ജലമാണ് ജീവന്‍, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്‍റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്‌കാരങ്ങളുടെ ഉത്ഭവം തന്നെ കുടിനീരുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ വെള്ളം ആവശ്യമായി വന്നപ്പോള്‍ ചെടികള്‍ക്ക് കൃത്രിമമായി വെള്ളമെത്തിച്ചുള്ള ജലസേചനവും ആരംഭിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്ക് ആഴങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കു ജലമെത്തിക്കാന്‍ പരമ്പരാഗത ജലോധാരണ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു അടുത്ത പടി. എന്നാല്‍ കൃഷി തീവ്രമായതോടെ നദീതീരങ്ങളില്‍ നിന്നു കരഭൂമിയിലേക്കു കൃഷി വ്യാപിച്ചു. ജലസേചനത്തിന് മനുഷ്യന്റെ കായികാധ്വാനം പോരാതെ വന്നതാണ് ആധുനിക പമ്പുസെറ്റുകളുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്.

ഡെനിസ് പാപ്പിനും സെന്‍ട്രീഫ്യൂഗല്‍ പമ്പും

1687- ല്‍ ഫ്രാന്‍സില്‍ ജനിച്ച ഡെനിസ് പാപ്പിനാണ് അപകേന്ദ്ര പമ്പുകളുടെ ശില്പി. ഇന്ന് ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 80 ശതമാനം പമ്പുകളും അപകേന്ദ്ര ശക്തിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വിവിധ തരത്തിലും കുതിരശക്തിയിലുമുള്ള പമ്പുസെറ്റുകള്‍ നിലവിലുണ്ട്. ഓരോ കൃഷി ആവശ്യങ്ങള്‍ക്കുമുള്ള പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

1. ജലസേചനം നടത്തേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ജലസ്രോതസിന്റെ കാര്യക്ഷമതയും
2. വിളകളുടെ തരം, ജലസേചനത്തിന്റെ കൃത്യമായ ഇടവേള
3. മണ്ണിന്റെ ഘടനയും സ്വഭാവവും
4. സ്ഥലത്തിന്റെ ചരിവ്
5. കാലാവസ്ഥാ ഘടകങ്ങള്‍

ഇതില്‍തന്നെ ആദ്യത്തെ മൂന്നു ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് 90 ശതമാനം ജലസേചന പമ്പുസെറ്റുകളുടെയും തെരഞ്ഞെടുപ്പ് നടത്തുക.

70 ശതമാനം അശാസ്ത്രീയ തെരഞ്ഞെടുക്കല്‍

കാര്‍ഷികാവശ്യങ്ങള്‍ക്കു പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതി ന്റെ പ്രാരംഭ മുതല്‍ മുടക്കും പമ്പിന്റെ ഗുണനിലവാര മാനദണ്ഡങ്ങളുമാണ്. പൊതുവേ കാര്‍ഷികാവശ്യങ്ങള്‍ ക്കു സ്ഥാപിച്ചിരിക്കുന്ന പമ്പുസെറ്റുകളില്‍ 70 ശതമാനത്തോളം അശാസ്ത്രീയമായി തെരഞ്ഞെടുത്തിട്ടുള്ളവയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക, ഊര്‍ജനഷ്ടങ്ങളുണ്ടാക്കുന്നു.

നാലുതരം പമ്പുസെറ്റുകള്‍

കാര്‍ഷിക പമ്പുസെറ്റുകളെ വളരെ വിപുലമായ രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ച് നാലായി തരംതിരിക്കാം. അപകേന്ദ്ര പമ്പുകള്‍, പിസ്റ്റണ്‍ പമ്പുകള്‍, പ്രൊപ്പല്ലര്‍ പമ്പുകള്‍, ജെറ്റ് പമ്പുകള്‍ . ഇതില്‍ തന്നെ ജലസ്രോതസില്‍ നിന്നു ജലം എത്തിക്കേണ്ട ഉയരം അടിസ്ഥാനപ്പെടുത്തി വീണ്ടും മൂന്നായി തിരിക്കാം.

1. പത്തു മീറ്ററില്‍ താഴെ മാത്രം ജലം ഉയര്‍ത്തുന്ന പമ്പുസെറ്റുകള്‍.
2. പത്തു മുതല്‍ 25 മീറ്റര്‍ വരെ ജലം ഉയര്‍ത്തുന്ന പമ്പുസെറ്റുകള്‍.
3. 25 മീറ്റര്‍ മുതല്‍ മുകളിലേക്കു ജലം എത്തിക്കേണ്ട പമ്പുസെറ്റുകള്‍.

