ ജിസിനും ജിൻസിനും ജിബിനും ഒരേ മനസും താളവുമാണ്. അതു കൃഷിയിടത്തിൽ കാണാനുമാകും. ഭക്ഷ്യവിളകൾക്കാണു മുൻഗണന.

മലനാടിന്‍റെ തനിവിളയാണു മരച്ചീനി. 1500 ചുവടു കപ്പയാണു കൃഷി ചെയ്യുന്നത്. എല്ലാ കപ്പത്തണ്ടുകളിലും ഈ സഹോദരങ്ങളുടെ കൈ പതിഞ്ഞിട്ടുമുണ്ട്. അതിന്‍റെ ഗുണം വളർച്ചയിലും കാണാം. ചേന, ചേന്പ്, കാച്ചിൽ തുടങ്ങി എല്ലാ കിഴങ്ങുവിളകളും ഭൂമിയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് കൃഷി ചെയ്യുന്നു. വെളിച്ചം, മണ്ണിന്‍റെ ആഴം, മറ്റുവിളകളുടെ സാമീപ്യം ഇവയെല്ലാം തന്നെ ഇക്കാര്യങ്ങളിൽ പരിഗണിക്കുന്നു.

വാഴ വൈവിധ്യം

എല്ലാ ഇനം വാഴകൾക്കും ഈ പറന്പിൽ ഇടമുണ്ട്. നാനൂറ് ഏത്തവാഴകൾ കൃത്യമായ പരിപാലനമുറകൾ അവലംബിച്ചു കൃഷി ചെയ്തുവരുന്നു. പച്ചക്കറി വിളകൾക്കും നല്ല കാലമാണിവിടെ. കുരുമുളക്, കൊക്കോ, കാപ്പി എന്നിവയ്ക്കു പുറമെ പഴവർഗ വിളകളായ റബൂട്ടാനും മാഗോസ്റ്റീനും വിവിധയിനം മാവുകളും പ്ലാവുകളുമൊക്കെ കൂടുന്പോൾ ഈ കൃഷിയിടം സുന്ദരമാകുന്നു.

പാറക്കുളങ്ങളിലെ മീൻപണം

ശുദ്ധഭക്ഷണത്തെക്കുറിച്ച് ചർച്ചച്ചെയ്യപ്പെടുന്ന കാലമാണിത്. അതിനാൽ തന്നെ വിഷം ചേരാത്ത പിടയ്ക്കുന്ന മീനിനെക്കുറിച്ചും മലയോരം ചിന്തിച്ച് ഉറപ്പിച്ചിരിക്കുന്നു. പാറക്കുളങ്ങളിലെ മീൻകുളങ്ങളിൽ വളരുന്നത് ജീവനുള്ള പണമാണ്. ഗിഫ്റ്റ് തിലാപ്പിയയെയാണ് കുളങ്ങളിൽ വളർത്തുന്നത്. തീറ്റയായി പെല്ലറ്റും ചേന്പിലയും പറന്പിലെ കളകളുമൊക്കെ നൽകും.

ആറുമാസത്തിലൊരിക്കൽ വിളവെടുപ്പ്. കിലോയ്ക്ക് 200 രൂപ നിരക്കിലാണു വില്പന. എങ്ങനെയായാലും കിലോയ്ക്ക് 50 രൂപയിൽ കുറയാതെ ലാഭക്കണക്കിലെഴുതാം.

എല്ലാവിളകളുമുള്ള കൃഷിയിടത്തിൽ അത്യാവശ്യം വേണ്ടുന്ന പക്ഷി, മൃഗങ്ങൾ എല്ലാമുണ്ട്. 2015 ൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെന്ന ബഹുമതിയും ഇവർക്കു ലഭിച്ചു. 2020 ൽ എലിക്കുളം കൃഷിഭവൻ കണ്ടെത്തിയ മികച്ച ജൈവകൃഷിയിട മാതൃകയിൽ ഒന്നാസ്ഥാനം ഈ പുരയിടത്തിനായിരുന്നു. കൃഷി എന്നത് ഒരു സംസ്കാരമാണ്, ജീവിതചര്യയാണ് സർവോപരി ജീവനോപാധിയുമാണ്. ജീവിതത്തിന്‍റെ തന്നെ ഭാഗമായ കൃഷിയെ ആഘോഷമാക്കിയാൽ അതിൽപരം കൃഷി വിജയിക്കുവാൻ വേറെന്താണു വേണ്ടത്. കാർഷിക കുടുംബമാണെങ്കിലും മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനു പിതാവു ശ്രദ്ധവച്ചു. മുപ്പത്തിരണ്ടുകാരനായ മൂത്തമകൻ ജിസ് കദളിക്കാട് വിമലമാത സ്കൂൾ അധ്യാപകനാണ്. ജിൻസും ജിബിനും മികച്ച വിദ്യാഭ്യാസമുള്ളവരാണ്.

കൂട്ടായി ചെയ്യേണ്ടതാണു കൃഷി. കുടുംബത്തോടെ ഇടപെടേണ്ടത്. അങ്ങനെ കൃഷി എന്ന ഉപജീവന പ്രക്രിയയെ ആഘോഷമാക്കാം, എന്നാൽ കൃഷിയിടം പറുദീസയാകും. വടക്കേകുന്നുംപുറത്തെ കൃഷിപറുദീസ കാണാൻ മറക്കരുത്, കേൾക്കാനും. ത്രസുന്ദരമാണിവിടം.

എ.ജെ. അലക്സ് റോയ്
(അസിസ്റ്റന്‍റ് കൃഷി ഓഫീസർ കൃഷിഭവൻ, എലിക്കുളം, കോട്ടയം)

ഫോണ്‍: 9961674822, 9947965095, 9497477235.