സ്ഥല വിസ്തൃതി അടിസ്ഥാനപ്പെടുത്തി പമ്പുസെറ്റുകളെ വീണ്ടും തരംതിരിക്കാവുന്നതാണ്.

1. ഒരേക്കറില്‍ താഴെ മാത്രം ജലസേചനത്തിനുള്ള പമ്പുസെറ്റുകള്‍.
2. ഒന്നു മുതല്‍ അഞ്ചേക്കര്‍ വരെ ജലസേചനത്തിനുള്ളവ.
3. അഞ്ചേക്കറിനു മുകളില്‍ ജലസേചനം നടത്തുമ്പോള്‍ തെരഞ്ഞെടുക്കേണ്ടവ.

ഒരേക്കര്‍ കൃഷിസ്ഥലത്തെ പമ്പ്

ഒരേക്കര്‍ കൃഷിസ്ഥലമുളളതും ജലസ്രോതസിന്റെ സ്ഥിര ജലനിരപ്പ് ഭൂ നിരപ്പില്‍ നിന്നു താഴേക്ക് ഏഴു മീറ്ററും, ഭൂനിരപ്പില്‍ നിന്നു മുകളിലേക്ക് 10 മീറ്റര്‍ വരെയുമായാല്‍ (ആകെ 7+ 10 = 17 മീറ്റര്‍) 1.5 കുതിരശക്തിയുള്ള സിംഗിള്‍ ഫേസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അപകേന്ദ്ര പമ്പ് മതിയാകും. ഇത്തരം പമ്പുകള്‍ കിണറുകളുടെ കരയില്‍ നിരപ്പായ തറയില്‍ സ്ഥാപിക്കാം. പമ്പും, മോട്ടോറും മഴ നനയാത്ത രീതിയില്‍ സംരക്ഷിക്കണമെന്നു മാത്രം. കിണറിനുള്ളില്‍ നി ന്നു ഭൂനിരപ്പിലേക്കു ജലം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന കുഴലിന്റെ നീളം 7.5 മീറ്ററില്‍ കൂടാന്‍ പാടില്ലെന്ന താണ് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേ ണ്ട കാര്യം.

ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ ഇത്തരം പമ്പു സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പമ്പ് സെറ്റ് (മോട്ടറും പമ്പും ചേര്‍ന്നത്), സ്റ്റാര്‍ട്ടര്‍ സ്വിച്ച്, സക്ഷന്‍ പൈപ്പ്, ഫുട്ട് വാല്‍വ്, ഡെ ലിവറി പൈപ്പ് - എന്നിവയാണ്. കൂ ടാതെ ചില അവസരങ്ങളില്‍ സംഭരണ ടാങ്കും മറ്റു ജലസേചന ഉപാധികളും ഫെര്‍ട്ടിഗേഷന്‍ സംവിധാനങ്ങളും ഇതില്‍പ്പെടും. പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്ന ജലസ്രോതസുകള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ ദിവസവും കുറഞ്ഞത് 5000 ലിറ്ററെങ്കിലും ജലം ലഭ്യമാക്കാന്‍ ശേഷിയുണ്ടാകണം. കൂടാ തെ ദിവസവും ഒരു പ്രാവശ്യം കൊ ണ്ടു പമ്പിംഗ് പൂര്‍ത്തിയാക്കാതെ രണ്ടോ, മൂന്നോ തവണയായി പമ്പിംഗ് നടത്തിയാല്‍ കിണറുകളില്‍ വെള്ളം ഊറി നിറയാനുള്ള അവസരമുണ്ടാകും. എന്നാല്‍ ടെറസിലും വീട്ടുമുറ്റത്തും മാത്രം ഒതുങ്ങി നില്‍ക്കുന്ന 10 സെന്റില്‍ താഴെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 0.5 കുതിരശക്തിയുള്ള 'മിനി' പമ്പുസെറ്റുകള്‍ മതിയാകും. വീട്ടുവളപ്പില്‍ ഇത്തരം ജലസേചനത്തിനു കണിക ജലസേചനമോ, മൈക്രോസ്പ്രിംഗ്‌ളര്‍ രീതികളോ തെരഞ്ഞെടുക്കാം.

ഒരേക്കറിനു മുകളിലെ പമ്പ്


കൃഷിസ്ഥല വിസ്തൃതി ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെയാണെങ്കില്‍ രണ്ടു മുതല്‍ ഏഴു വരെ കുതിരശക്തി യുള്ള പമ്പുസെറ്റുകള്‍ വേണ്ടി വരും. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ രണ്ടു പമ്പുസെറ്റുകള്‍ സ്ഥാപിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മാറി മാറി പ്രവര്‍ത്തിപ്പിക്കുന്ന രീതി യും അനുവര്‍ത്തിക്കാവുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കു കൂടുതലായി ജലം വേണ്ടിവരുമ്പോള്‍ ജലലഭ്യത കൂടുതലുള്ള കിണറുകളെ യോ, കുളങ്ങളെയോ ആശ്രയിക്കേണ്ടി വരും. ജലസ്രോതസില്‍ നിന്നു കൃഷിയിടം വരെയുള്ള ഉയരം 18 മീറ്റര്‍ വരെയാണെങ്കില്‍ ഒരു ഇമ്പല്ലര്‍ മാത്രമുള്ള അപകേന്ദ്ര പമ്പു മതിയാകും. എന്നാ ല്‍ സക്ഷന്‍ ഉയരം 7.5 മീറ്ററും ഡെലിവറി ഉയരം 20 മീറ്ററുമാണെങ്കില്‍ പ്ര ത്യേക തരം ഇമ്പല്ലറോടു കൂടിയ അപകേന്ദ്ര പമ്പുകളാണു വേണ്ടത്.

20 മീറ്ററില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു ജലം എത്തിക്കേണ്ടി വരുമ്പോള്‍ ഒന്നിലധികം ഇമ്പല്ലറുകളുള്ള സ്റ്റേജ് പമ്പുകള്‍ സ്ഥാപിക്കണം. ഇമ്പല്ലറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജലം ഉയര്‍ ത്താനുള്ള പമ്പിന്റെ ശേഷിയും പമ്പിന്റെ കുതിരശക്തിയും കൂടുന്നു. രണ്ടു കുതിരശക്തിക്കു മുകളില്‍ വരുന്ന പമ്പുസെറ്റുകള്‍ക്ക് മൂന്നു ഫേസ് വൈദ്യുതിയും അനുബന്ധ ക ണക്ഷനുകളും ആവശ്യമാണ്. മേല്‍ പ്പറഞ്ഞ രണ്ടു വിഭാഗം പമ്പുസെറ്റുകളിലും മോട്ടറും പമ്പും ഭൂനിരപ്പിലോ, കിണറിനുള്ളില്‍ വെള്ളത്തിനു മുകളില്‍ അനുയോജ്യമായ ഉറപ്പുള്ള പ്രതലങ്ങളിലോ ആണ് സ്ഥാപിക്കുന്നത്.

എന്നാല്‍ എളുപ്പത്തില്‍ സ്ഥാപിക്കാവുന്നതും വെളളത്തില്‍ പൂര്‍ണമായും മുങ്ങിയിരിക്കത്തക്ക വിധത്തി ലുമുള്ള സബ്‌മേര്‍സിബിള്‍ പമ്പുസെറ്റുകളും വിവിധ പമ്പുസെറ്റ് നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. വെള്ളം കടക്കാത്ത വിധം പ്രത്യേക ലോഹ കവചങ്ങള്‍ക്കുള്ളിലാണ് ഈ പമ്പു സെറ്റു സ്ഥിതി ചെയ്യുന്നത്. അര കുതി ര ശക്തി മുതല്‍ മുകളിലേക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്ന ഇത്തരം പമ്പു സെറ്റുകള്‍ക്കു പൊതു വെ ഉയര്‍ന്ന വില നല്‍കേണ്ടി വരും. സബ്‌മെഴ്‌സിബിള്‍ പമ്പുസെറ്റുകള്‍ ക്കു മറ്റു പമ്പുസെറ്റുകളെ അപേക്ഷിച്ച് പ്രവര്‍ത്തന ആയുസ് കുറവാണ്.

അഞ്ചേക്കറിനു മുകളില്‍

അഞ്ചേക്കറിനു മുകളില്‍ വരുന്ന കൃഷി സ്ഥലങ്ങളില്‍ ശക്തി കൂടിയ പമ്പുസെറ്റുകളാണു വേണ്ടത്. ഇവിടെ ജലസേചനത്തിനു വേണ്ടി കുളങ്ങളെയോ, തോട്, പുഴ എന്നീ പൊതു ജല സ്രോതസുകളേയോ ആശ്രയിക്കുന്നതാണ് ഉചിതം. കൃഷി സ്ഥലങ്ങളില്‍ സ്പ്രിംഗ്‌ളര്‍ ജലസേചന രീതിയാണു നടപ്പാക്കുന്നതെങ്കില്‍ ജലസേചനത്തിനാവശ്യമായ പൈപ്പുലൈനും സ്പ്രിംഗ്‌ളര്‍ സംയോജന സംവിധാനങ്ങളും മണ്ണിനടിയില്‍ സ്ഥാപിച്ചാല്‍ ജലസേചനം എളുപ്പമാക്കാം. കണിക ജലസേചനം നടപ്പാക്കുന്ന അവസരങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകളില്‍ ജലം ശേഖരിച്ച് അവിടെ നിന്നു ജലസേചനം നടത്താം.

ജലസേചനം വിളകളുടെ തരമനുസരിച്ച്

അഞ്ചേക്കറിനു മുകളില്‍ ജലസേചനം നടത്തേണ്ട അവസരത്തില്‍ കൃഷി സ്ഥലം പല മേഖലകളായി തിരിച്ച് ഘട്ടം ഘട്ടമായി ജലസേചനം നടത്താവുന്നതാണ്. ഇവിടെയും വിളകളുടെ തരമനുസരിച്ചു വേണം ജലസേചന രീതി വിഭാവനം ചെയ്യേണ്ടത്. പുല്‍കൃഷിക്കു വേണ്ട രീതിയായിരിക്കില്ല പൂ കൃഷിക്കു വേണ്ടതെന്നു മനസിലാക്കുക. കണിക ജലസേചനം അഥവാ തുളളിനന തെങ്ങിനും, പഴവര്‍ഗ വിളകള്‍ക്കും, പച്ചക്കറികള്‍ക്കും കൃത്യമായ അകലം പാലിച്ച് നട്ടുപിടിപ്പിച്ചിട്ടുള്ള വിളകള്‍ക്കും അനുയോജ്യമാണ്. എന്നാല്‍ ചീര പോലുള്ള ഇലക്കറികള്‍ക്ക് മൈക്രോ സ്പ്രിംഗ്‌ളര്‍ ജലസേചനമാണ് ഉചിതം.

കാലിത്തീറ്റ വിളകള്‍ക്കും, പുല്‍കൃഷിക്കും ശക്തി കൂടിയ സ്പ്രിംഗ്‌ളര്‍ തെരഞ്ഞെടുക്കാം. വിശാലമായ കൃഷിയിടങ്ങളില്‍ ജലസേചനം നടപ്പാക്കുമ്പോഴും പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുമ്പോഴും സ്ഥലത്തിന്റെ കൃത്യമായ അളവ്, കാര്‍ഷിക വിളകള്‍ക്കു വേണ്ട സ്ഥലലഭ്യത എന്നിവ മുന്‍കൂട്ടി തയാറാക്കണം. നടപ്പാത, ജലസേചന പൈപ്പുലൈന്‍ എന്നിവയുടെ സ്ഥാനം മുന്‍കൂട്ടി തിട്ടപ്പെടുത്തി കൃത്യമായ ലേഔട്ട് തയാറാക്കണം. തുടര്‍ന്ന് ജലസേചനത്തിന് ആവശ്യമായ ജലത്തിന്റെ അളവ് ജലസ്രോതസിലെ ജലലഭ്യത എന്നിവ മനസിലാക്കി അനുയോജ്യമായ പമ്പുസെറ്റുകള്‍ തെരഞ്ഞെടുക്കുക. വേനല്‍ക്കാലങ്ങളില്‍ പരമാവധി ലഭ്യമാകുന്ന വെള്ളത്തിന്റെ അളവ് നോക്കിയാകണം പമ്പുസെറ്റ് തെരഞ്ഞെടുക്കാനും ജലസേചന പദ്ധതികളുടെ റിപ്പോര്‍ട്ട് തയാറാക്കാനും.

ഓരോ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ നിരവധി പമ്പുസെറ്റുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും കൃത്യമായ ജലസേചന - ജലവിനിയോഗ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പമ്പുസെറ്റുകളുടെ തെരഞ്ഞെടുപ്പ് നടത്താന്‍.

കൃത്യമായ തെരഞ്ഞെടുക്കലിനും, കുറ്റമറ്റ രീതിയില്‍ സ്ഥാപിക്കുന്നതിനും കാര്‍ഷിക എന്‍ജിനീയര്‍മാരുടെ സേവനം തേടാവുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ശരിയായ പമ്പുസെറ്റുകള്‍ സ്ഥാപിച്ചാല്‍ അനാവശ്യമായ സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

കെ.എസ്. ഉദയകുമാര്‍
അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയര്‍, കെഎല്‍ഡി ബോര്‍ഡ്, പട്ടം, തിരുവനന്തപുരം
ഫോണ്‍: -94474 52227.